28 March Thursday
മഴകനത്തു

ചുഴലിക്കാറ്റിൽ നാശം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
ആലപ്പുഴ
മഴയ്‌ക്കൊപ്പം ആഞ്ഞു വീശുന്ന കാറ്റ്‌ ജില്ലയിൽ ദുരിതം വിതയ്‌ക്കുന്നു. ഞായറാഴ്‌ച രാത്രിയും തിങ്കളാഴ്‌ച പുലർച്ചെയും നിർത്താതെ പെയ്‌ത മഴ പകൽ വിട്ടുനിന്നു. എന്നാൽ വൈകിട്ട്‌ നാലോടെ കാറ്റിന്റെ അകമ്പടിയോടെ പെയ്‌ത മഴയിൽ വ്യാപക നാശമുണ്ടായി.  
 ജില്ലാ പൊലീസ്‌ മേധാവിയുടെ ഓഫീസ്‌ വളപ്പിൽ നിർത്തിയിട്ട നിരവധി വാഹനങ്ങൾ മരം വീണ്‌ കേടുപാടുപറ്റി. സമീപത്തെ എഫ്‌സിഐ ഗോഡൗണിന്റെയും വീടുകളുടെയും മേൽക്കൂര തകർന്നു. തിങ്കളാഴ്‌ച പകൽ 3.30നാണ്‌ മഴയ്‌ക്കൊപ്പം ചുഴലിക്കാറ്റുണ്ടായത്. എസ്‌പി ഓഫീസിൽ നിർത്തിയിട്ട കാറുകൾക്ക് മുകളിലേക്ക്‌ മരംവീണ്‌ ഒരുകാർ പൂർണമായും മൂന്നു കാറുകൾ ഭാഗികമായും തകർന്നു. ഡോഗ് സ്‌ക്വാഡ് കെട്ടിടത്തിലേക്കാണ് മരങ്ങൾ മറിഞ്ഞുവീണത്. ആറോളം മരങ്ങൾ വീണു. ഈ ഭാഗത്തെ മതിൽ തകർന്നിട്ടുണ്ട്. മതിൽ തകരുന്നതുണ്ട് ഇറങ്ങിയോടിയ ഡോഗ് ഹാൻഡർ പി എച്ച് ഹരീഷ് കാൽവഴുതി വീണ്‌  മൂന്ന് കൈവിരൽ ഒടിഞ്ഞു. എസ്‌പി ഓഫീസിനോട് ചേർന്ന പെൻഷൻ ട്രഷറിക്ക് മുന്നിലെ മരവുംവീണു. ബീച്ച് വാർഡിലെ എസ്ബിഐക്ക് മുന്നിലും മരം വീണ് കാറ് തകർന്നു. ശക്തമായ കാറ്റിൽ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഗോഡൗണിലെ ഷീറ്റുകൾ പറന്നുപോയി. ഡിവൈസ്‌പി ഓഫീസിനു മുന്നിലെ മരംകടപുഴകി. ക്യാമ്പിലെ മെസിന് മുകളിൽ മരക്കൊമ്പ് വീണ് ഷീറ്റ്‌ തകർന്നു. 24 മണിക്കൂറിനുള്ളിൽ 25.83 മില്ലീമീറ്റർ മഴയാണ്‌ ജില്ലയിൽ പെയ്‌തത്‌. ചേർത്തല താലൂക്കിൽ 43, കുട്ടനാട്ടിൽ 40 എംഎമ്മും മഴ‌ ലഭിച്ചു‌.  മഴ ശക്തിപ്പെട്ടതോടെ ചേർത്തലയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി.  വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന്‌ ചേർത്തല തെക്ക്‌ പഞ്ചായത്ത്‌ ആറാം വാർഡിലെ സാംസ്‌കാരിക നിലയത്തിൽ ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു. കുട്ടനാട്ടിലെ കാവാലത്ത്‌ നേരത്തെ ക്യാമ്പ്‌ തുറന്നിരുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവില്ലാത്തതിനാൽ കുട്ടനാട്ടിൽ കാര്യമായ പ്രശ്‌നങ്ങളില്ല. അതേസമയം എസി റോഡിൽ മാമ്പുഴക്കരി, പള്ളിക്കൂട്ടൂമ്മ ഭാഗത്ത്‌ വെള്ളം കയറിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top