16 April Tuesday
നഷ്‌ടപരിഹാര വിതരണം പൂർത്തിയാകുന്നു

ദേശീയപാത വികസനം: 3034 കോടി നൽകി

സ്വന്തം ലേഖകൻUpdated: Wednesday Feb 8, 2023

ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ മേൽപ്പാല നിർമാണം പുരോഗമിക്കുന്നു

 

ആലപ്പുഴ
ദേശീയപാത 66 വികസനത്തിന്‌ ഭൂമിയേറ്റെടുക്കലിന്റെ നഷ്‌ടപരിഹാര വിതരണം പൂർത്തിയാകുന്നു. ആകെ 3180.53 കോടി രൂപയാണ് നഷ്‌ടപരിഹാരത്തുകയായി അനുവദിച്ചത്. ഇതിൽ 3034 കോടി രൂപ വിതരണംചെയ്‌തു. 95 ശതമാനത്തോളം പൂർത്തിയായി. ആറുവരിയാക്കുന്ന പ്രവൃത്തിയിൽ സ്ഥലമേറ്റെടുത്ത്‌ എൽഡിഎഫ്‌ സർക്കാർ നൽകിയത്‌ അതിവേഗമായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയധികം തുക വിതരണംചെയ്‌ത്‌ ഭൂമിയേറ്റെടുക്കുന്നത്‌ ആദ്യമാണ്‌. പരാതിരഹിതമായി ഭൂമിയേറ്റെടുത്തതും പിണറായി സർക്കാരിന്റെ നേട്ടമാണ്‌. നഷ്‌ടപരിഹാരം നിശ്ചയിച്ചതിൽ അപാകതയുണ്ടെന്ന്‌ കണ്ടെത്തിയവർക്കാണ്‌ ഇപ്പോൾ തുക നൽകുന്നത്‌. വികസനത്തിന്റെ മൂന്ന്‌ റീച്ചുകളിലെ ഒന്നിൽ മുഴുവൻ നഷ്‌ടപരിഹാരത്തുകയും നൽകി. 
ജില്ലയിലെ 31 വില്ലേജിലായി 81 കിലോമീറ്റർ ദൂരത്തിലാണ് ആറുവരിയാക്കുന്നത്‌. ഏറ്റെടുക്കേണ്ട 106.14 ഹെക്‌ടറിൽ 102.09 ഹെക്‌ടർ ഏറ്റെടുത്തു. തുറവൂർ–-പറവൂർ, പറവൂർ–-കായംകുളം കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര–-ഓച്ചിറ എന്നീ റീച്ചുകളായാണ്‌ വികസനം. കൊറ്റുകുളങ്ങര–ഓച്ചിറ റീച്ചിലെ- ജില്ലയിലെ ഭൂമിയുടെ നഷ്‌ടപരിഹാരമാണ്‌ പൂർത്തിയാക്കിയത്‌. തുറവൂർ–-പറവൂർ ഭാഗത്തേക്ക്‌ 1179.91 കോടിയാണ്‌ അനുവദിച്ചത്‌. 1174.34 കോടി നൽകി –- 99.9 ശതമാനം. പറവൂർ–- കൊറ്റുകുളങ്ങര ഭാഗത്തേക്ക്‌ അനുവദിച്ച 1788 കോടിയിൽ 1642 കോടി വിതരണം ചെയ്‌തു. നൽകിയത്‌ 92 ശതമാനം. കൊറ്റുകുളങ്ങര –- ഓച്ചിറയ്‌ക്ക്‌ അനുവദിച്ച 217.97 കോടിയും നൽകി. 

അധിക നഷ്‌ടപരിഹാര വിതരണം

ആലപ്പുഴ
കെട്ടിടങ്ങളും മതിലുകളും ഉൾപ്പെടെ നിർമിതികളുടെ നഷ്‌ടപരിഹാരം നിശ്ചയിച്ചതിൽ അപാകതയുണ്ടായിരുന്നു. ഇതുസംബന്ധിച്ച പരാതികൾ ദേശീയപാത അതോറിറ്റിയും പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാത വിഭാഗവും പരിശോധിച്ചിരുന്നു. അമ്പലപ്പുഴ, പുറക്കാട് ഒഴികെ വില്ലേജുകളിൽ സംയുക്ത പരിശോധനയുടെ റിപ്പോർട്ടുപ്രകാരം നഷ്‌ടപരിഹാരം നൽകാൻ അനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച്‌ അധിക നഷ്‌ടപരിഹാര വിതരണമാണ്‌ പുരോഗമിക്കുന്നത്‌. അമ്പലപ്പുഴ, പുറക്കാടുകാർക്കും ഉടൻ നൽകും. 
   തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉൾപ്പെടെ തർക്കഭൂമിയിലെ നഷ്‌ടപരിഹാര വിതരണമായിട്ടില്ല. ഇതടക്കം ജില്ലയിലെ 71 നിർമിതികളാണ്  പൊളിച്ചുമാറ്റാനുള്ളത്. നഷ്‌ടപരിഹാരം കൈമാറിയിട്ടേ കെട്ടിടങ്ങൾ പൊളിക്കാവൂവെന്ന കോടതിവിധിയുള്ള ഭൂമിയാണ്‌ ഏറ്റെടുക്കാനുള്ളത്‌. ആദ്യഘട്ട വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത 3.94 ഹെക്‌ടർ ഭൂമികൂടി ഏറ്റെടുക്കാനുണ്ട്‌. 
   ഇവയുടെ സർവേ നമ്പരുകൾ ഉൾപ്പെടുത്തിയ പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top