17 September Wednesday
ബിജെപി ഗ്രൂപ്പ്‌ പിടിക്കാൻ പമ്പും ഗ്യാസ്‌ ഏജൻസിയും

ജാവദേക്കറിന്റേത്‌ അനാവശ്യ ഇടപെടലെന്ന്‌ വിമർശനം

സ്വന്തം ലേഖകൻUpdated: Tuesday Feb 7, 2023
ആലപ്പുഴ 
സംസ്ഥാനത്ത്‌ ബിജെപിയുടെ പ്രഭാരി ചുമതല വഹിക്കുന്ന പ്രകാശ്‌ ജാവദേക്കർ അനാവശ്യമായി ഇടപെടുന്നുവെന്നും കെ സുരേന്ദ്രനെ സംരക്ഷിക്കുക മാത്രമാണ്‌ ഇദ്ദേഹത്തിന്റെ ചുമതലയെന്നും ബിജെപി ആലപ്പുഴ ജില്ലാകമ്മിറ്റി യോഗത്തിൽ വിമർശം. 
ആലപ്പുഴയിൽ കഴിഞ്ഞ ജില്ലാ നേതൃയോഗത്തിലാണ്‌ കയ്യാലപ്പുറത്തായിരുന്ന സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡണ്ടായി തുടരുമെന്ന്‌ പ്രകാശ്‌ ജാവദേക്കർ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്‌. പ്രഖ്യാപനത്തിന്‌ പി കെ കൃഷ്‌ണദാസ്‌പക്ഷത്തെ ചിലരുടെ പിന്തുണ കിട്ടിയതിനെത്തുടർന്ന്‌ ജില്ല പിടിക്കാൻ കെ സുരേന്ദ്രൻ പക്ഷം നീക്കം ശക്തമാക്കിയിരുന്നു.  
കൃഷ്‌ണദാസ്‌ പക്ഷത്തെ അടർത്താൻ പെട്രോൾ പമ്പും ഗ്യാസ്‌ ഏജൻസിയും പണവും വാഗ്‌ദാനംചെയ്യുന്നുവെന്നും ആരോപണമുണ്ട്‌. സുരേന്ദ്രൻ പക്ഷത്തെ ജില്ലയിലെ ശക്തനായ എൽ പി ജയചന്ദ്രനെ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ നീക്കി ജില്ലാ പ്രസിഡന്റ്‌ എം വി ഗോപകുമാറിന്റെ നേതൃത്വത്തിൽ പി കെ കൃഷ്‌ണദാസ്‌ പക്ഷം തിരിച്ചടിച്ചു. അമ്പലപ്പുഴയിലുള്ള അരുൺ അനിരുദ്ധൻ എന്നയാളെയാണ്‌ ജില്ലാ ജനറൽ സെക്രട്ടറിയാക്കിയത്‌. 
ഇതിനിടെ ചെങ്ങന്നൂരിലെ മുൻ മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന സതീഷ്‌ ജില്ലാ പ്രസിഡന്റ്‌ എം വി ഗോപകുമാറിനെതിരെ ഉയർത്തിയ സാമ്പത്തികതട്ടിപ്പ്‌ ആരോപണവും പാണ്ടനാട്‌ മുതുവഴി കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം മോഷണക്കേസും ഉയർത്തി തിരിച്ചടിക്കാണ്‌ സുരേന്ദ്രൻപക്ഷം ശ്രമിച്ചത്‌. 
എന്നാൽ സുരേന്ദ്രന്‌ സംസ്ഥാന പ്രസിഡന്റ്‌ പദവിയിൽ സമയം നീട്ടിക്കൊടുത്തെങ്കിലും സംഘടനാപ്രവർത്തനങ്ങളെല്ലാം പ്രഭാരി പ്രകാശ്‌ ജാവദേക്കർ നേരിട്ടാണ്‌ നടത്തുന്നത്‌. സുരേന്ദ്രനെ വിശ്വാസത്തിലെടുക്കാൻ കേന്ദ്രനേതൃത്വം തയാറായിട്ടില്ല. സംസ്ഥാന കമ്മിറ്റിക്കുശേഷം സാധാരണയായി യോഗതീരുമാനം സംസ്ഥാന പ്രസിഡന്റാണ്‌ അറിയിക്കാറുള്ളതെങ്കിലും ഇക്കുറി പ്രകാശ്‌ ജാവദേക്കറാണ്‌ പരിപാടികൾ വിശദീകരിച്ചത്‌. സുരേന്ദ്രൻ മറ്റൊരു വാർത്താസമ്മേളനം വിളിച്ചാണ്‌ മാധ്യമങ്ങളുടെ മുന്നിലെത്തിയത്‌. 
ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കടിഞ്ഞാൺ പ്രകാശ്‌ ജാവദേക്കറിന്റെ കൈയിലാണിപ്പോൾ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top