25 April Thursday

ഹൃദ്യം, സുന്ദരം 
വരവേൽപ്പ്‌

സ്വന്തം ലേഖകൻUpdated: Friday Jun 2, 2023

ചിരിത്താരകങ്ങള്‍... കളിചിരികളുമായി അക്ഷരലോകമുണർന്നു. പ്രവേശനോത്സവം ആഘോഷമാക്കി കുട്ടിക്കുരുന്നുകൾ വിദ്യാലയത്തിലെത്തി. 
ആലപ്പുഴ ഗവ. എസ്ഡിവി ജെബി സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ കുരുന്നുകളുടെ ആഹ്ലാദനിമിഷം ഫോട്ടോ : കെ എസ് ആനന്ദ്

ആലപ്പുഴ
സ്‌കൂൾ വരാന്തയിൽ മറഞ്ഞുനിന്ന മാതാപിതാക്കളെ നോക്കി ചിലർ ചിണുങ്ങി. കൂട്ടുകാരെ കണ്ടെത്താനുള്ള തിരക്കിൽ വേറെ കുറച്ചുപേർ. പുത്തൻ ചായംപൂശിയ, മനോഹരമായി അലങ്കരിച്ച ക്ലാസ്‌മുറികളിൽ അത്ഭുതലോകത്തെന്നപോലെ കുട്ടിക്കുറുമ്പുകാർ. 
  മിഠായിയും ബലൂണും പെൻസിലുകളുമായി അധ്യാപകർ എത്തിയതോടെ എല്ലാവരും ഹാപ്പി... അറിവിന്റെ കൊടുമുടി കയറാനെത്തിയ കുരുന്നുകളെ ഹൃദ്യമായി വരവേറ്റ്‌ ജില്ലയിലെ അക്ഷരമുറ്റങ്ങൾ. നവാഗതരെ സ്വീകരിക്കാൻ അധ്യാപകരും ജനപ്രതിനിധകളും നാട്ടുകാരും ഒരുമിച്ചതോടെ  സ്‌കൂളുകളിലെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി. മിക്കയിടങ്ങളിലും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ്‌ നവാഗതർക്ക്‌ സ്വീകരണം. 
  ജില്ലാ പ്രവേശനോത്സവം ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിൽ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. എ എം ആരിഫ് എംപി മുഖ്യപ്രഭാഷണവും പഠനോപകരണ വിതരണവും നടത്തി. കലക്‌ടർ ഹരിത വി കുമാർ മുഖ്യാതിഥിയായി. പുതിയ കൂട്ടുകാർക്കായി കലക്‌ടർ വേദിയിൽ ഗാനം ആലപിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം വി ഉത്തമൻ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ്‌പ്രസിഡന്റ് എം സന്തോഷ്‌കുമാർ, എസ്എസ്‌കെ ജില്ലാ പ്രോജക്‌ട്‌ കോ–-ഓർഡിനേറ്റർ ഡി എം രജനീഷ്, ആർഡിഡി വി കെ അശോക്‌കുമാർ, വിഎച്ച്എസ്ഇ എഡി ഷാജു തോമസ്, ഡോ. കെ ജെ ബിന്ദു, പ്രിൻസിപ്പൽ കെ രശ്‌മി, പ്രഥമാധ്യാപകൻ പി ആനന്ദൻ, പിടിഎ പ്രസിഡന്റ് പി അക്ബർ, പഞ്ചായത്തംഗം പുഷ്‌പവല്ലി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top