24 April Wednesday
ജലഗതാഗതവകുപ്പ്‌ നടപടി തുടങ്ങി

ടൂറിസംബോട്ടുകളിൽ മിന്നിച്ച്‌ മുന്നേറും

കെ എസ്‌ ഗിരീഷ്‌Updated: Monday Feb 6, 2023

കുട്ടനാടൻ കായൽ കാഴ്ചകൾ ആസ്വദിക്കാൻ ജലഗതാഗതവകുപ്പ് ആരംഭിച്ച സീ കുട്ടനാട് ബോട്ട് സർവീസ്

ആലപ്പുഴ
വലിയ ടിക്കറ്റ്‌ നിരക്കില്ല. മികച്ച സൗകര്യവും. സംസ്ഥാന ജലഗതാഗതവകുപ്പിന്റെ ടൂറിസം ബോട്ടുകളുടെ പ്രത്യേകതയാണിത്‌. സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ കായൽക്കാഴ്‌ച കണ്ട്‌ ജലയാത്ര നടത്താവുന്ന ഇത്തരം പദ്ധതികളാണ്‌ ഇക്കുറിയും സംസ്ഥാന ബജറ്റിൽ ഇടംപിടിച്ചിരിക്കുന്നത്‌. 
ടൂറിസം ബോട്ടുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും നിർദേശമുണ്ട്‌. ഇതിനുള്ള തുക വകയിരുത്തിയതോടെ ടൂറിസം ബോട്ടുകളിൽ മിന്നിച്ച്‌ മുന്നേറാൻ ജലഗതാഗതവകുപ്പ്‌ നടപടി തുടങ്ങി. 
പരിസ്ഥിതിസൗഹൃദവും നിരക്ക്‌ കുറഞ്ഞതുമായ പദ്ധതികളെന്ന എൽഡിഎഫ്‌ നയം ഇക്കുറിയും ബജറ്റ്‌ മുന്നോട്ടു വയ്‌ക്കുന്നു. കൂടുതൽ സൗരോർജ ബോട്ടുകൾ ഓടിക്കും. ഒരു റോ–-റോയ്‌ക്കു കൂടി അനുമതിയുമുണ്ട്‌. അഞ്ചുവർഷംകൊണ്ട്‌ 50 ശതമാനം ബോട്ടുകൾ സൗരോർജത്തിലാക്കുമെന്ന്‌ സർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. ജലഗതാഗതവകുപ്പിന്‌ വകയിരുത്തിയ 24 കോടി രൂപ സൗരോർജ ബോട്ടുകൾ നിർമിക്കാൻ ഉപയോഗിക്കും. പുതിയ ടൂറിസം ബോട്ടുകളും സൗരോർജത്തിലേക്ക്‌ കുതിക്കും. പുതിയ നിർദേശത്തെത്തുടർന്ന്‌ ഒരു സോളാർ ക്രൂയിസർ ഉടനുണ്ടാകും. 
ആലപ്പുഴയിൽ അതിവേഗ എസി ബോട്ട്‌ വേഗ -2, സീ കുട്ടനാട്‌, മുഹമ്മയിലും കണ്ണൂർ പറശിനിക്കടവിലും വാട്ടർ ടാക്‌സി എന്നിവയാണ്‌ നിലവിൽ സഞ്ചാരികൾക്കായി ഓടുന്നത്‌. അഷ്‌ടമുടിക്കായലിന്റെ ഭംഗി നുകരാനാവുന്ന "സീ അഷ്‌ടമുടി' കൊല്ലത്ത്‌ ഉടൻ സർവീസ്‌ ആരംഭിക്കും. സൗരോർജത്തിൽ ഓടുന്ന ഇന്ത്യയിലെ ആദ്യ ടൂറിസം ബോട്ട്‌  ‘ഇന്ദ്ര' മാർച്ച്‌ അവസാനം നീറ്റലിറക്കും. എറണാകുളത്താണ്‌ ഇതിന്റെ സർവീസ്‌. വേഗയുടെ മാതൃകയിലുള്ള രണ്ട്‌ ക്രൂയിസറുകൾ നിർമാണത്തിലാണെന്നും ഇവയും വിനോദസഞ്ചാരികൾക്കായാണ്‌ ഓടിക്കുന്നതെന്നും ജലഗതാഗതവകുപ്പ്‌ ഡയറക്‌ടർ ഷാജി വി നായർ പറഞ്ഞു. 
ജങ്കാർപോലെ യാത്രക്കാർക്കൊപ്പം വാഹനങ്ങളും വഹിക്കുന്നതാണ്‌ റോൾ ഓൺ റോൾ ഓഫ് (റോ–-റോ). രണ്ട്‌ വൈദ്യുത–-സൗരോർജ റോ–-റോയുടെ നിർമാണം തുടങ്ങിയിരുന്നു. രാജ്യത്ത്‌ ആദ്യമാണിത്‌. വൈക്കം–തവണക്കടവ്‌,  വൈപ്പിൻ–-വെല്ലിങ്‌ടൺ ഐലൻഡ്‌ റൂട്ടിലാണ്‌ ഇവ ഓടിക്കുക.  ഈ മാതൃകയിൽ ഒരെണ്ണം കൂടി നിർമിക്കാനാണ്‌ ബജറ്റ്‌ നിർദേശം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top