24 April Wednesday

സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ 
കേസിൽ മുഖ്യപ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

പ്രതി മുത്തുകുമാറിനെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽനിന്ന് 
ചങ്ങനാശേരിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നു

മാരാരിക്കുളം
സുഹൃത്തിനെ കൊന്ന് വീടിന്റെ തറയിൽ കുഴിച്ചു മൂടിയ കേസിൽ മുഖ്യപ്രതി ആലപ്പുഴയിൽ പിടിയിൽ. ആര്യാട് കോമളപുരം കിഴക്കേ തയ്യിൽ ബിന്ദുകുമാറിനെ (45) കൊല പ്പെടുത്തിയ കേസിൽ ചങ്ങനാശേരി പൂവം എ സി കോളനിയിൽ വാടകയ്‌ക്ക്‌ താമസിക്കുന്ന  മുത്തുകുമാർ (48) ആണ് ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിലായത്. മണ്ണഞ്ചേരി ഐടിസി കോളനിയിൽ ഇയാളുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും ഞായർ രാവിലെ ഒമ്പതോടെ നോർത്ത് സിഐ എം കെ രാജേഷിന്റെ നേതൃത്വത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ ഇയാളെ ചങ്ങനാശേരി പൊലീസിന്​ കൈമാറി. ചോദ്യംചെയ്യലിൽ ബിന്ദുകുമാറിന്റെ ബൈക്ക്​ വാകത്താനത്തെ തോട്ടിൽ  ഉപേക്ഷിക്കാനും കുഴിയെടുത്ത്​ മൃതദേഹം മറവുചെയ്യാനും കൂട്ടുപ്രതികളായ ബിബിൻ, ബിനോയി എന്നിവരുടെ സഹായമുണ്ടായതായി മുത്തുകുമാർ ​മൊഴി നൽകിയതായി പൊലീസ്​ പറഞ്ഞു
  മുത്തുകുമാർ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ നിന്നാണ് ശനിയാഴ്ച പൊലീസ് മൃതദേഹം പുറത്തെടുത്തത്. വീടിനോട് ചേർന്ന ചായ്‌പ്പിന്റെ തറയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്‌തിരിക്കുകയായിരുന്നു. ബിന്ദുകുമാർ കഴിഞ്ഞ 26 ന് വൈകിട്ടാണ്‌ വീട്ടിൽ നിന്നും പോകുന്നത്. 
അവിവാഹിതനായ ബിന്ദുകുമാറും അച്ഛനും അമ്മയും മാത്രമാണ് കുടുംബ വീട്ടിൽ താമസം.പിറ്റേ ദിവസം ബിന്ദുകുമാറിന്റെ ഫോണിലേക്കു വിളിച്ചെങ്കിലും സ്വിച്ചു ഓഫ്‌ ചെയ്‌ത നിലയിൽ ആയിരുന്നു  ഇതോടെ അമ്മ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകി. ഇതിനിടെ ബിന്ദുകുമാറിന്റെ ബൈക്ക്  ചങ്ങനാശേരി വാകത്താനത്തെ തോട്ടിൽ നിന്നും  കണ്ടെത്തി. തുടർന്ന് അന്വേഷണം  സുഹൃത്ത്  മുത്തുകുമാറിലേക്ക് എത്തി. ഇതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. മുത്തുകുമാർ വർഷങ്ങൾക്ക് മുമ്പ് കോമളപുരത്തു ബിന്ദുകുമാറിന്റെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നു.അന്ന് മുതലാണ് ഇവരുടെ സുഹൃദ് ബന്ധം  തുടങ്ങുന്നത്. മുത്തുകുമാർ നോർത്ത്​ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അവസാനം ഫോൺവിളിച്ചവരിലേക്ക് പൊലീസ്​ നടത്തിയ അന്വേഷണമാണ്​ ​പ്രതികളിലേക്ക്​ എത്തിയത്​.
 കൊലപാതകം നടത്തിയശേഷം കോയമ്പത്തൂരിലേക്ക്​ കടന്ന മുത്തുകുമാർ ആലപ്പുഴയിൽ തിരിച്ചെത്തുമെന്ന്​ തിരിച്ചറിഞ്ഞ്​ നടത്തിയ നീക്കമാണ്​ വിജിയച്ചത്​. ഒളിവിലായിരുന്ന മുത്തുകുമാർ പുലർച്ചെ രണ്ടോടെ മണ്ണഞ്ചേരി ഐടിസിയിലെ ബന്ധുവീട്ടിൽ എത്തുകയായിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞു. ഇവിടെ പ്രതി എത്തുമ്പോൾ വിവരം നൽകാൻ പൊലീസ്​ ചിലരെ ചുമതലപ്പെടുത്തിയിരുന്നു.  ഇവരാണ്‌ വിവരം പൊലീസിന്​ കൈമാറിയത്​.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top