25 April Thursday
മാവേലിക്കര താലൂക്ക് പരാതി പരിഹാര അദാലത്ത്

കാത്തിരിപ്പില്ല 
കരംപിടിച്ച് സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

മാവേലിക്കര താലൂക്ക് പരാതി പരിഹാര അദാലത്തിൽ പങ്കെടുത്തവർ

മാവേലിക്കര 

സുരക്ഷിത തീരത്ത്‌ അന്തിയുറങ്ങാനായ ആശ്വാസത്തിൽ ചന്ദ്രമതിയമ്മ, അതിവേഗം വീടൊരുങ്ങുന്ന ഷീബ, ശബ്‌ദങ്ങളുടെ ലോകത്ത്‌ മടങ്ങിയെത്തിയ അനന്തു... കാത്തിരിപ്പില്ല, ഫയലുകൾക്കുള്ളിൽ കുടുങ്ങിപ്പോയ ജീവിതങ്ങളെ കൈപിടിച്ചുയർത്തുകയാണ്‌ അദാലത്തുകൾ. മനുഷ്യരുടെ ദൈനംദിന പ്രശ്‌നങ്ങളിൽ ഉടനടി പരിഹാരമേകാൻ പ്രഖ്യാപിച്ച അദാലത്തുകളിലൂടെ അനേകം ജീവിതങ്ങൾക്ക്‌ തണലാവുകയാണ്‌ രണ്ടാം പിണറായി വിജയൻ സർക്കാർ. 

   മാവേലിക്കര ബിഷപ് ഹോഡ്‌‌ജസ്‌ എച്ച്എസ്എസിൽ നടന്ന മന്ത്രിതല പരാതിപരിഹാര അദാലത്തിൽ "കരുതലും കൈത്താങ്ങും' പരിഗണിച്ചത്‌ 376 പരാതികൾ. ഓൺലൈനായി ലഭിച്ച ഈ പരാതികളിൽ 221 എണ്ണം തീർപ്പാക്കി. ഏപ്രിൽ 15വരെ അദാലത്തിലേക്ക് ലഭിച്ച പരാതികളാണിവ. അതത് വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ മന്ത്രി സജി ചെറിയാൻ നേരിട്ടാണ് ഓരോരുത്തരുടെയും  പ്രശ്‌നങ്ങൾ തൊട്ടറിഞ്ഞ്‌ പരിഹാരമേകിയത്‌. 

 14 പേർക്ക്‌ അദാലത്തിൽ റേഷൻ കാർഡ് അനുവദിച്ചു. ഒരാൾക്ക് എഎവൈ കാർഡും 13 പേർക്ക് മുൻഗണന കാർഡുമാണ് അനുവദിച്ചത്. വായ്‌പ തീർപ്പാക്കൽ, കുടിവെള്ള പ്രശ്നം, അതിർത്തിത്തർക്കം, പെൻഷൻ അനുവദിക്കൽ തുടങ്ങിയ അപേക്ഷകളാണ് കൂടുതലും ലഭിച്ചത്. പൊതുജനത്തിന് നേരിട്ടെത്തി പരാതികൾ സമർപ്പിക്കാനും അദാലത്തിൽ അവസരമൊരുക്കിയിരുന്നു. ശനിയാഴ്‌ച  ലഭിച്ച 767 അപേക്ഷകളിൽ ഒരുമാസത്തിനകം നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top