ഹരിപ്പാട്
ഇന്ത്യ മുഴുവൻ കോർപറേറ്റുകൾ കൊള്ളയടിക്കുന്നതിന് കൂട്ടുനിൽക്കുന്ന ബിജെപി കരുവന്നൂരിന്റെ മാത്രം പേരിൽ സിപിഐ എമ്മിനെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്ന് പാർടി കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. ആസൂത്രിതവും സംഘടിതവുമായ എതിർപ്പുകളെ അതിജീവിക്കാൻ സിപിഐഎമ്മിനാവും. ചിന്ത റീഡേഴ്‌സ് ഫോറം ഹരിപ്പാട് ഏരിയതല ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം പഠിക്കാനും ചർച്ച ചെയ്യാനും ലക്ഷ്യമിട്ടാണ് ചിന്ത റീഡേഴ്‌സ് ഫോറം പ്രവർത്തിക്കുന്നത്. ആദ്യതലമുറ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട കേരളത്തിൽ പുതിയ തൊഴിലവസരങ്ങളും മികച്ച ക്ഷേമ പ്രവർത്തനങ്ങളും പശ്ചാത്തലവികസനവുമാണ് ഇനി ഉണ്ടാകേണ്ടത്. അതിനാണ് നവകേരള വികസന പദ്ധതി രൂപീകരിച്ചത്.
ഇടതുപക്ഷത്തിന്റെ വികസനബദൽ രാജ്യം ഭരിക്കുന്നവർക്ക് സ്വീകാര്യമല്ല. അവരെല്ലാം സ്വകാര്യമേഖലക്ക് തീറെഴുതുകയാണ്. പശ്ചാത്തല വികസനത്തിനു കോർപറേറ്റുകളെ ആശ്രയിച്ചാൽ അതിന്റെ ഭാരം സാധാരണ ജനത്തിന് താങ്ങാനാവില്ല. ഇതിന്റെ ബദലായ കിഫ്‌ബിയെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ടി കെ ദേവകുമാർ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ കമ്മിറ്റി അംഗം എം സത്യപാലൻ, ജില്ലാ സെക്രട്ടറിയറ്റംഗം കെ എച്ച് ബാബുജാൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ എസ് കൃഷ്‌ണകുമാർ, കെ മോഹനൻ സി പ്രസാദ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..