26 April Friday

കേന്ദ്ര അവഗണനയ്‌ക്ക്‌ കേരളത്തിന്റെ താക്കീത്‌

സ്വന്തം ലേഖകൻUpdated: Wednesday Dec 1, 2021

കേന്ദ്ര അവഗണയ്ക്കെതിരെ എൽഡിഎഫ‍് നടത്തിയ ധർണ ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേന്ദ്ര അവഗണനയ്‌ക്കെതിരെ  ജനങ്ങളുടെ പ്രതിഷേധ നിര. സംസ്ഥാനത്തിന്റെ അവകാശങ്ങളും വികസന ആവശ്യങ്ങളും വിഹിതവും നിഷേധിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ എൽഡിഎഫ്‌ സംഘടിപ്പിച്ച ബഹുജന ധർണ താക്കീതായി. ആലപ്പുഴയിൽ കനത്ത മഴയെ അവഗണിച്ചും ജനങ്ങൾ സമര കേന്ദ്രത്തിലേക്ക്‌ ഒഴുകിയെത്തി. 
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ.  ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സ്വാ​ഗതവും പി പി ചിത്തരഞ്ജൻ എംഎൽഎ നന്ദിയും പറഞ്ഞു. 
  സിപിഐ സംസ്ഥാന അസിസ്‌റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, തോമസ് കെ തോമസ് എംഎൽഎ, ജോർജ്ജ്കുട്ടി ആ​ഗസ്‍തി (കേരള കോൺ​ഗ്രസ് എം), നസീർ പുന്നയ്‍ക്കൽ (എൽജെഡി), ഐ ഷിഹാബുദ്ദീൻ (കേരള കോൺ​ഗ്രസ് എസ്), ബി അൻഷാദ് (ഐഎൻഎൽ), സജു എടയ്‍ക്കാട് (കേരള കോൺ​ഗ്രസ് സ്‍കറിയ തോമസ്‌), അംബിക വേണു​ഗോപാൽ (കേരള കോൺ​ഗ്രസ് ബി), തുടങ്ങിയവർ സംസാരിച്ചു. എച്ച് സലാം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജി കൃഷ്‍ണപ്രസാദ് , കെ എസ് പ്രദീപ്കുമാർ, എം സത്യപാലൻ, തുടങ്ങിയവർ പങ്കെടുത്തു.

പോരാട്ടം നാടിന്റെ അവകാശങ്ങള്‍ക്ക്: തോമസ് ഐസക്

ആലപ്പുഴ
കേരളത്തോട്‌ കേന്ദ്രസർക്കാരിന്റെ വിവേചനവും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കൈക്കലാക്കാൻ ശ്രമിക്കുന്നതും ചെറുക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം ഡോ. ടി എം തോമസ് ഐസക്. കേന്ദ്ര അവഗണനയ്‌ക്കെതിരെ എൽഡിഎഫ്‌ സംഘടിപ്പിച്ച പ്രതിഷേധധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ അവകാശങ്ങൾക്ക്  പോരാടുന്നത് എൽഡിഎഫാണ്. കേരളത്തിന്റെ വികസനത്തെ അവഗണിക്കുന്ന ബിജെപിക്കും ചൂട്ടുപിടിക്കുന്ന കോൺ​ഗ്രസിനും ഇവിടെ സ്ഥാനമുണ്ടാകില്ല. 
   നാനാത്വത്തിൽ ഏകത്വമെന്ന രീതി തിരസ്‍കരിക്കുന്ന പാർടിയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഇത്തരം സമീപനം കേരളംപോലെയുള്ള സംസ്ഥാനങ്ങളെയാണ് ബാധിക്കുന്നത്. കാരണം നമ്മൾ വേറിട്ട് നടക്കുന്നവരാണ്.
ദേശീയപാത ആറുവരിയാക്കാൻ മറ്റെല്ലായിടത്തും ചെലവ് വഹിക്കുന്നത് കേന്ദ്രസർക്കാരാണ്. കേരളത്തിൽ ഭൂമിയേറ്റെടുക്കുന്നതിന് തുക സംസ്ഥാനം നൽകണം.   സംസ്ഥാനങ്ങളുമായി പങ്കുവയ്‍ക്കേണ്ട നികുതികൾ കൂട്ടാതെ മറ്റുള്ളവ വർധിപ്പിച്ച് തരാതിരിക്കുകയാണ് കേന്ദ്രം. എയിംസ് തരുമെന്ന് പറഞ്ഞു, കഞ്ചിക്കോട് ഫാക്‍ടറി തരുമെന്ന് പറഞ്ഞു, ഇതെല്ലാം എവിടെ?. മുംബൈ, പുണെ അതിവേ​ഗ ട്രെയിനുണ്ടല്ലോ, വേറെ മൂന്നെണ്ണം നിർമിക്കുകയല്ലേ, നഷ്‌ടമാണെങ്കിൽ എന്തിനാണ് അവിടെയൊക്കെ നിർമിക്കുന്നത്.   25 വർഷം കഴിഞ്ഞുള്ള കേരളത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. കർഷകസമരം കൃഷിക്കാരുടെ മനസിൽ മാറ്റംവരുത്തി  –- അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top