26 April Friday

പച്ചവിരിച്ച് നാട്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

കഞ്ഞിക്കുഴി സഹകരണബാങ്ക്‌ കാട്ടുവേലിക്കകത്ത് ചന്ദ്രശേഖരപിള്ളയുടെ വീട്ടുമുറ്റത്ത് 
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ മാങ്കോസ്‌റ്റിൻ തൈനട്ടപ്പോൾ

ആലപ്പുഴ
ഭൂമിക്ക്‌ തണലൊരുക്കലടക്കം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി ജില്ലയിൽ പരിസ്ഥിതിദിനം ആചരിച്ചു. വിവിധയിടങ്ങളിൽ ഫലവൃക്ഷത്തൈ വച്ചുപിടിപ്പിക്കൽ, തൈ വിതരണം തുടങ്ങിയവ നടന്നു. 
സ്‌കൂളുകളിൽ വിദ്യാർഥികൾക്ക്‌ പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്നു. വരും തലമുറയ്‌ക്കായി മരങ്ങൾ വച്ചുപിടിപ്പിക്കേണ്ടതിന്റെയും ജലസ്രോതസുകൾ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത വിദാർഥികൾക്ക്‌ പകർന്നുനൽകി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിൽ ശുചീകരണവും നടന്നു. പ്രകൃതിക്ക്‌ ദോഷമായ പ്ലാസ്‌റ്റിക്‌ പലയിടത്തും നീക്കംചെയ്‌തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള എൻജിഒ യൂണിയൻ ജനറൽ ആശുപത്രിയുടെ മുന്നിൽ വൃക്ഷത്തൈ നട്ടു. ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് ഉദ്ഘാടനംചെയ്‌തു. കെ ഇന്ദിര അധ്യക്ഷയായി.  
ഗവ. മുഹമ്മദൻസ് എൽപി സ്‍കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി 1000 ഫലവൃക്ഷത്തൈകൾ വിതരണംചെയ്‌ത്‌ ‘വീട്ടിലൊരു ഫലവൃക്ഷത്തൈ' പദ്ധതിക്ക് തുടക്കമായി. മാതളം, സീതപ്പഴം, നെല്ലി, പേര, ചാമ്പ, പുളി എന്നിവയുടെ തെെകൾ സ്‍കൂൾവളപ്പിലും പൊതുസ്ഥലത്തും കുട്ടികളും രക്ഷിതാക്കളും ചേർന്ന്‌ നട്ട്‌ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനംചെയ്‌തു. കെ കെ ഉല്ലാസ് പരിസ്ഥിതി ദിനസന്ദേശം നൽകി. 
കേരള സർക്കാർ നടപ്പാക്കുന്ന നെറ്റ് സീറോ എമിഷൻ പദ്ധതി ഏറ്റെടുത്ത് ആലപ്പുഴ ഗവ. സർവന്റ്‌സ് കോ–-ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ മുഹമ്മദൻസ് സ്‌കൂൾ അങ്കണത്തിൽ ബാങ്ക് പ്രസിഡന്റ് എൻ അരുൺകുമാർ വൃക്ഷത്തൈ നട്ടു. വൈസ്‌പ്രസിഡന്റ് എസ് പ്രദീപ്‌, സതീഷ് കൃഷ്‌ണ, ആർ ശ്രീകുമാർ, പ്രമോൾ, ജിജോ ജോസഫ് എന്നിവർ പങ്കെടുത്തു. 
ലജ്നത്തുൽ  മുഹമ്മദിയ്യ എൽപി സ്‌കൂളിൽ പരിസ്ഥിതി ദിനാചരണ പരിപാടികൾ സ്‌കൂൾ മാനേജർ എ എം നസീർ ഉദ്ഘാടനംചെയ്‌തു. അഡ്മിനിസ്ട്രേറ്റീവ് അസിസ്‌റ്റന്റ് റാബിയ ബീഗം അധ്യക്ഷയായി. 
കുട്ടനാട് 
എഐവൈഎഫ്‌ പരിസ്ഥിതി ദിനാചരണം ജില്ലാ ഉദ്‌ഘാടനവും  പഠനോപകരണങ്ങളുടെ വിതരണവും കുട്ടനാട് മണ്ഡലത്തിലെ ചമ്പക്കുളം കാരയ്‌ക്കാട് ഗവ. എൽപി സ്‌കൂളിൽ നടന്നു. ഓർമമരം നട്ട്‌ എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ ഉദ്‌ഘാടനംചെയ്‌തു. 
ഫാ. തോമസ് പോരുകര സെൻട്രൽ സ്‌കൂളിൽ പരിസ്ഥിതിദിനാചരണം നടത്തി. പോരുകര കോളേജ് ഓഫ് അഡ്വാൻസ് സ്‌റ്റഡീസിന്റെ പ്രിൻസിപ്പൽ ഫാ. ജോസി കൊല്ലമാലിൽ ഉദ്‌ഘാടനംചെയ്‌തു. സ്‌കൂൾ മാനേജർ ഫാ. ചാക്കോ ആക്കത്തറ അധ്യക്ഷനായി. 
മാവേലിക്കര
കേരള കർഷകസംഘം മാവേലിക്കര ഏരിയ കമ്മിറ്റി ബുദ്ധ ജങ്ഷനിൽ നടന്ന ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ജി ഹരിശങ്കർ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്‌തു. മാവേലിക്കര ഗവ. ഗേൾസ് എച്ച്എസ്എസിലും ഗവ. ബോയ്‌സ് എച്ച്എസ്എസിലും എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ദിനാചരണം ജില്ലാ സെക്രട്ടറി എസ് ശരത് ഉദ്ഘാടനംചെയ്‌തു. ബിആർസിയുടെ ആഭിമുഖ്യത്തിൽ ഓട്ടിസം സെന്ററിൽ നടന്ന പരിസ്ഥിതിദിനാചരണം ബിപിഒ പി പ്രമോദ് ഉദ്ഘാടനംചെയ്‌തു. നഗരസഭയുടെയും മറ്റം സെന്റ് ജോൺസ് എച്ച്എസ്എസ് ഭൂമിത്രസേന ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ‘ബീറ്റ് ദി പ്ലാസ്‌റ്റിക് പൊല്യൂഷൻ' എന്ന മുദ്രാവാക്യമുയർത്തി സൈക്കിൾറാലി സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ കെ വി ശ്രീകുമാർ ഉദ്ഘാടനംചെയ്‌തു. പകൽവീട് ഗ്രന്ഥശാലയിൽ നടന്ന പരിസ്ഥിതിദിനാചരണം കുറത്തികാട് ഗവ. എൽപിജിഎസ് യുകെജി വിദ്യാർഥിനി അവമിക വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്‌തു.
ചാരുംമൂട് 
മേഖലയിലെ സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനാചരണം നടന്നു. ചത്തിയറ ഗവ. എൽപി സ്‌കൂളിൽ എസ്എംസി ചെയർമാൻ ബി വിനോദ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്‌തു. ടീച്ചർ ഇൻ ചാർജ് പി ശ്രീലത പരിസ്ഥിതിദിന സന്ദേശം നൽകി. സിആർസി കോ–-ഓർഡിനേറ്റർ ദീപ സ്‌റ്റാഫ് സെക്രട്ടറി എം ജാബിർ തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതിദിന റാലിക്കുശേഷം പരിസ്ഥിതിദിന പ്രതിജ്ഞയോടെ ദിനാചരണം സമാപിച്ചു. 
ചാരുംമൂട് പ്രസിഡൻസി പബ്ളിക് സ്‌കൂളിൽ താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി വേണു വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്‌തു. സ്‌കൂൾ മാനേജർ കെ സാദിഖ് അലീഖാൻ അധ്യക്ഷനായി. പ്രിൻസിപ്പൽ സിമി ബാബജാൻ പരിസ്ഥിതിദിന സന്ദേശം നൽകി.
നൂറനാട് എവർഷൈൻ ക്ലബ് പരിസ്ഥിതി ഫോറവും സ്‌മൈൽ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന ഹരിതം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് ഉദ്ഘാടനംചെയ്‌തു. ക്ലബ് പ്രസിഡന്റ് ജെ ഹാഷിം അധ്യക്ഷനായി. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകൾക്ക് വൃക്ഷത്തൈകൾ വിതരണംചെയ്‌തു. പഞ്ചായത്തംഗം എൽ സജികുമാർ പരിസ്ഥിതിദിന സന്ദേശം നൽകി.
ചത്തിയറ വിഎച്ച്എസ്എസിൽ പരിസ്ഥിതി ക്ലബ് ചിത്രകാരൻ രാജീവ് കോയിക്കൽ ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് എസ് ഹരികുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽ കെ എൻ അശോക്‌കുമാർ വൃക്ഷത്തെ നട്ടു. പ്രഥമാധ്യാപിക എ കെ ബബിത പരിസ്ഥിതിദിന സന്ദേശം നൽകി.
കറ്റാനം പോപ്പ് പയസ് ഹയർസെക്കൻഡറി സ്‌കൂൾ ഭാരത് സ്‌കൗട്ടിന്റെ ആഭിമുഖ്യത്തിൽ സ്‌കൗട്ട് അംഗങ്ങൾ കറ്റാനം ജങ്ഷനിൽ കോൽക്കളിയിലൂടെ പരിസ്ഥിതി സന്ദേശം നൽകി.
തോണ്ടൻകുളങ്ങര 
തോണ്ടൻകുളങ്ങര റെസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ചാത്തനാട് പൊതുശ്‌മശാനത്തിലും തോണ്ടൻകുളങ്ങര നഗര പ്രാഥമികാരോഗ്യകേന്ദ്രത്തിലും ഫലവൃക്ഷത്തൈ നട്ടു. പ്രസിഡന്റ് കെ ബി സാധുജന്റെ നേതൃത്വത്തിലാണ്‌ തൈകൾ വച്ചുപിടിപ്പിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top