20 April Saturday
ബജറ്റിൽ 12 കോടി

മുതലക്കുറിച്ചിക്കല്‍ 
പാലത്തിന് വഴിതെളിയുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

കരുവാറ്റ ലീഡിങ് ചാനലിൽ മുതലക്കുറിച്ചിക്കൽ പാലത്തിനായി സ്ഥാപിച്ച സ്‌പാനുകൾ

ഹരിപ്പാട്
കുട്ടനാട് അപ്പർകുട്ടനാട് മേഖലയിലെ ഗതാഗതരംഗത്ത് കുതിച്ചുചാട്ടത്തിന് സഹായകമാകുന്ന കരുവാറ്റ– -നെടുമുടി റോഡിലെ കരുവാറ്റ മുതലക്കുറിച്ചിക്കൽ പാലത്തിന്റെ പൂർത്തീകരണത്തിന് വഴിതെളിയുന്നു. സംസ്ഥാന ബജറ്റിൽ 12 കോടി രൂപകൂടി വകയിരുത്തിയതോടെയാണ് കർഷകമേഖലയ്‌ക്ക് ആശ്വാസമാകുന്ന പാലം യഥാർഥ്യമാകുമെന്ന പ്രതീക്ഷ ഉയർന്നത്.
കരുവാറ്റ–-കാരമുട്ട്‌ പ്രദേശങ്ങളെ ബന്ധിപ്പിച്ച്‌ ലീഡിങ് ചാനലിന് കുറുകെയാണ് മുതലക്കുറിച്ചിക്കൽ പാലം നിർമിക്കുന്നത്. നബാർഡ് സഹായത്തോടെ 2017ലാണ് 28 കോടി രൂപ ചെലവിൽ പാലം നിർമാണം തുടങ്ങിയത്.
ഒമ്പത്‌ സ്‌പാനിൽ ഏഴ് എണ്ണത്തിന്റെ പണി പൂർത്തിയായി. അതിനിടെ നിർമാണച്ചുമതല വഹിച്ച കരാർ കമ്പനിയുടെ വീഴ്‌ചകളെത്തുടർന്ന് സർക്കാർ കരാർ റദ്ദാക്കി. നാലുതവണ റീടെൻഡർ ചെയ്‌തെങ്കിലും ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. അവസാനം കരാർ എടുക്കാൻ മുന്നോട്ടുവന്നവർ 89 ശതമാനം അധികതുക ആവശ്യപ്പെട്ടത് പ്രതിസന്ധി സൃഷ്‌ടിച്ചു.
അങ്ങനെ രണ്ടുവർഷമായി നിർമാണം സ്‌തംഭനാവസ്ഥയിൽ തുടരുകയായിരുന്നു. മധ്യഭാഗത്തെ രണ്ടു സ്‌പാനും അപ്രോച്ച് റോഡിന്റെയും പണിയാണിനി അവശേഷിക്കുന്നത്. അതിനിടെ നബാർഡ് അനുവദിച്ച കാലാവധി 2022ൽ കഴിഞ്ഞു.  രമേശ്‌ ചെന്നിത്തല എംഎൽഎ വിഷയം എൽഡിഎഫ് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ നിർദേശപ്രകാരം അപ്രോച്ച് റോഡിന്റെ നിർമാണത്തിനുള്ള തുക കൂടി ഉൾപ്പെടുത്തി 12 കോടി രൂപയുടെ എസ്‌റ്റിമേറ്റ് പരിഷ്‌കരിച്ചു. ഈ തുക പുതിയ ബജറ്റിൽ ഉൾപ്പെടുത്തിയതോടെ പാലം നിർമാണത്തിലെ അനിശ്ചിതത്വം ഒഴിവായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top