ആലപ്പുഴ
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന നവകേരള സദസ് ഡിസംബർ 14,15,16 തീയതികളിൽ ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ ചേരും. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു. മന്ത്രി പി പ്രസാദ് ഓൺലൈനായും പങ്കെടുത്തു.
നവകേരളം നിർമിക്കുകയെന്ന പരിശ്രമത്തിലാണ് സർക്കാരെന്നും ജില്ലയിലെ 9 മണ്ഡലങ്ങളിലും നടത്തുന്ന സദസുകളിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീരസദസുകളിലൂടെയും ഫയൽ തീർപ്പാക്കൽ അദാലത്തുകളിലൂടെയും പൊതുജനങ്ങളുടെ നിരവധി പ്രശ്‌നങ്ങളും ആവശ്യങ്ങളും പരിഹരിക്കാനായി. ഇതൊക്കെയും സാധിച്ചത് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കൂട്ടായ പരിശ്രമത്തിലൂടെയാണ്. കേരളത്തെ ലോകത്തിന് മുന്നിൽ എടുത്തു കാണിക്കുന്ന ഇത്തരം പരിപാടികളിലും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഓരോ നവകേരള സദസിലും 25,000 പേരെ പങ്കെടുപ്പിക്കും.
സർക്കാർ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുക, വിവിധ മേഖലകളിലെ പ്രമുഖരുമായി സംവാദങ്ങളും ചർച്ചയും നടത്തുക തുടങ്ങിയവയാണ് നവകേരള സദസിലൂടെ ഉദ്യേശിക്കുന്നതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ഇന്ത്യയിൽതന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്തെ ക്യാബിനറ്റ് മുഴുവനായും ജനങ്ങളിലേക്ക് എത്തുന്നതെന്നും അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മണ്ഡലതലം മുതൽ വാർഡ്തലം വരെ സംഘാടക സമിതി രൂപീകരിക്കും. ഹരിപ്പാട് മണ്ഡലത്തിൽ എ എം ആരിഫ് എംപിക്കും കുട്ടനാട് മണ്ഡലത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിക്കും പ്രത്യേക ചുമതല നൽകി. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ എ എം ആരിഫ് എംപി, എംഎൽഎമാരായ എച്ച് സലാം, തോമസ് കെ തോമസ്, ദലീമ , ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കലക്ടർ ഹരിത വി കുമാർ, നഗരസഭാധ്യക്ഷ കെ കെ ജയമ്മ തുടങ്ങിയവർ പങ്കെടുത്തു.
സംഘാടകസമിതി
6 മുതൽ
നവകേരള സദസ് സംഘാടകസമിതി രൂപീകരണം ഒക്ടോബർ ആറുമുതൽ നടക്കും. ഓരോ നിയോജക മണ്ഡലങ്ങളിലും അതത് എംഎൽഎമാർ ചെയർമാനായി സംഘാടക സമിതി രൂപീകരിക്കും. കലക്ടറാണ് പരിപാടിയുടെ ജില്ലാ കോ–--ഓർഡിനേറ്റർ.
ആറിന് പകൽ 3ന് മാവേലിക്കര, വൈകിട്ട് 5ന് ചെങ്ങന്നൂർ, എട്ടിന് പകൽ 3ന് കായംകുളം, 9ന് രാവിലെ 10ന് ചേർത്തല, 13ന് പകൽ 3ന് അരൂർ, 16ന് പകൽ 3ന് ഹരിപ്പാട്, 17ന് പകൽ 3ന് ആലപ്പുഴ, 18ന് പകൽ 3ന് കുട്ടനാട്, വൈകിട്ട് 5ന് അമ്പലപ്പുഴ എന്നിങ്ങനെയാണ് മണ്ഡല സംഘാടക സമിതി യോഗങ്ങൾ. മണ്ഡലതലത്തിൽ കൺവീനർ, ജോയിന്റ് കൺവീനറായി ജില്ലാതല/ താലൂക്ക് തല ഉദ്യോഗസ്ഥരേയും തെരഞ്ഞെടുത്തിട്ടുണ്ട്. വിപുലമായ സംഘാടക സമിതി യോഗം സമയബന്ധിതമായി പൂർത്തീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..