28 March Thursday
പെരുമ്പളം പാലം

പരിഹസിച്ചവരെ ഞെട്ടിച്ച്‌ നിർമാണവേഗം

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

നിർമാണം പുരോഗമിക്കുന്ന പെരുമ്പളം പാലം ദലീമ എംഎൽഎ സന്ദർശിക്കുന്നു

ചേർത്തല
സംശയാലുക്കളെ അമ്പരപ്പിച്ചാണ്‌ സംസ്ഥാനത്തെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ പെരുമ്പളം പാലത്തിന്റെ നിർമാണം. 2021 ജനുവരി എട്ടിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തതിന്‌ പിന്നാലെ പാലംപണി തറക്കല്ലിൽ ഒതുങ്ങുമെന്ന്‌ പരിഹാസത്തോടെ പ്രചരിപ്പിച്ചവരും കൺകുളിർക്കെയാണ്‌ വേമ്പനാട്‌ കായലിന്‌ കുറുകെ അതിവേഗം ഉയരുന്ന പാലം കാണുന്നത്‌.
കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ ചേർത്തല താലൂക്കിന്റെ വടക്കൻമേഖലയുമായി ബന്ധിപ്പിക്കുന്നതാണ്‌ 1110 മീറ്റർ നീളത്തിലെ പാലം. രണ്ടുവരി പാതയോടെയുള്ള പാലത്തിന്‌ 11 മീറ്ററാകും വീതി. ദേശീയ ജലപാത കടന്നുപോകുന്നയിടത്ത്‌ മൂന്ന്‌ സ്‌പാനുകൾ ബോസ്‌ട്രിങ്‌ മാതൃകയിലാണ്‌ നിർമിക്കുക. കായലിൽ ആവശ്യമായ 148 തൂണുകളും ഇതിനകം നിർമിച്ചു. തൂണുകൾക്ക്‌ മുകളിൽ ഗർഡറുകളുടെ നിർമാണം വെള്ളിയാഴ്‌ച തുടങ്ങി. പടിഞ്ഞാറെ കരയോടുചേർന്ന ഭാഗത്താണ്‌ ഗർഡർ നിർമാണം തുടങ്ങിയത്‌. ദലീമ എംഎൽഎ സ്ഥലം സന്ദർശിച്ച്‌ നിർമാണം വിലയിരുത്തി. പൊതുമരാമത്ത്‌ അസി. എക്‌സി. എൻജിനീയർ അരവിന്ദ്, ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, സിപിഐ എം ലോക്കൽ സെക്രട്ടറി വിനു ബാബു എന്നിവർ എംഎൽഎയോടൊപ്പമുണ്ടായിരുന്നു.
അതിസങ്കീർണമായ നിർമാണപ്രവർത്തനം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തേടെയാണ്‌ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റി അതിവേഗം തുടരുന്നത്‌. നിശ്‌ചിതസമയം ജോലി പൂർത്തീകരിക്കുകയാണ്‌ ലക്ഷ്യം. പാലം പൂർത്തിയാകുന്നതോടെ പെരുമ്പളം പഞ്ചായത്തിലെ ജനതയുടെ യാത്രാപ്രശ്‌നത്തിന്‌ പരിഹാരമാകും. നിലവിൽ ജലഗതാഗതവകുപ്പിന്റെ ബോട്ടും പഞ്ചായത്തിന്റെ ജങ്കാറുമാണ്‌ മറുകര കടക്കാൻ ആശ്രയം. യാത്രാസൗകര്യം മികച്ചതാകുന്നതോടെ പെരുമ്പളത്ത്‌ വിനോദസഞ്ചാര മേഖലയിൽ ഉൾപ്പെടെ അനന്തമായ വികസനസാധ്യതയാകും തെളിയുക. കായൽനടുവിലാണെങ്കിലും പ്രകൃതിക്ഷോഭത്തിന്റെ കെടുതികൾ അത്യപൂർവമായ നാടിന്‌ പ്രതീക്ഷയുടെ യാത്രാവഴിയാകും പാലം. താലൂക്കിന്റെ വടക്കൻ മേഖലയ്‌ക്കും പാലം അനുഗ്രഹമാകും.
പെരുമ്പളത്തെ കിഴക്കേ കരയുമായി ബന്ധിപ്പിക്കുന്ന പാലം കൂടി എത്തിയാൽ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ പാതയും ഒരുങ്ങും. ഈ പദ്ധതിയും സർക്കാർ പരിഗണനയിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top