19 April Friday

സഹകരണ മേഖലയ്‍‍ക്കെതിരായ 
റിസര്‍വ്‌ ബാങ്ക് നീക്കം അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
ആലപ്പുഴ
സഹകരണമേഖലയുടെ വിശ്വാസ്യത തകര്‍ത്ത്‌ കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന റിസര്‍വ്‌ ബാങ്ക് നയത്തില്‍  കേരളാ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ബാങ്കിങ്‌ റഗുലേഷന്‍ ആക്‌ട്‌ ഭേദഗതിയുടെ മറവില്‍ വോട്ടവകാശമുള്ള അംഗങ്ങളില്‍നിന്ന്‌ മാത്രമേ നിക്ഷേപം സ്വീകരിക്കാവൂ എന്നും അവര്‍ക്കുമാത്രമേ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആൻഡ്‌ ക്രഡിറ്റ് ഗ്യാരണ്ടി  കോര്‍പറേഷന്‍ പരിരക്ഷ ലഭിക്കൂ എന്നുമാണ്‌ റിസര്‍വ്‌ ബാങ്കിന്റെ പത്രക്കുറിപ്പ്. ഇത്‌ സഹകരണ ബാങ്കുകളിലെ നിക്ഷേപകരില്‍ തെറ്റിദ്ധാരണ സൃഷ്‌ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരളാ കോ -ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഫണ്ട് ബോര്‍ഡിന്റെ പരിരക്ഷയുള്ളപ്പോഴാണ് ഈ പ്രചാരണം. വിവിധ കേന്ദ്ര ഏജന്‍സികളുടെ നിരന്തര ഇടപെടലുകള്‍ക്കെതിരെ കേരളത്തിലെ സഹകാരികളും ജീവനക്കാരും നടത്തിയ ചെറുത്തുനില്‍പ്പും സുപ്രീംകോടതി വിധിയും അട്ടിമറിച്ചാണ് റിസര്‍വ്‌ ബാങ്കിന്റെ നീക്കം. 
കേരളത്തില്‍ സഹകരണ മേഖലയിലുള്ള രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങളില്‍ എത്തിക്കാനുള്ള പദ്ധതിയാണ് ഇതിന്‌ പിന്നിലെന്നും യൂണിയന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഡി ബാബു അധ്യക്ഷനായി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ പ്രദീപ്, സെക്രട്ടറി ആര്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി  പി യു ശാന്താറാം, മനുദിവാകരന്‍, പി വി കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top