24 April Wednesday

അഴിമതിക്കാരെ സംഘടനകളും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടണം: മന്ത്രി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

മാവേലിക്കര താലൂക്ക് പരാതി പരിഹാര അദാലത്ത് "കരുതലും കൈത്താങ്ങും' മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
ജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ തടസം നിൽക്കുന്ന അഴിമതിക്കാരെ ചൂണ്ടിക്കാട്ടാൻ സർവീസ് സംഘടനകളും ജനപ്രതിനിധികളും തയ്യാറാകണമെന്ന്‌ -മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാവേലിക്കര താലൂക്കിലെ മന്ത്രിതല പരാതി പരിഹാര അദാലത്ത് ‘കരുതലും കൈത്താങ്ങും’  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
  പതിനായിരക്കണക്കിന് ഫയലുകൾക്ക് പരിഹാരം കാണാനുള്ള സർക്കാരിന്റെ വലിയ പ്രശ്‌നപരിഹാര പദ്ധതിയാണ് അദാലത്തിലൂടെ നടപ്പാക്കുന്നത്. ഭരണഘടനപ്രകാരം കോടതികൾ, ഉദ്യോഗസ്ഥർ, നിയമ നിർമാണസഭ എന്നിവ ഒരേ മാലയിലെ മുത്തുകൾ പോലെ ഒന്നിച്ചു പോകേണ്ടതുണ്ട്. ഇതിന് തടസമുണ്ടാകുമ്പോൾ സേവനങ്ങൾ വൈകുന്നു. നിയമങ്ങളും ചട്ടങ്ങളും സമയബന്ധിതമായി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നിലയിൽ നടപ്പാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. ചില ഉദ്യോഗസ്ഥർ കാട്ടുന്ന അഴിമതി വകുപ്പുകൾക്കാകെ നാണക്കേട് ഉണ്ടാക്കുന്ന സ്ഥിതി ഉണ്ടാകരുത്. വിരലിൽ എണ്ണാവുന്ന അത്തരം അഴിമതിക്കാരെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. 
    എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. മാവേലിക്കര നഗരസഭാധ്യക്ഷൻ കെ വി ശ്രീകുമാർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദിരാ ദാസ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് രജനി, ജില്ലാ പഞ്ചായത്തംഗങ്ങളായ നികേഷ് തമ്പി, ജി ആതിര, മഞ്ജുളാ ദേവി, കെ ജി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കലക്ടർ ഹരിത വി കുമാർ സ്വാഗതവും അഡി. ജില്ലാ മജിസ്ട്രേറ്റ് എസ് സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top