ആലപ്പുഴ
കനത്തമഴയിൽ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ കൃഷി നാശമുണ്ടായി. ആലപ്പുഴ, ചമ്പക്കുളം, രാമങ്കരി ബ്ലോക്കുകളിൽ പത്തോളം പാടങ്ങളിലായി 1000 ഏക്കറിന് മുകളിൽ നെൽപ്പാടം നശിച്ചു. പുറക്കാടും പുന്നപ്രയിലും കഴിഞ്ഞ ദിവസങ്ങളിലാണ് കൊയ്‌ത്ത് തുടങ്ങിയത്, എന്നാൽ ശക്തിയായി തുടരുന്ന മഴ കൊയ്യാൻ ബാക്കിയായ പാടങ്ങളിലെ കൃഷിയെ ബാധിച്ചു. ശനിയാഴ്‌ച കൊയ്യേണ്ട ചമ്പക്കുളത്ത് വെള്ളംകെട്ടിയതിനാൽ കൊയ്‌ത്ത് യന്ത്രങ്ങൾ പാടത്തിറക്കാനായില്ല. പാടത്ത് കൊയ്‌ത്ത് മാറ്റിവച്ചു.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ (ഐഎംഡി) കണക്കനുസരിച്ച് ജില്ലയിൽ 29ന് രാവിലെ 8.30 മുതൽ 30ന് രാവിലെ 8.30 വരെ ശരാശരി 23.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ചേർത്തല 70.6, കായംകുളം 49.0, മാവേലിക്കര 87.2, ആലപ്പുഴ 23.8, മങ്കൊമ്പ് 48.0, ഹരിപ്പാട് 32.0 എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിൽ ലഭിച്ച മഴ. ആലപ്പുഴ ചമ്പക്കുളം, തകഴി ഭാഗങ്ങളിലെ താഴ്‌ന്നപ്രദേശങ്ങളിൽ വെള്ളംകയറി.
കൊയ്‌ത്ത് സുഗമമാക്കാൻ കമ്മിറ്റികൾ
ആലപ്പുഴ
കൊയ്ത്ത് യന്ത്രങ്ങളുടെ നിരക്ക് കഴിഞ്ഞവർഷത്തെപോലെതന്നെ പരമാവധി 2000 രൂപയായി നിശ്ചയിക്കുന്നതിനും കലക്ടറേറ്റിലെ യോഗം തീരുമാനിച്ചു. കൊയ്ത്ത് സുഗമമായി നടത്തുന്നതിന് ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും കമ്മിറ്റികൾ ഉടൻതന്നെ രൂപീകരിക്കാൻ യോഗം നിർദ്ദേശിച്ചു. ബ്ലോക്ക് തല കമ്മിറ്റി നാലിനും പഞ്ചായത്തുതല കമ്മിറ്റി അഞ്ചിനും മുമ്പ് ചേരണമെന്ന് കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൊയ്ത്തിനായി 120 യന്ത്രങ്ങൾ വരെ ലഭ്യമാക്കാമെന്ന് കൊയ്ത്ത് മെഷീനുകളുടെ ഏജന്റുമാർ യോഗത്തിൽ പറഞ്ഞു.
ബ്ലോക്ക് തല-–പഞ്ചായത്ത് തല സമിതികൾ കൊയ്ത്ത് യന്ത്രങ്ങളുടെ ലഭ്യത, കൊയ്ത്തിന്റെ പ്രാമുഖ്യം തീരുമാനിക്കൽ എന്നിവ പരിശോധിക്കണം. അടിയന്തര സാഹചര്യം ഉണ്ടെങ്കിൽ ജില്ലാ ഭരണകേന്ദ്രത്തെയും പാഡി ഓഫീസർമാരെയും നേരത്തെ തന്നെ അറിയിക്കണം.
കൊയ്‍ത്ത് യന്ത്രങ്ങൾ ഉറപ്പാക്കും: -
മന്ത്രി പി പ്രസാദ്
ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ കൊയ്ത്ത് യന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും കൊയ്‌ത നെല്ല് ഉടൻ ശേഖരിക്കുമെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കുട്ടനാട് ഉൾപ്പെടെ പാടങ്ങളിലെ രണ്ടാം നെൽകൃഷി വിളവെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാനും കൊയ്ത നെല്ല് ഉടന്‍തന്നെ സംഭരിക്കാൻ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു. കലക്ടറേറ്റിൽ ചേർന്ന കൃഷിക്കാരുടെയും കൊയ്ത്ത് യന്ത്ര ഉടമകളുടെയും യോഗത്തിൽ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു മന്ത്രി. പുഞ്ച കൃഷിക്കാവശ്യമായ വിത്തുകൾ യഥാസമയം തന്നെ ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിർദ്ദേശം നൽകി. ഇതിനായി മന്ത്രിതന്നെ നേരിട്ട് പങ്കെടുത്ത് കുട്ടനാട്ടില്‍ യോഗം ചേരും.
തോമസ് കെ തോമാസ് എംഎൽഎ, കലക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ബിനു ഐസക് രാജു, പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിത ജയിംസ്, മെക്കനൈസേഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഡോ. യു ജയകുമാരൻ, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എ അരുൺ കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..