26 April Friday

ഹേ സർപ്പമേ... 
നിനക്കിവിടെ അവകാശമില്ല

ടി ഹരിUpdated: Wednesday Jul 6, 2022

ആര്യാട്‌ ഗവ. സ്‌കൂളിൽ മാവിൻചുവട്ടിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്‌മരണത്തിന്റെ ഭാഗമായി 
‘ഭൂമിയുടെ അവകാശികൾ’ ചെറുകഥ അവതരിപ്പിക്കുന്നു

 
ആലപ്പുഴ
ഹേ സർപ്പമേ... നിനക്കിവിടെ അവകാശമില്ല. എന്റെ സ്വന്തമായ രണ്ടേക്കർ പറമ്പിൽനിന്ന്‌ നീ ക്ഷണത്തിൽ പോകുക. പക്ഷേ എങ്ങോട്ടുപോകും. അടുത്ത പറമ്പുകളിൽ ചെന്നാൽ ഉടമകൾ ഉപദ്രവിക്കില്ലേ. ഭൂഗോളം തന്നെ ഒട്ടനവധി കഷണങ്ങളാക്കി തീറുവാങ്ങിയിരിക്കുകയല്ലേ! അപ്പോൾ പക്ഷിമൃഗാദികൾ എന്തുചെയ്യും. എവിടെപ്പോകും. ഈ മൂർഖൻപാമ്പ്‌ എന്തുചെയ്യും. എവിടെയെങ്കിലും ജീവിക്കട്ടെ. കണ്ടില്ല, കേട്ടില്ല എന്നു വിചാരിക്കാം. അവരും ഭൂമിയുടെ അവകാശികളല്ലേ... 
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 28–-ാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ ‘ഭൂമിയുടെ അവകാശികൾ’ ചെറുകഥയിലെ കഥാപാത്രങ്ങൾ ആര്യാട്‌ ഗവ. സ്‌കൂളിലെ മാവിൻചുവട്ടിൽ വീണ്ടുമെത്തി. നാലാംക്ലാസ്‌ വിദ്യാർഥികളായ മുഹമദ് ജാബിർ, ആദിത്യ, ഗായത്രി ഗോപകുമാർ എന്നിവർ ഭൂമിയുടെ അവകാശികളായി. 
രണ്ടേക്കർ തെങ്ങിൻപറമ്പും അതിലൊരു വീടും സ്വന്തമാക്കിയ കഥാനായകൻ തേങ്ങാ വിൽപ്പനയിലൂടെ സാമ്പത്തികഭദ്രതയും മുള്ളുവേലിയുടെയും ഇരുമ്പു ഗേറ്റിന്റെയും ‘ഷാൻ' എന്ന ഉശിരൻ നായയുടെയും പിൻബലത്തിൽ സുരക്ഷിതത്വവും ഉറപ്പിച്ചിരിക്കുന്ന വേളയിൽ അദ്ദേഹത്തെ അമ്പരപ്പിച്ച്‌ മുദ്രപ്പത്രങ്ങളിലൊന്നും ഒപ്പുവയ്‌ക്കാത്തവരും മുള്ളുവേലികളെ മാനിക്കാത്തവരുമായ "ഒരു കൂട്ടർ’ അധികാരത്തോടെ കടന്നുവരുന്നു. പക്ഷികളും ചിത്രശലഭങ്ങളും തുടങ്ങി ചിതലുകളും എലികളും മൂർഖനും കൊടിയ വിഷമുള്ള കരിന്തേളുകളുമടങ്ങിയ ഇക്കൂട്ടർ യഥാർഥത്തിൽ ഭൂമിയുടെ അവകാശികൾ തന്നെയാണെന്ന്‌ ബഷീർ അനുസ്‌മരണത്തിലൂടെ കുട്ടികളും പറയുന്നു.
 പ്രഥമാധ്യാപിക അർച്ചന ദാസ് പരിപാടികൾ ഉദ്ഘാടനംചെയ്‌തു. അധ്യാപകരായ അന്നമ്മ എബ്രഹാം, ജീന പീറ്റർ, ഷംന, എ സുനിൽ, കലാരഞ്‌ജിനി, രചിന, നീതു, സൈജു, ദേവിക എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top