28 March Thursday
കെെവിട്ട്
കേന്ദ്രം

വീണ്ടും 
തഴഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

 സ്വന്തം ലേഖകൻ

ആലപ്പുഴ
കേന്ദ്രബജറ്റിൽ ആലപ്പുഴയെ വീണ്ടും തഴഞ്ഞു. കഴിഞ്ഞ വർഷത്തേതുപോലെ പൂർണ അവഗണനയാണ്‌ ഇക്കുറിയും. വിവിധ മേഖലകളിലായി നിരവധി ആവശ്യങ്ങളാണ്‌ എ എം ആരിഫ്‌ എംപി കേന്ദ്രസർക്കാരിന്‌ സമർപ്പിച്ചത്‌. റെയിൽവേയുടേതടക്കം ഒരാവശ്യത്തിനും പച്ചക്കൊടി കിട്ടിയില്ല.
തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കലിനെക്കുറിച്ച്‌ മിണ്ടാട്ടമില്ല. എറണാകുളം–-തുറവൂർ പാത ഇരട്ടിപ്പിക്കലിന്‌ അംഗീകാരമായെങ്കിലും തുറവൂർ–-അമ്പലപ്പുഴ പദ്ധതിക്ക്‌ അനക്കമില്ല. 1500 കോടി രൂപയുടെ പദ്ധതിയാണ്‌. തുക ബജറ്റിൽ ഉൾക്കൊള്ളിക്കാൻ കേന്ദ്ര റെയിൽമന്ത്രിയോടും നീതി ആയോഗിനോടും എംപി ആവശ്യം ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. 
 എംപിയുടെ ആവശ്യം പരിഗണിച്ച്‌ അമൃത് ഭാരത് പദ്ധതിയിൽ ആലപ്പുഴ, കായംകുളം സ്‌റ്റേഷനുകളെ ഉൾപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ്‌ ലോകനിലവാരത്തിൽ ആലപ്പുഴ റെയിൽവേ സ്‌റ്റേഷൻ നവീകരണം മുന്നോട്ടുവച്ചത്‌. ഇതും കടലാസിൽത്തന്നെ. കരുനാഗപ്പള്ളി സ്‌റ്റേഷനും മതിയായ ഫണ്ട്‌ അനുവദിച്ചില്ല. 
 ആലപ്പുഴ ബീച്ചിൽ നടപ്പാക്കുന്ന 250 കോടി രൂപയുടെ മെറീന പോർട്ട്‌ കം ബീച്ച്‌ പദ്ധതി തത്വത്തിൽ അംഗീകരിച്ചെങ്കിലും ബജറ്റ്‌ നൽകുന്നത്‌ നിരാശയാണ്‌. ആലപ്പുഴ ഹെറിറ്റേജ്‌ ടൗൺഷിപ് പദ്ധതി, നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന പുന്നമടയിൽ സ്ഥിരം പവിലിയൻ, സിബിഎല്ലിന്‌ കൂടുതൽ ഫണ്ട്‌, പാതിരാമണൽ ദ്വീപിനെ ആലപ്പുഴയിലെ മറ്റ്‌ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി  ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ പദ്ധതി, സാഗരമാല പദ്ധതിയിൽ ചേർത്തലയെയും കുമരകത്തെയും -ഉൾപ്പെടുത്തി വിനോദസഞ്ചാര ഇടനാഴി എന്നീ ആവശ്യങ്ങളും തള്ളി.  
  ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രി, ചേർത്തല, കായംകുളം, ഹരിപ്പാട്‌, കരുനാഗപ്പള്ളി  താലൂക്ക്‌ ആശുപത്രികൾ എന്നിവിടങ്ങളിൽ ട്രോമ കെയർ സംവിധാനമൊരുക്കാൻ ഫണ്ട്‌ അനുവദിക്കണമെന്ന എംപിയുടെ ആവശ്യവും പരിഗണിച്ചില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top