16 September Tuesday
ചങ്ങനാശേരി കൊലപാതകം

കൂട്ടുപ്രതികളായ 3 പേര്‍കൂടി അറസ്‍റ്റില്‍

സ്വന്തം ലേഖകൻUpdated: Friday Oct 7, 2022

പിടിയിലായ വിപിന്‍ ബൈജു, ബിനോയ് മാത്യു, വരുണ്‍ പി സണ്ണി

 
ചങ്ങനാശേരി
എസി കോളനിയിൽ പൂവംകടത്ത് പാലത്തിനുസമീപം ആര്യാട്‌ കിഴക്കേവെളിയിൽ ബിന്ദുകുമാറിനെ (ബിന്ദുമോനെ –-45 ) കൊന്ന്‌ കുഴിച്ചുമൂടി കോൺക്രീറ്റിട്ട്‌ മൂടിയ കേസിലെ പ്രധാന പ്രതി മുത്തുകുമാറിന്റെ കൂട്ടാളികളായ മൂന്നു പ്രതികളെക്കൂടി പ്രത്യേക പൊലീസ് സംഘം പിടികൂടി.
ളാക്കാട്ടൂരിൽ മാടത്താനി വീട്ടിൽ വാടകയ്‌ക്ക്‌ താമസിക്കുന്ന വിജയപുരം ചെമ്മരപള്ളി പുളിമൂട്ടിൽ വീട്ടിൽ വിപിൻ ബൈജു(24),  ചെമ്മരപള്ളി വിജയപുരം പറത്തുപറമ്പിൽ ബിനോയ് മാത്യു(27) എന്നിവരെ കോയമ്പത്തൂരിൽനിന്നും നാലാംപ്രതിയായ  ചെമ്മരപള്ളി പൂശാരുപറമ്പിൽ വരുൺ പി സണ്ണിയെ മാങ്ങാനത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ബിന്ദുവിന് പ്രധാന പ്രതി മുത്തുകുമാറിന്റെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നുവെന്ന സംശയമാണ്  കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു. മുത്തുകുമാറിന്റെ ഭാര്യ പണം അയയ്‌ക്കുന്നതും പ്രതിയുടെ ശത്രുത വർധിപ്പിച്ചു. ഇതോടെ  ബിന്ദുകുമാറിനെ കൊലപ്പെടുത്താൻ തീരുമാനിച്ചെന്നും പ്രതി പൊലീസിനോട് സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി പി കാർത്തിക് പറഞ്ഞു. 
രണ്ടും മൂന്നും പ്രതികൾ കോയമ്പത്തൂരിൽ ഉണ്ടെന്ന്‌ പ്രധാന പ്രതിയിൽനിന്നും ലഭിച്ച വിവരത്തെ തുടർന്ന് ചങ്ങനാശേരി സിഐ റിച്ചാർഡ് വർഗീസ്, എസ്‌ഐ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം  എത്തി ഇവരെ കുരുക്കുകയായിരുന്നു. മൂന്ന് പ്രതികൾക്കും മുഖ്യപ്രതി മുത്തുകുമാറുമായി വളരെ അടുത്ത സൗഹൃദമുള്ളതായും പൊലീസ്‌ മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി നാലു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകും.    
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top