25 April Thursday

അഖിൽ, അകക്കണ്ണിലിനിയും അക്ഷരം തിളങ്ങട്ടെ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

അഖിലിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അനുമോദിക്കുന്നു

ആലപ്പുഴ
ജന്മനാ കാഴ്‍ചയില്ലാത്ത അഖിൽ അക്ഷരങ്ങളെയും അറിവിനെയും മാറോട് ചേർത്തു. ഒടുവിൽ പ്രതിസന്ധികളെ അതിജീവിച്ച്‌ ബിഎഡ് പഠനത്തിനും അവസരമൊരുങ്ങി. സഹായവുമായെത്തിയത്‌ ജില്ലാ സാമൂഹ്യനീതി വകുപ്പ്‌.
ചേർത്തല ചക്കരക്കുളം വാഴപ്പള്ളിയിൽ സുധികുമാറിന്റെയും മായയുടെയും മകനാണ്‌ അഖിൽ. എംഎ ഹിസ്റ്ററി പൂർത്തിയാക്കി പൂച്ചാക്കൽ എസ്എൻ ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജിൽ ബിഎഡിന്‌ അപേക്ഷിച്ചു. അലോട്ട്‌മെന്റ്‌ കിട്ടാത്തത്‌ അന്വേഷിച്ചപ്പോഴാണ് അൺഎയ്ഡഡ് കോഴ്‌സ്‌ ആയതിനാൽ ഭിന്നശേഷിക്കാർക്ക്‌ റിസർവേഷനില്ലെന്ന് അറിഞ്ഞത്.
  ആര്യാട് കോളേജിൽ റിസർവേഷനുണ്ടെങ്കിലും അഖിലിന്റെ വിഷയമായ സോഷ്യൽ സയൻസ് ഇല്ല. നെടുങ്കണ്ടം, തിരുവനന്തപുരം എന്നിവിടങ്ങളിൽ അഡ്മിഷന് സാധ്യത തെളിഞ്ഞെങ്കിലും ഒറ്റയ്‍ക്കുള്ള താമസവും മറ്റും പ്രയാസമായി.
ഇതോടെ അമ്മ മായ ജില്ലാ സാമൂഹ്യനീതി ഓഫീസർ എ ഒ അബീനിനെ സമീപിച്ചു. അബീൻ അഖിലിനും അമ്മയ്‍ക്കും സംസ്ഥാന ഭിന്നശേഷി കമീഷണർ എസ് എച്ച് പഞ്ചാപകേശനെ കാണാൻ അവസരമൊരുക്കി. കമീഷണർ കേരള സർവകലാശാല രജിസ്ട്രാറെ കാണാൻ സഹായിച്ചു. അഖിലിന്‌ പ്രത്യേക പരിഗണന നൽകി പൂച്ചാക്കൽ കോളേജിൽ തന്നെ അഡ്മിഷൻ ശരിയാക്കി. അന്ധതയെ തോൽപ്പിച്ച്‌ അറിവിന്റെ വെളിച്ചംതേടിയുള്ള യാത്രയിലെ ഈ നേട്ടം അമ്മ മായയുടെ നിശ്ചയദാർഢ്യത്തിന്റെയും വിജയമാണ്‌. 
കോട്ടയം ഒളശ അന്ധവിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ പഠിച്ച അഖിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം ചേർത്തല ഹോളിഫാമിലി സ്‌കൂളിൽ പൂർത്തിയാക്കി. തണ്ണീർമുക്കം ഗവ. എച്ച്എസ്എസിൽ പ്ലസ്ടു. കഞ്ഞിക്കുഴി എസ്എൻ കോളേജിൽ ബിഎ ഹിസ്റ്ററിയും കാലടി സർവകലാശാലയുടെ തുറവൂരുള്ള ശാഖയിൽ എംഎ ഹിസ്റ്ററിയും പഠിച്ചു. ഭിന്നശേഷി ദിനത്തിൽ സാമൂഹ്യനീതി വകുപ്പ് ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top