20 April Saturday

എടിഎം കാർഡ് മോഷ്‌ടിച്ച്‌ 
10 ലക്ഷം തട്ടിയ യുവതി അറസ്‌റ്റിൽ

സ്വന്തം ലേഖകൻUpdated: Monday Jun 5, 2023

രമ്യ

 
ചാരുംമൂട്
വയോധികന്റെ എടിഎം കാർഡ് മോഷ്‌ടിച്ച്‌ 10 ലക്ഷം രൂപ തട്ടിയെടുത്ത സ്‌ത്രീ അറസ്‌റ്റിൽ. താമരക്കുളം നൈനാർ മൻസിലിൽ അബ്‌ദുൽ റഹ്മാനാണ്‌ (80) തട്ടിപ്പിനിരയായത്‌. ചുനക്കര രമ്യഭവനത്തിൽ രമ്യയാണ്‌ (38) അറസ്‌റ്റിലായത്‌.  
അബ്‌ദുൽ റഹ്മാന്റെ കുടുംബവീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്നയാളാണ്‌ രമ്യ. ഇദ്ദേഹം താമസിക്കുന്ന വീടിന്റെ വളപ്പിൽത്തന്നെയാണ്‌ വാടകവീടും. ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്‌റ്റും അസി. പ്രൊഫസറുമാണെന്ന്‌ നുണ പറഞ്ഞാണ്‌ രമ്യയും ഭർത്താവും വീടെടുത്തത്‌. കെഎസ്ഇബിയിൽനിന്ന്‌ ഓവർസിയറായി വിരമിച്ചയാളാണ്‌ അബ്ദുൽ റഹ്മാൻ. ഭാര്യ മരിച്ചതോടെ മകളുടെയും മരുമകന്റെയും സംരക്ഷണയിൽ കഴിയുന്നതിനാൽ ബാങ്കിൽനിന്ന്‌ പെൻഷൻ തുക പിൻവലിക്കാറില്ലായിരുന്നു. അബ്‌ദുൽ റഹ്മാന്റെ വീട്ടുകാരോട്  രമ്യ കൂടുതൽ അടുപ്പം പുലർത്തുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്‌ത ശേഷമായിരുന്നു തട്ടിപ്പ്‌. 

 പണം പിൻവലിച്ചത്‌ 
4 മാസമെടുത്ത്‌

പകൽ അബ്‌ദുൽറഹ്മാൻ ഉറങ്ങുന്ന സമയത്ത്‌ വീട്ടിൽക്കയറി എടിഎം കാർഡ് കൈക്കലാക്കിയെന്നാണ്‌  പൊലീസ്‌ പറയുന്നത്‌. പേപ്പറിൽ കുറിച്ച് വച്ചിരുന്ന പിൻ നമ്പരും മനസിലാക്കി. കഴിഞ്ഞ ജനുവരി 13 മുതൽ രമ്യ ഈ കാർഡ് ഉപയോഗിച്ച് ഓരോ ദിവസവും പണം പിൻവലിച്ചു. 
10,000 രൂപ ഒറ്റ സമയം പിൻവലിച്ചാൽ അക്കൗണ്ട്  ഉടമയുടെ മൊബൈൽ ഫോണിലേക്ക് ഒടിപി വരും എന്നറിയാവുന്ന രമ്യ ഓരോ ദിവസവും 9000 രൂപ വീതം രണ്ടുതവണയും 2000 രൂപ ഒരു തവണയുമെടുത്ത് ആകെയൊരു ദിവസം ഇരുപതിനായിരം രൂപ പിൻവലിക്കുകയായിരുന്നു. മൊബൈൽ നമ്പർ ബാങ്കിൽ പുതുക്കി നൽകാത്തതിനാൽ പണം പിൻവലിക്കുമ്പോൾ അബ്ദുൽ റഹ്മാന്‌ മെസേജ് വരാറില്ലായിരുന്നു. നാലുമാസമെടുത്താണ്‌ 10 ലക്ഷം രൂപ പിൻവലിച്ചത്‌. മകൾക്ക്  സ്‌കൂട്ടർ വാങ്ങാൻ ഒരുലക്ഷം രൂപയുടെ ആവശ്യം വന്നപ്പോഴാണ്  അബ്‌ദുൽ റഹ്മാൻ എടിഎം കാർഡ് അന്വേഷിച്ചത്‌. 
ഇതിനായി നടത്തിയ തെരച്ചിലിൽ രമ്യ ഉൾപ്പെടെ പങ്കെടുത്തു. കാർഡ് കിട്ടാത്തതിനാൽ അബ്‌ദുൽ റഹ്മാൻ മകളും ഒന്നിച്ച് എസ്‌ബിഐ ചാരുംമൂട് ശാഖയിലെത്തി പണം പിൻവലിക്കാൻ നോക്കുമ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്നറിഞ്ഞത്. തുടർന്ന് നൂറനാട് പൊലീസിൽ പരാതി നൽകി. 

സിസിടിവിയിൽ 
എല്ലാം കൃത്യം

ബാങ്കിൽനിന്ന്‌ സ്‌റ്റേറ്റ്മെന്റ്‌ പൊലീസ് എടുത്തതോടെയാണ്‌ കേസിൽ വഴിത്തിരിവുണ്ടായത്‌. ഓരോ തീയതിയും സമയത്തും പണം പിൻവലിച്ച എടിഎമ്മുകളിൽനിന്ന് സിസിടിവി ദൃശ്യം ശേഖരിച്ചു. 
ഇത്‌ പരിശോധിച്ചപ്പോഴാണ് പ്രതി രമ്യയാണെന്ന്‌ കണ്ടെത്തിയത്‌. പിൻവലിച്ച തുകയിൽനിന്ന്‌ 10,000 രൂപയും മോഷണം പോയ എടിഎം കാർഡും വീട്ടിൽനിന്ന്‌ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ രമ്യയെ റിമാൻഡ് ചെയ്‌തു. സമാന തട്ടിപ്പുകേസുകളിൽ രമ്യ മുമ്പും പ്രതിയാണെന്ന്‌ പൊലീസ്‌ അറിയിച്ചു. ചികിത്സാസഹായത്തിന്‌ പിരിവ് നടത്തി പണം തട്ടിയ കേസിലും പ്രതിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top