20 April Saturday

മോഷ്‌ടിച്ച ബൈക്കില്‍ കറങ്ങി 
മാലമോഷണം: പ്രതി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

കോയാമോൻ

മാവേലിക്കര
ഒഎൽഎക്‌സിൽ പരസ്യം നൽകിയ ബൈക്കിന്റെ നമ്പർ മോഷ്‌ടിച്ച ബൈക്കിൽ പതിപ്പിച്ച് മോഷണം നടത്തിവന്ന പ്രതി പിടിയിൽ. വണ്ടാനം കാട്ടുമ്പുറംവെളി വീട്ടിൽ കോയാമോൻ (ഫിറോസ് – --36) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ 30ന് വൈകിട്ട് നടക്കാനിറങ്ങിയ ചെട്ടികുളങ്ങര ഈരേഴ വടക്ക് സ്വദേശിനി ഗീതാകുമാരിയുടെ ഏഴ്‌ പവന്റെ സ്വർണമാല നെയ്യാത്തുമുക്കിന്‌ സമീപം ബൈക്കിലെത്തി പൊട്ടിച്ചെടുത്തു കടന്ന സംഭവത്തിലാണ് അറസ്‌റ്റ്‌.
മാല നഷ്‌ടപ്പെട്ട വീട്ടമ്മയിൽനിന്ന്‌ ലഭിച്ച വിവരങ്ങളും സമീപങ്ങളിലെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. അടൂർ രജിസ്‌ട്രേഷനിലുള്ള വാഹനം ഏനാദിമംഗലം മാവൂർ സ്വദേശിയുടേതായിരുന്നു. ഇയാൾ ഇത് മറ്റൊരാൾക്ക് വിറ്റു. വാങ്ങിയ ആൾ ഓണർഷിപ് മാറ്റാതെ വിൽക്കാൻ ഒഎൽഎക്‌സിൽ പരസ്യം നൽകി. പരസ്യം കണ്ട മോഷ്‌ടാവ്, ഈ ബൈക്കിന്റെ നമ്പർ താൻ മോഷ്‌ടിച്ച ബൈക്കിൽ പതിപ്പിച്ച് മോഷണങ്ങൾ നടത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ മാന്നാർ പരുമലകടവിന് സമീപത്തെ ലോഡ്‌ജിൽ താമസിച്ച് ബൈക്കിൽകറങ്ങി നടന്ന് മോഷണം നടത്തിവന്ന കോയാമോനെ ബുധൻ രാത്രി പൊലീസ് കസ്‌റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ മോഷണ പരമ്പരയുടെ ചുരുളഴിഞ്ഞു. ആലപ്പുഴ, കൊല്ലം ജില്ലകളിൽ മൂന്നുവർഷമായി തെളിയാതിരുന്ന മുപ്പതോളം മാലമോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്.
മോഷ്‌ടിച്ച സ്വർണം വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ രീതി. ഇയാളുടെ കൈയിൽനിന്ന്‌ അടൂർ സ്വദേശിനിയുടെ മാലയുടെ പൊട്ടിയ ഭാഗവും മോഷ്‌ടിച്ച ബൈക്കും സ്വർണം വിറ്റുകിട്ടിയ 1.28 ലക്ഷം രൂപയും കണ്ടെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.  
 ചെങ്ങന്നൂർ ഡിവൈഎസ്‌പി ഡോ. ആർ ജോസിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. മാവേലിക്കര സിഐ സി ശ്രീജിത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷകസംഘം കേസ് രജിസ്‌റ്റർ ചെയ്‌ത്‌ ദിവസങ്ങൾക്കുള്ളിലാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top