26 April Friday

ഉയർന്നു സ്വപ്‌നഭവനങ്ങൾ

ടി ഹരിUpdated: Friday Jun 2, 2023

പ്രളയാതിജീവനത്തിന്റെ ഭാഗമായി കനകാശേരിയിൽ ഉത്തമനും ഭാര്യ 
സീനയ്ക്കുമായി റീബിൽഡ് കേരള പദ്ധതിയിൽ അടിത്തറ ഉയർത്തി നിർമിച്ച വീട്

ആലപ്പുഴ
മഹാപ്രളയത്തിൽ കുട്ടനാട്ടിലെ മുഴുവൻ വീടുകളും വെള്ളത്തിൽ മുങ്ങിയിരുന്നു. വെള്ളമിറങ്ങിയപ്പോൾ എക്കലും മണ്ണും തടികളും അടിഞ്ഞ്‌ നാശോൻമുഖമായ വീടുകൾ സന്നദ്ധപ്രവർത്തകരെത്തി ശുചീകരിച്ചാണ്‌ താമസിക്കാൻ സൗകര്യമൊരുക്കിയത്‌. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ വേഗത്തിൽ ദുരിതബാധിതർക്ക്‌ സഹായമെത്തി. 2.5 ലക്ഷം മുതൽ 10,000 രൂപവരെ 1286 കുടുംബങ്ങൾക്ക്‌ സഹായം ലഭിച്ചു. ഇവരെ ലൈഫ്‌  പദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. 
സംസ്ഥാന സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ 2178 വീടുകൾ നിർമിച്ചു. ജില്ലയിൽ 201 വീടുകളിൽ 75 എണ്ണവും കുട്ടനാട്ടിലാണ്‌. 4.95 ലക്ഷം രൂപ സഹകരണവകുപ്പ്‌ നൽകി. വെള്ളം കയറാതിരിക്കാൻ തൂണുകളിൽ ഉയർത്തി നിർമിച്ച വീടുകൾ കുട്ടനാടിന്റെ പ്രളയാതിജീവനത്തിന്റെ അടയാളങ്ങളാണ്‌. 
സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന പുനർനിർമാണ പ്രവർത്തനങ്ങൾക്ക് വിവിധ വകുപ്പുകൾ, സന്നദ്ധസംഘടനകൾ എന്നിവർ വലിയസഹായം നൽകി. സഹകരണവകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പല സംഘടനകളും മികച്ച രീതിയിൽ സഹകരിച്ചു. വീട്‌ നിർമാണത്തിന്‌  സഹകരണസംഘങ്ങൾ, പദ്ധതിക്ക് വേണ്ട സാങ്കേതിക സഹായം നൽകിയ കില, കേപ്പ്, എൻജിനിയറിങ് കോളേജുകൾ, യുഎൽസിസിഎസ്, നിർമിതി, കോസ്‌റ്റ്‌ഫോർഡ് എന്നീ സ്ഥാപനങ്ങളും രംഗത്തുണ്ടായിരുന്നു. 
കെയർഹോം പദ്ധതിയിലെ ഗുണഭോക്താക്കൾക്ക്‌ ഹെൽത്ത് കാർഡ്, പ്രഥമശുശ്രൂഷാ കിറ്റ്, വെള്ളം കയറാത്ത ഫയൽഫോൾഡർ എന്നിവയും നൽകി. 2018ലെ മഹാപ്രളയത്തിൽ നിരവധി വീടുകൾ നശിച്ചു. കോടുപാടുണ്ടായി വാസയോഗ്യമല്ലാതായവ ഏറെ. റീബിൽഡ്‌ കേരള പദ്ധതിയിൽ നിരവധി വീടുകൾ പുനർനിർമിച്ചു. വെള്ളപ്പൊക്കനിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തോട്ടപ്പള്ളി സ്‌പിൽവെയുടെയും ലീഡിങ്‌ ചാനലിന്റെയും നവീകരണം, കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും 420 കിലോമീറ്റർ ചാനലുകളും തോടുകളും നവീകരിക്കൽ, നീരൊഴുക്കിനും ജലഗതാഗതത്തിനും തടസമായ പാലങ്ങളുടെയും അനുബന്ധ നിർമിതികളുടെയും നവീകരണം എന്നിവ പുരോഗമിക്കുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top