25 April Thursday

ബോംബ്‌ രാഷ്‌ട്രീയം തിരുവനന്തപുരത്ത്‌ എത്തിച്ചത്‌ കെ സുധാകരൻ: പി കെ ശ്രീമതി

പ്രത്യേക ലേഖകൻUpdated: Saturday Jul 2, 2022
ആലപ്പുഴ 
ബോംബ്‌ രാഷ്‌ട്രീയം തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. മുഖ്യമന്ത്രിയെ അപകടപ്പെടുത്താനുള്ള കോൺഗ്രസ്‌ ഭീകരപ്രവർത്തനത്തിനെതിരെ ആലപ്പുഴയിൽ നടന്ന  ജില്ലാറാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.
ധീരജിന്റെ കൊലപാതകം ചോദിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണെന്നു പറഞ്ഞയാളാണ്‌ സുധാകരൻ. കണ്ണൂർ ജില്ലാ കൗൺസിൽ പ്രസിഡന്റായിരുന്ന ടി കെ ബാലന്റെ വീട്ടിൽ ബോംബാക്രമണം നടന്നത്‌ കെ സുധാകരൻ ഡിസിസി പ്രസിഡന്റായിരിക്കെയാണ്‌. അന്ന്‌ ബാലന്റെ ഭാര്യയ്‌ക്കു പരിക്കേറ്റു. ഒരു മകന്‌ കണ്ണ്‌ നഷ്‌ടപ്പെട്ടു. സേവറി ഹോട്ടലിൽ  ബോംബാക്രമണത്തിൽ സിപിഐ എം പ്രവർത്തകനായ നാണു കൊല്ലപ്പെട്ടു. സുധാകരന്റെ ഗൺമാനാണ്‌ നാൽപ്പാടി വാസുവിനെ വെടിവച്ച്‌ കൊന്നത്‌. ഇ പി ജയരാജനെ ഗുണ്ടകൾ വെടിവച്ച സംഭവത്തിലെ പങ്ക്‌ സുധാകരൻ ഇതുവരെ നിഷേധിച്ചിട്ടില്ല. ബോംബും തോക്കും കൊണ്ട്‌ കളിക്കുന്ന രാഷ്‌ട്രീയമാണ്‌ സുധാകരന്റേത്‌. 
എ കെ ജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിക്കാൻ കോൺഗ്രസ്‌ തയ്യാറായിട്ടില്ല.  മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ വന്ന ഗുണ്ടകളെ കോൺഗ്രസുകാർ  മാലയിട്ടു സ്വീകരിച്ചു. 
എ കെ ജി സെന്റർ പാർടി പ്രവർത്തകരുടെ വികാരമാണ്‌. അത്‌ ആക്രമിച്ച്‌ സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാനായിരുന്നു കോൺഗ്രസ്‌ ശ്രമം. 
എല്ലാ മേഖലയിലും ഒന്നാം സ്ഥാനത്തെത്തിയ എൽഡിഎഫ്‌ സർക്കാർ  കൂടുതൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയാൽ തങ്ങൾക്ക്‌ ഒരിക്കലും അധികാരത്തിൽ വരാനാകില്ലെന്ന്‌ യുഡിഎഫിനറിയാം. 
ഇത്‌ മനസിലാക്കിയാണ്‌ ആരോപണങ്ങളുടെ പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിലാക്കി യുഡി എഫും ബിജെപിയും രംഗത്തെത്തിയത്‌. ഇവർ പറയുന്നതൊന്നും ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നതിന്റെ തെളിവാണ്‌ വൻ ഭൂരിപക്ഷത്തോടെ വീണ്ടും എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നത്‌.  അവർ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്‌ അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top