25 April Thursday

ലക്ഷ്‌മിയെ ചേർത്തുപിടിച്ച്‌ 
സാക്ഷരതാമിഷൻ

സ്വന്തം ലേഖകൻUpdated: Wednesday Aug 4, 2021

ലക്ഷ്മിക്ക് ഡോ. പി എസ് ശ്രീകല പുസ്തകം നൽകുന്നു

ചേർത്തല
വാഹനാപകടം ശരീരം തളർത്തിയപ്പോഴും പതറാത്ത മനസുമായി വായനയും പഠനവും തുടർന്ന്‌ ആംബുലൻസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയെഴുതിയ ലക്ഷ്‌മിയെ സാക്ഷരതാമിഷൻ ഡയറക്‌ടർ ഡോ. പി എസ്‌ ശ്രീകല വീട്ടിലെത്തി അഭിനന്ദിച്ചു. 
കടക്കരപ്പള്ളി വാഴത്തറ ലാലൻ–-അജിത ദമ്പതികളുടെ മകളാണ്‌ 27 വയസുകാരി ലക്ഷ്‌മി. 13–-ാം വയസിൽ വാഹനാപകടത്തിൽപ്പെട്ടാണ്‌ ശരീരം പൂർണമായി തളർന്നത്‌. അതോടെ പഠനം നിലച്ചു. തുടർചികിത്സ 10 വർഷം പിന്നിട്ടപ്പോഴാണ്‌ കിടക്കയിലാണെങ്കിലും പഠനം ആരംഭിക്കാനായത്‌. സാക്ഷരതാമിഷനും തുല്യത കോഴ്‌സും ലക്ഷ്‌മിയുടെ സ്വപ്‌നസാക്ഷാൽക്കാരത്തിന്‌ തുണയായി. 10–-ാം തരം തുല്യതാ പരീക്ഷയിൽ മികച്ച വിജയംനേടി. പിന്നീട്‌ ഹയർസെക്കൻഡറി പഠനവുമായി. കഴിഞ്ഞദിവസമാണ്‌ 12–-ാം തരം തുല്യത പരീക്ഷയെഴുതിയത്‌. ചേർത്തല ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ ആംബുലൻസിൽ കിടന്നാണ്‌ പരീക്ഷയെഴുതിയത്‌. 
ലക്ഷ്‌മിയുടെ നിശ്‌ചയദാർഢ്യം അറിഞ്ഞാണ്‌ സാക്ഷരതാമിഷൻ ഡയറക്‌ടർ ഡോ. പി എസ്‌ ശ്രീകല വാഴത്തറ വീട്ടിലെത്തിയത്‌. വായന ഇഷ്‌ടപ്പെടുന്ന ലക്ഷ്‌മിക്ക്‌ ഡോ. പി എസ്‌ ശ്രീകല പുസ്‌തകങ്ങൾ സമ്മാനിച്ചു. സാക്ഷരതാമിഷൻ സംസ്ഥാന കോ–-ഓർഡിനേറ്റർ ഇ വി അനിൽ, ജില്ലാ പ്രോജക്‌ട്‌ കോ–-ഓർഡിനേറ്റർ കെ വി രതീഷ്‌, കടക്കരപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെയിംസ്‌ ചിങ്കുതറ, വൈസ്‌പ്രസിഡന്റ്‌ സതി അനിൽകുമാർ, സെന്റർ കോ–-ഓർഡിനേറ്റർ എം ആർ ഐഷ, പി കെ ജോസഫ്‌ എന്നിവർ പങ്കെടുത്തു. 
പഠനം പൂർത്തിയാക്കാനാകാത്ത ഭിന്നശേഷിക്കാർക്ക്‌ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്ന്‌ ഡോ. പി എസ്‌ ശ്രീകല. ഭിന്നശേഷിസൗഹൃദ സംസ്ഥാനമെന്ന കാഴ്‌ചപ്പാട്‌ സാക്ഷരതാ തുടർവിദ്യാഭ്യാസ രംഗത്തും പിന്തുടരുമെന്നും അവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top