18 December Thursday

പ്ലസ്‌ടു വിദ്യാർഥിനിയുടെ കൊലപാതകം: പ്രതിക്ക്‌ ഇരട്ട ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023
കൊച്ചി 
പ്ലസ്‌ടു വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം വാൽപ്പാറയിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക്‌ ഇരട്ട ജീവപര്യന്തം. കുമ്പളം സഫർ മൻസിലിൽ സഫർ ഷായെയാണ്‌ (26) എറണാകുളം ജില്ലാ പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്. ജീവിതാവസാനംവരെ ശിക്ഷ അനുഭവിക്കണം. എറണാകുളം കലൂരിൽ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന ദമ്പതികളുടെ മകളാണ്‌ കൊല്ലപ്പെട്ടത്‌.
തെളിവുനശിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾക്ക് അഞ്ചുവർഷംവീതം തടവും 25,000 രൂപവീതം പിഴയും ശിക്ഷവിധിച്ചു. ഇത് അഞ്ചുവർഷം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ഇതിനുശേഷമാണ് ജീവപര്യന്തം ആരംഭിക്കുകയെന്നും കോടതി പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകം, പീഡനം, തെളിവുനശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുക എന്നീ കുറ്റങ്ങൾ തെളിഞ്ഞിരുന്നു. 
2020 ജനുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. സഫർ ഷായുമായുള്ള പ്രണയത്തിൽനിന്ന് പെൺകുട്ടി പിന്മാറിയിരുന്നു. തുടർന്ന് സംഭവദിവസം പെൺകുട്ടി പഠിക്കുന്ന സ്കൂളിലെത്തിയ പ്രതി കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി.  
ജോലിചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന്‌ സർവീസ് കഴിഞ്ഞ് ഉടമയ്ക്ക് തിരികെ നൽകാൻ ഏൽപ്പിച്ച കാറുമായാണ് സഫർ ഷാ സ്കൂളിലെത്തിയത്. വാൽപ്പാറ ഭാഗത്തെത്തിയ പ്രതി പെൺകുട്ടിയെ കാറിൽവച്ച് കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു. പെൺകുട്ടി നാലരമാസം ഗർഭിണിയായിരുന്നു. ഗർഭസ്ഥശിശുവിന്റെ അച്ഛൻ പ്രതിതന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായിരുന്നു. പ്രതിയിൽനിന്ന്‌ ഈടാക്കുന്ന പിഴത്തുക പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാൻ കോടതി ഉത്തരവിട്ടു. കേസിൽ 51 സാക്ഷികളെ വിസ്തരിച്ചു. 103 രേഖകളും 20 തൊണ്ടിമുതലും ഹാജരാക്കി. സെൻട്രൽ സിഐ എസ് വിജയശങ്കറാണ്‌ കേസ്‌ അന്വേഷിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി പി എ ബിന്ദു ഹാജരായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top