25 April Thursday

ആർഎസ്‌എസിന്റെ കുതന്ത്രങ്ങൾക്ക്‌ 
കോണ്‍ഗ്രസ്‌ മധ്യസ്ഥരാകുന്നു: ഐസക്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

എൽഡിഎഫ് ഭരണിക്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണയോഗം മന്ത്രി ടി എം തോമസ് ഐസക് 
ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര/ചാരുംമൂട്‌
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ആർഎസ്എസ് നീക്കങ്ങൾക്ക് മധ്യസ്ഥരാകുന്ന നിലയിലേക്ക് കോൺഗ്രസ് തരംതാണുവെന്ന് ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. എൽഡിഎഫ് ഭരണിക്കാവിലും വള്ളികുന്നം പുത്തൻചന്തയിലും നടത്തിയ പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 ആർഎസ്എസ്‌ വക്കാലത്ത് എടുത്ത കെപിസിസി കിഫ്ബിയെ തകർക്കാനുള്ള ബിജെപി നീക്കങ്ങൾക്ക് കൂട്ടുനിൽക്കുകയാണ്. കേരളത്തിൽ പിണറായി സർക്കാർ നടപ്പാക്കുന്ന സ്വപ്‌നതുല്യ വികസന പദ്ധതികളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ഇക്കൂട്ടർ കൂട്ടുപിടിക്കുകയാണ്. 
നാലു മിഷനുകളിലൂടെ ആരോഗ്യ വിദ്യാഭ്യാസ സേവന പശ്ചാത്തല മേഖകളിൽ നടപ്പാക്കിയ വികസനം ലോക രാജ്യങ്ങൾ പോലും അത്‌ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അവർ ഈ വികസനത്തിന്റെ രഹസ്യം പഠിക്കാൻ നമ്മളെ അങ്ങോട്ടു ക്ഷണിക്കുന്നു. എല്ലാ മേഖലകളിലും കേരളം ബ്രാൻഡ് നെയിമാകുന്നു. 
 ഇതു കണ്ടിട്ട് കോൺഗ്രസിനും ബിജെപിക്കും സഹിക്കുന്നില്ല. ഏറ്റവും ഒടുവിൽ കെ ഫോൺ പദ്ധതി അട്ടിമറിച്ച് ജിയോയെ വളർത്താനാണ് ശ്രമം. രാജ്യത്തെ പട്ടിണിയില്ലാത്ത സംസ്ഥാനമായി കേരളം വളർന്നു. കോൺഗ്രസ്‌  പ്രചാരണങ്ങളിലോ മാനിഫെസ്‌റ്റോയിലോ ബിജെപിക്കെതിരെ ഒരു പരാമർശവുമില്ലെന്നത്‌ ഞെട്ടിപ്പിക്കുന്നതാണ്. എത്ര തടസ്സപ്പെടുത്തിയാലും ഇടതു സർക്കാർ തുടങ്ങിവെച്ചത് പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 
  കെ ജി ഹരികുമാർ അധ്യക്ഷനായി. ആർ ഗംഗാധരൻ, എ എം ഹാഷിർ, ബി വിശ്വനാഥൻ, ജി രമേശ്കുമാർ, എസ് ജ്യോതികുമാർ, നികേഷ് തമ്പി, സിബി വർഗീസ്, ഗോപിനാഥപിള്ള എന്നിവർ സംസാരിച്ചു.
 പുത്തൻചന്തയിൽ  കെ ചന്ദ്രൻ അധ്യക്ഷനായി. ആർ രാജേഷ് എംഎൽഎ, അഡ്വ. എൻ എസ് ശ്രീകുമാർ, അഡ്വ. വി കെ അനിൽ, കെ ജയമോഹൻ, കെ രാജു എന്നിവർ സംസാരിച്ചു. എൽഡിഎഫ് പഞ്ചായത്ത് കൺവീനർ അഡ്വ. വി കെ അജിത്ത് സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top