28 March Thursday
റോഡിന്‌ 6 കോടി

തകഴിയിൽ പൈപ്പ്‌ മാറ്റും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
 
അമ്പലപ്പുഴ 
നിരന്തരം പൈപ്പ് പൊട്ടുന്ന തകഴിയിൽ പൈപ്പ് മാറ്റിസ്ഥാപിക്കാൻ അടിയന്തര നടപടിയെടുക്കും. ആലപ്പുഴ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലയും രൂക്ഷമായ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ എംഎൽഎ എച്ച് സലാം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി  ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. എച്ച് സലാമിനെ കൂടാതെ ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്‌ജനും യോഗത്തിൽ പങ്കെടുത്തു. 
    പൈപ്പ് മാറ്റുമ്പോൾ പൊളിച്ച റോഡിന്റെ പുനർനിർമാണത്തിന് ആവശ്യമായ ആറുകോടിയോളം രൂപ വാട്ടർ അതോറിറ്റിക്ക്‌ നൽകും.
പൊതുമരാമത്തുവകുപ്പുമായി ചർച്ചചെയ്‌തും ജലനിരപ്പുകൂടി പരിശോധിച്ചുമാകും പൈപ്പ് മാറ്റേണ്ട സമയം നിശ്ചയിക്കുക. നിലവിലെ പമ്പ്ഹൗസുകളിൽ പുതിയ എട്ട്‌ കുഴൽക്കിണർ സ്ഥാപിക്കുന്നതിന് 72.96 - ലക്ഷം രൂപ നൽകാനും കൂടുതൽ കുഴൽക്കിണറുകൾക്കുവേണ്ടി 34 ലക്ഷം രൂപ കൂടി അനുവദിക്കാനും തീരുമാനിച്ചു. ജലവിതരണലൈനുകളിലെ തടസങ്ങൾ മാറ്റാൻ നടപടി സ്വീകരിക്കും. 
ജലജീവൻ, അമൃത് എന്നീ പദ്ധതികളിൽ ഉൾപ്പെടാത്ത ലൈനുകളിലെ പൈപ്പുകൾ മാറ്റുന്നതിന് പ്രത്യേകം പണം അനുവദിക്കും. 
  റോഡ് പൊട്ടിച്ച് ചെയ്യേണ്ടിവരുന്ന സ്ഥലങ്ങളിലെ അറ്റകുറ്റപ്പണി സംബന്ധിച്ച് പൊതുമരാമത്തുവകുപ്പുമായി ചർച്ചചെയ്‌ത്‌ നടപടി സ്വീകരിക്കും. 
ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ വാട്ടർ ടാങ്കുകൾ സമയബന്ധിതമായി നിർമിക്കാനും തീരുമാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top