ആലപ്പുഴ
സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായി ഒറ്റദിവസം ഒറ്റമണിക്കൂർ തീവ്ര ശുചീകരണ യജ്ഞം ജില്ലയിൽ 1599 കേന്ദ്രങ്ങളിൽ നടന്നു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. രാവിലെ 10 മുതൽ 11 വരെയായിരുന്നു തീവ്രശുചീകരണയജ്ഞം. ബസ് സ്‌റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ, പാർക്കുകൾ വിനോദസഞ്ചാരകേന്ദ്രങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയയിടങ്ങൾ ശുചീകരിച്ചു.
നഗരസഭയിൽ ഒരു ഡിവിഷനിൽ രണ്ട് പ്രവൃത്തികളും പഞ്ചായത്തുകളിൽ വാർഡുതലത്തിൽ ഓരോ പ്രവൃത്തികളുമാണ് നടത്തിയത്. ജില്ലാതല ശുചീകരണം എ എം ആരിഫ് എംപി ഉദ്‌ഘാടനംചെയ്‌തു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായ പ്രതിജ്ഞയും എംപി ചൊല്ലിക്കൊടുത്തു. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ നൂറിലധികം വരുന്ന ജവാൻമാർ ക്യാമ്പയിനിന്റെ ഭാഗമായി.
ആലപ്പുഴ സ്വകാര്യബസ് സ്‌റ്റാൻഡിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ കെ കെ ജയമ്മ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ എ എസ് കവിത, എം ആർ പ്രേം, നസീർ പുന്നക്കൽ, എം ജി സതീദേവി, വാർഡ് കൗൺസിലർമാരയ ബി നസീർ, ബിന്ദു തോമസ്, ഹെലൻ ഫെർണാണ്ടസ്, റഹിയാനത്ത്, ശുചിത്വ മിഷൻ അസിസ്‌റ്റന്റ് കോ ഓർഡിനേറ്റർ മുഹമ്മദുകുഞ്ഞ് ആശാൻ, ഐടിബിപി 27–-ാം ബാറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റ് പി മനോജ്, അസിസ്‌റ്റന്റ് കമാൻഡന്റ് എ പി ജി പിള്ള, കെഎസ്‌ഡബ്ല്യു എംപി കോ–-ഓർഡിനേറ്റർ ആസാദ്, നഗരസഭ എച്ച്ഒ കെ പി വർഗീസ്, എച്ച്ഐമാരായ ബി മനോജ്, ജിഷ, നോഡൽ ഓഫീസർ ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
കായംകുളം എൻടിപിസി കേന്ദ്രീയ വിദ്യാലയത്തിൽ ശുചീകരണയജ്ഞം നടത്തി. എൻടിപിസി ജനറൽ മാനേജർ എസ് കെ റാം മുഖ്യാതിഥിയായി. രണ്ടാഴ്‌ച ടൗൺഷിപ്പുകൾ, അപ്രോച്ച് റോഡുകൾ, ആശുപത്രി, സ്‌കൂളുകൾ, പഞ്ചായത്ത് ഓഫീസ്, ബീച്ച് എന്നിവിടങ്ങളിൽ ശുചീകരണയജ്ഞം നടത്തും.
കായംകുളം നഗരസഭയിലെ 44 വാർഡിലും പൊതുജന പങ്കാളിത്തത്തോടെ ഒരുദിവസം ഒരുമണിക്കൂർ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭാതല പരിപാടി ബിഎസ്എൻഎൽ റോഡിൽ നഗരസഭാധ്യക്ഷ പി ശശികല ഉദ്ഘാടനംചെയ്‌തു. കൗൺസിലർ കെ പുഷ്‌പദാസ് അധ്യക്ഷനായി. രണ്ടിന് നഗരസഭയുടെയും എൻസിസി, എൻഎസ്എസ് വളന്റിയർമാരുടെയും നേതൃത്വത്തിൽ കായംകുളം കെഎസ്ആർടിസി ബസ്‌സ്‌റ്റാൻഡ് ശുചീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..