ആലപ്പുഴ
ആലപ്പുഴയിൽ ബ്ലോക്ക് പ്രസിഡന്റുമാരെ തീരുമാനിച്ചപ്പോൾ രമേശ് ചെന്നിത്തല വിഭാഗത്തെയും എ വിഭാഗത്തെയും നിലംപരിശാക്കി എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ വിഭാഗം. 18 ബ്ലോക്ക് പ്രസിഡന്റുമാരിൽ ഒമ്പതുപേരെയും തന്റെ പക്ഷത്തുനിന്ന് നിയമിച്ചതോടെ വേണുഗോപാൽ ആധിപത്യമുറപ്പിച്ചു. ചെന്നിത്തല വിഭാഗത്തിന് അഞ്ചുപേർ മാത്രം. കഴിഞ്ഞതവണ നാലു ബ്ലോക്കുണ്ടായിരുന്ന എ വിഭാഗത്തിന് ഇത്തവണ മൂന്നായി. ഭാരവാഹി നിർണയത്തിൽ കടുത്ത അമർഷത്തിലാണ് എ വിഭാഗവും ചെന്നിത്തല വിഭാഗവും. ഒരുകാലത്ത് പ്രതാപമുണ്ടായിരുന്ന എ വിഭാഗത്തിന് ചേർത്തല, കുട്ടനാട് നോർത്ത്, മാവേലിക്കര എന്നിവ മാത്രമാണ് കിട്ടിയത്. മാരാരിക്കുളം, കുട്ടനാട് സൗത്ത്, കാർത്തികപ്പള്ളി, ഹരിപ്പാട്, മാന്നാർ എന്നിവടങ്ങളിലാണ് ചെന്നിത്തല പക്ഷക്കാർ.
തങ്ങളുടെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾ അപഹരിച്ചതിൽ പ്രതിഷേധിച്ച ചെന്നിത്തല വിഭാഗവും എ വിഭാഗവും മണ്ഡലം പുനസംഘടനായോഗങ്ങൾ ബഹിഷ്‌കരിച്ചു. ശനിയാഴ്‌ച ഡിസിസി ഓഫീസിൽ ചേരാൻ നിശ്‌ചയിച്ച യോഗത്തിന് എ എ ഷുക്കൂർ, ഷാനിമോൾ ഉസ്‌മാൻ തുടങ്ങിയ നേതാക്കൾ എത്തിയില്ല. പ്രധാന നേതാക്കൾ എത്താത്തതിനാൽ യോഗം വേണ്ടെന്നുവച്ചു.
അതിനിടെ ചില പ്രസിഡന്റുമാർ തങ്ങളുടേതാണെന്ന തർക്കം വിവിധ വിഭാഗങ്ങൾ ഇന്നയിക്കുന്നുണ്ട്. വയലാർ രവി പക്ഷവും കൊടിക്കുന്നിൽ സുരേഷിന്റെ പക്ഷവും ഇങ്ങനെ അവകാശവാദം ഉന്നയിക്കുന്ന കൂട്ടത്തിലുണ്ട്.
കഴിഞ്ഞതവണ ഒന്നായിനിന്ന ഐ വിഭാഗത്തിന് 14 ബ്ലോക്ക് പ്രസിഡന്റുമാരാണ് ഉണ്ടായിരുന്നത്. പിന്നീട് കെ സിവേണുഗോപാൽ ശക്തനായതോടെ ഗ്രൂപ്പ് അദ്ദേഹത്തിന്റെ കൈപ്പിടിയിലാകുകയും ചെന്നിത്തലയെവിട്ട് നോതാക്കൾ പോകുകയുംചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..