ആലപ്പുഴ
വിദേശ, ആഭ്യന്തര സഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന് സർക്കാരിന്റെ കൈത്താങ്ങ്. സിബിഎൽ നടത്തിപ്പിനായി 12 കോടിയാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയത്.
കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോർത്തിണക്കിയാണ് സിബിഎൽ നടത്തുന്നത്. 2019 മുതലാണ് ലീഗ് നിലവിൽ വന്നത്. കോവിഡും മറ്റ് തടസങ്ങളും കാരണം പിന്നീട് സിബിഎൽ നടത്തിയില്ല. 2022ലാണ് സിബിഎൽ വീണ്ടും നടത്തിയത്. ഒന്നാമതെത്തുന്നവർക്ക് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 15ഉം 10ഉം ലക്ഷം വീതവും നൽകും. പൈതൃകസ്വഭാവം നിലനിർത്തി നൂതനമായ മത്സരസ്വഭാവത്തോടെ സംസ്ഥാന ടൂറിസം വകുപ്പാണ് സിബിഎൽ സംഘടിപ്പിക്കുന്നത്. നെഹ്‌റുട്രോഫിയിൽ തുടങ്ങി അഷ്‌ടമുടിക്കായലിൽ പ്രസിഡൻസി ട്രോഫിയോടെയാണ് സിബിഎൽ സമാപിക്കുന്നത്.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ആറ് ജില്ലകളിലാണ് മത്സരം നടക്കുന്നത്. നെഹ്‌റുട്രോഫിക്കും പ്രസിഡന്റ്‌സ് ട്രോഫിക്കും പുറമെ പുളിങ്കുന്ന്, കൈനകരി, കായംകുളം, കരുവാറ്റ, മറൈൻഡ്രൈവ്, പിറവം, പൊന്നാനി, കോട്ടപ്പുറം, താഴത്തങ്ങാടി, കല്ലട എന്നിവിടങ്ങളിലാണ് സിബിഎല്ലിലെ മത്സരങ്ങൾ. ഇക്കുറി ചാലിയാർ പുഴയിൽ ചെറുവള്ളങ്ങളുടെ പ്രത്യേക മത്സരങ്ങളും നടത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..