25 April Thursday
മുഖ്യപ്രതി റിമാൻഡിൽ

ചങ്ങനാശേരി കൊലപാതകം: 
കൂട്ടുപ്രതികൾ പിടിയിലെന്ന‍് സൂചന

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
ചങ്ങനാശേരി 
സുഹൃത്തിനെ കൊന്ന് വീടിന്റെ തറയിൽ കുഴിച്ചുമൂടിയ കേസിൽ മുഖ്യപ്രതി മുത്തുകുമാറിനെ(53) ചങ്ങനാശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‍ട്രേറ്റ് കോടതി റിമാൻഡ് ചെയ്‍തു. 15 വരെയാണ് റിമാൻഡ് കാലാവധി. പുതുപ്പള്ളി സ്വദേശികളായ കൂട്ടുപ്രതികൾ ബിബിൻ, ബിനോയ് എന്നിവർ ബം​ഗളുരുവിൽ കസ്‌റ്റഡിയിലായെന്ന് സൂചന. ആലപ്പുഴ ആര്യാട് കിഴക്കേതയ്യിൽ ബിന്ദുകുമാർ(40) ആണ് കൊല്ലപ്പെട്ടത്. വർഷങ്ങളുടെ സൗഹൃദമുള്ള ബിന്ദുകുമാറുമായി ഉണ്ടായ കുടുംബ, സാമ്പത്തിക പ്രശ്‍നങ്ങളാണ്‌ കൊലയ്‍ക്ക് കാരണമെന്ന് പ്രതി സമ്മതിച്ചു. കൊലയ്‍ക്ക് മുന്നോടിയായി മുത്തുകുമാർ മക്കളെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. അയൽവീടുകളിൽനിന്ന് ആയുധങ്ങളും കരുതി. 
കഴിഞ്ഞ ‌26ന് ബിന്ദുകുമാറിനെ മുത്തുകുമാറും ബിബിനും ബിനോയിയും ചേർന്ന് പൂവത്തെ വീട്ടിലേയ്‍ക്ക് വിളിച്ചുവരുത്തി. ഒന്നിച്ച് മദ്യപിക്കുന്നതിനിടയിൽ സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ച് ചോദിക്കുകയും തുടർന്നുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ എത്തുകയുമായിരുന്നു. മൃതദേഹം മറവുചെയ്‍തശേഷം മൂവരും ട്രെയിനിൽ കോയമ്പത്തൂരേക്ക് കടന്നു. ഒളിവിലിരിക്കെ കൂട്ടുപ്രതികളുമായി വാക്കുതർക്കമുണ്ടായാണ് 28ന് മുത്തുകുമാർ നാട്ടിലെത്തിയത്. ആലപ്പുഴ കലവൂർ ഐടിസി കോളനിയിൽ ഒളിവിൽ കഴിയുമ്പോൾ ശനി രാത്രി പൊലീസ് പിടികൂടുകയായിരുന്നു. ബിബിൻ, ബിനോയ് എന്നിവരെ മുത്തുകുമാറിനൊപ്പം ചോദ്യംചെയ്‍താലേ സംഭവത്തിൽ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top