20 April Saturday

കരുവാറ്റ കീഴടക്കി താഹ

പി എസ്‌ ബിമൽ റോയ്‌Updated: Thursday Dec 3, 2020

ടി എസ്‌ താഹയ്‌ക്ക്‌ കരുവാറ്റയിൽ നൽകിയ സ്വീകരണം

ഹരിപ്പാട്
കയർ, മത്സ്യ, കർഷക തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നതാണ് കരുവാറ്റ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. വിദ്യാർഥി–യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തെ സൗമ്യസാന്നിധ്യമായ അഡ്വ. ടി എസ് താഹയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌,‌ സ്ഥിരംസമിതി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തനാനുഭവമുള്ള താഹ ജനങ്ങൾക്ക്‌ സുപരിചിതനാണ്.
കുമാരപുരം –14, കരുവാറ്റ –13, ത‌ൃക്കുന്നപ്പുഴ –17, കാർത്തികപ്പള്ളിയിലെ 5 മടക്കം 49 വാർഡാണ്‌ ഡിവിഷനിലുള്ളത്‌. കുമാരപുരം, കാർത്തികപ്പള്ളി പഞ്ചായത്തുകളിൽ എൽഡിഎഫും കരുവാറ്റയിൽ യുഡിഎഫുമാണ് അധികാരത്തിലുണ്ടായിരുന്നത്. കാർഷികമേഖലയിൽ സർക്കാരും ജില്ലാ പഞ്ചായത്തും നടപ്പാക്കിയ വികസനപദ്ധതി ഇടതുപക്ഷത്തിന് കരുത്താകും. കഴിഞ്ഞ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതിയിൽ അംഗമായിരുന്ന എൽഡിഎഫിലെ രമ്യ രമണന്‌ കരുവാറ്റയ്‌ക്ക്‌‌ അർഹമായ പരിഗണന നേടിയെടുക്കാനും പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനും കഴിഞ്ഞിരുന്നു. 
കയർ, മത്സ്യമേഖലയിൽ സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ തൊഴിലാളികൾക്കുണ്ടാക്കിയ നേട്ടങ്ങൾ രാഷ്‌ട്രീയത്തിനതീതമായി താഹയ്‌ക്ക്‌ തുണയാകും. സ്വകാര്യ മേഖലയിൽ തുച്ഛവേതനത്തിന്‌ പണിയെടുത്തിരുന്ന ആയിരക്കണക്കായ കയർ തൊഴിലാളികളെ സഹകരണസംഘങ്ങളിൽ എത്തിക്കാനും മുടക്കമില്ലാതെ തൊഴിലും മികച്ച വരുമാനവും നൽകാനും കഴിഞ്ഞു. 
കടൽത്തീര സുരക്ഷയ്‌ക്കായി കിഫ്ബി പദ്ധതിയിൽ 120 കോടി ചെലവിൽ നിർമിക്കുന്ന പുലിമുട്ടുകളിൽ 13 എണ്ണം ത‌ൃക്കുന്നപ്പുഴ പതിയാങ്കരയിലാണ്. എ കെ രാജനാണ്‌ യുഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥി അഡ്വ. കെ ശ്രീകുമാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top