25 April Thursday

കെഎസ്‌കെടിയു ജാഥയ്‌ക്ക്‌ ആലപ്പുഴയിൽ ഊഷ്‌മള വരവേൽപ്പ്‌

സ്വന്തം ലേഖകൻUpdated: Sunday Feb 5, 2023
തണ്ണീർമുക്കം (ആലപ്പുഴ)/ കോട്ടയം
കെഎസ്‌കെടിയു പ്രക്ഷോഭ പ്രചാരണ ജാഥയ്‌ക്ക്‌ ആലപ്പുഴയുടെ വിപ്ലവമണ്ണിൽ ഊഷ്‌മള വരവേൽപ്പ്‌. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന ജാഥ കോട്ടയം ജില്ലയിലെ പര്യടനത്തിന്‌ ശേഷം ശനിയാഴ്‌ച വൈകിട്ടാണ്‌ ആലപ്പുഴയിൽ പ്രവേശിച്ചത്‌. 
    ആലപ്പുഴ ജില്ലാ അതിർത്തിയായ തണ്ണീർമുക്കത്ത് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ രാഘവൻ, സെക്രട്ടറി എം സത്യപാലൻ, സിപിഐ എം ഏരിയ സെക്രട്ടറിമാരായ എസ് രാധാകൃഷ്‌ണൻ, പി രഘുനാഥ്, സംഘാടകസമിതി വൈസ്ചെയർമാൻ പി ഷാജി മോഹൻ, സുധാമണി, കെ എം സുകുമാരൻ, ഇ ആർ പൊന്നൻ എന്നിവർ ചേർന്ന് ജാഥയെ സ്വീകരിച്ചു. വനിതാ ബാൻഡ് മേളം അകമ്പടിയായി. നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. തുടർന്ന് ചേർത്തല ടൗണിൽ സ്വീകരണസമ്മേളനം ചേർന്നു.
    ഞായറാഴ്‌ച ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി പത്തനംതിട്ടയിൽ പ്രവേശിക്കും. ലളിത ബാലൻ വൈസ്‌ക്യാപ്‌റ്റനും സി ബി ദേവദർശനൻ മാനേജരുമായ ജാഥയിൽ എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, കെ കെ ദിനേശൻ, ടി കെ വാസു, വി കെ രാജൻ, ഇ ജയൻ, കോമള ലക്ഷ്‌മണൻ എന്നിവരാണ്‌ അംഗങ്ങൾ.   
 കോട്ടയം ജില്ലയിൽ  പാലാ, ചങ്ങനാശേരി, കോട്ടയം നഗരം, വൈക്കം എന്നിവിടങ്ങളിൽ ജാഥയെ സ്വീകരിച്ചു. രാവിലെ നെല്ലാപ്പാറയിലെത്തിയ ജാഥയെ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് സജേഷ് ശശി, സെക്രട്ടറി എം കെ പ്രഭാകരൻ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. വി എൻ ശശിധരൻ, കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, മറ്റ്‌ നേതാക്കളായ പി എം ജോസഫ്‌, ജോയി ജോർജ്, കുര്യാക്കോസ് ജോസഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുടകളേന്തിയ പ്രവർത്തകർ പുഷ്പവൃഷ്ടിയോടെയാണ്‌ ജാഥയെ വരവേറ്റത്‌.   ജാഥയെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് പാലായിലെ സ്വീകരണ കേന്ദ്രത്തിലേക്ക്‌ ആനയിച്ചത്. 
മിച്ചഭൂമി പട്ടയപ്രശ്നം പരിഹരിക്കുക, തരിശിട്ട വയലിൽ കൃഷി നടത്താൻ പദ്ധതി ആവിഷ്കരിക്കുക, കർഷകത്തൊഴിലാളി പെൻഷനിൽ കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തെ വെല്ലുവിളിക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് ജാഥാ പര്യടനം.   ജനുവരി 25ന് കാസർകോടുനിന്ന് ആരംഭിച്ച ജാഥ വടക്കൻ ജില്ലകൾ പിന്നിട്ട് ഇടുക്കിയിലെ പര്യടനത്തിനുശേഷമാണ് കോട്ടയത്തെത്തിയത്. എട്ടിന് നെടുമങ്ങാട് സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top