25 April Thursday
കണക്കിൽ കുറവ്‌

തിമിർത്തുപെയ‍്ത് മഴ

പ്രത്യേക ലേഖകൻUpdated: Monday Jul 4, 2022

ശനിയാഴ്ച പെയ്ത ശക്തമായ മഴയ്‍ക്കിടയിലും ആലപ്പുഴ ബീച്ചിൽ കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്നവർ

ആലപ്പുഴ
ഒരാഴ്‌ചയായി തകർത്ത്‌ പെയ്യുന്നുണ്ടെങ്കിലും കണക്കുകളിൽ മഴ കുറവുതന്നെ. ജൂൺ ഒന്നുമുതൽ ജൂലൈ രണ്ടുവരെ 37 ശതമാനത്തിന്റെ കുറവുണ്ടായി. 585 മില്ലീമീറ്ററാണ്‌ ഇക്കാലയളവിൽ ലഭിക്കേണ്ടത്‌. എന്നാൽ പെയ്തത്‌ 367.8 മില്ലീമീറ്റർ.
48 വർഷത്തിനിടെ സംസ്ഥാനത്ത്‌ ഏറ്റവും മഴ കുറഞ്ഞ ജൂണാണ്‌ കടന്നുപോയത്‌. 52 ശതമാനത്തിന്റെ കുറവ്‌ രേഖപ്പെടുത്തി. ജില്ലയുടെ സ്ഥിതിയും വ്യത്യസ്‌തമല്ല.
ജൂൺ ഒന്നുമുതൽ 18വരെ ജില്ലയിൽ പെയ്‌ത മഴയിൽ 68 ശതമാനത്തിന്റെ കുറവുണ്ട്‌. മാസാവസാനത്തോടെ കാലവർഷം ശക്തമായി. ഇതോടെ മഴക്കുറവ്‌ 39 ശതമാനമായി. ജൂലൈ ഒന്ന്‌, രണ്ട്‌ തീയതികളിൽ 37 ശതമാനവും. 
ശനി രാവിലെ എട്ടു മുതൽ ഞായർ രാവിലെ എട്ടുവരെ 28.48 എംഎം മഴയാണ്‌ കിട്ടിയത്‌. 40.2 രേഖപ്പെടുത്തിയ മാവേലിക്കരയിലാണ്‌ കൂടുതൽ. കഴിഞ്ഞവർഷവും കാലവർഷം ദുർബലമായിരുന്നു. 1722.3 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ കിട്ടിയത്‌ 1495.4 മാത്രം. കുറവ്‌ 13 ശതമാനം. അന്നും ജൂണിൽ കാര്യമായി മഴ കിട്ടിയില്ല. അതേസമയം ജൂലൈയിൽ നന്നായി പെയ്‌തു. ഈ വർഷവും ഇതാവർത്തിക്കുമെന്നാണ്‌ കാലാവസ്ഥാനിരീക്ഷകർ പറയുന്നത്‌. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ മുന്നറിയിപ്പുണ്ട്‌. ചൊവ്വ ഓറഞ്ച്‌ മുന്നറിയിപ്പും. മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപോകരുതെന്ന്‌ കാലവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്‌ നൽകി. 
ഈ വർഷം വേനൽമഴ തുടക്കത്തിൽ ദുർബലമായിരുന്നു. മാർച്ച്‌ ഒന്നുമുതൽ 14 വരെ 10.2 മില്ലീമീറ്റർ മാത്രമായിരുന്നു മഴ. ലഭിക്കേണ്ടത്‌ 17.3ഉം. കുറവ്‌ 41 ശതമാനം. എന്നാൽ ഏപ്രിലായതോടെ സ്ഥിതിമാറി. മാർച്ച്‌ ഒന്നു മുതൽ ഏപ്രിൽ 12 വരെ 230.8 എംഎം പെയ്‌തു. ലഭിക്കേണ്ടതിന്റെ 129 ശതമാനം അധികമാണിത്‌. കഴിഞ്ഞവർഷവും സമാനമായിരുന്നു സ്ഥിതി. മാർച്ച്‌ ഒന്നുമുതൽ മെയ്‌ 31 വരെ 906.2 എംഎം മഴ ലഭിച്ചു. ലഭിക്കേണ്ടതിന്റെ 101 ശതമാനം അധികം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top