27 April Saturday

ഡിവൈഎഫ്ഐ നന്മ ലക്ഷ്യമാക്കി 
പ്രവർത്തിക്കുന്ന സംഘടന: വി വസീഫ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡിവൈഎഫ്ഐയുടെ ഭക്ഷണ വിതരണം സംസ്ഥാന പ്രസിഡന്റ് വി വസീഫ് 
ഉദ്ഘാടനംചെയ്യുന്നു. എ എം ആരിഫ് എംപി സമീപം

വണ്ടാനം
സമൂഹത്തിന്റെ നന്മമാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഡിവൈഎഫ്ഐയെ മറ്റ് യുവജന പ്രസ്ഥാനങ്ങൾക്കും മാത്യകയാക്കാവുന്നതാണന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറ് വർഷം പൂർത്തിയാക്കിയ ഹൃദയപൂർവം ഉച്ച ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയകാലത്ത് സഹായമെത്തിക്കുന്നതിനും, കോവിഡ് കാലത്ത് മൃതശരീരം മറവു ചെയ്യുന്നതിനുമുൾപ്പടെ, നാട്ടിലെ  മുഴുവൻ പ്രശ്നങ്ങളിലും ഇടപെട്ടാണ്  ഡിവൈഎഫ്ഐ  പ്രവർത്തിക്കുന്നത്. നാട്ടിൽ ജാതിയും മതവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കു വിരുദ്ധമായി, ഇവിടെ സാഹോദര്യം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന വലിയൊരു ജനവിഭാഗത്തിന്റെ പിന്തുണയാണ് ഡി വൈ എഫ് ഐ ക്കുള്ളത്. 
എന്നാൽ ഇവിടത്തെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ഡിവൈഎഫ്ഐക്കെതിരാണ്. എന്നാൽ മുൻ പ്രതിപക്ഷ നേതാവും, കെപിസിസി പ്രസിഡന്റും രഹസ്യമായാണങ്കിലും, ഡിവൈഎഫ്ഐ യെ കണ്ടു പഠിക്കാൻ അവരുടെ യുവജന സംഘടനകളോട് പറയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടന്നും വസീഫ് പറഞ്ഞു.
സ്നേഹവും മനുഷ്യത്വവും കൂടുതലായി ഉറപ്പിക്കപ്പെടുന്ന ഈ ഹൃദയപൂർവം പദ്ധതിയിൽ പല തവണ കുടുംബ സമേതം ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടന്ന് വിശിഷ്ടാതിഥിയും കവിയും ഗാനരചയിതാവുമായ വയലാർ ശരശ്ചന്ദ്രൻ പറഞ്ഞു.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സാമൂഹിക ജീവകാരുണ്യ പ്രവർത്തനമാണ് ഇതെന്ന് എ എം ആരിഫ് എം പി പറഞ്ഞു.
ഭക്ഷണവുമായി എത്തുന്ന ഡിവൈഎഫ്ഐ പ്രവർത്തകരിൽ പലരും ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തം നൽകിയാണ് മടങ്ങുന്നത്. ഇതിനായി പ്രത്യേക രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്. അടുത്തിടെ മറ്റൊരു സംഘടനാ ഭാരവാഹികൾ എത്തി അവർക്കും രജിസ്റ്റർ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മാസത്തിൽ രണ്ടു പേരെയെങ്കിലും എത്തിച്ച് രക്തദാനം നടത്താൻ കഴിയാത്തവരാണ് ഇത്തരം ആവശ്യവുമായി എത്തുന്നത്. ഇക്കാര്യത്തിലും ഡി വൈ എഫ് ഐ മാതൃകാപരമായാണ് പ്രവർത്തിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് എ എ അബ്ദുൾ സലാം പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റുമാരായ  ദിനൂപ് വേണു , പി എ അൻവർ, ജില്ലാ ട്രഷറർ രമ്യ രമണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ശ്യാംകുമാർ, എസ് സുരേഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അജ്മൽ ഹസൻ, ആർ അശ്വിൻ, സിപിഐ എം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ, ജില്ലാ കമ്മിറ്റിയംഗം പ്രശാന്ത് എസ് കുട്ടി, എ അരുൺ ലാൽ, തഴക്കര മേഖല സെക്രട്ടറി ഹേമന്ത് കെ സുർജിത്ത്, പ്രസിഡന്റ് അജു, എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top