29 March Friday
യുഡിഎഫ്‌ 3–-ാം സ്ഥാനത്ത്‌

ചേർത്തലയിൽ എൽഡിഎഫിന്‌ ചരിത്രവിജയം

സ്വന്തം ലേഖകൻUpdated: Thursday Jun 1, 2023

ഉപതെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തെത്തുടർന്ന്‌ എൽഡിഎഫ്‌ പ്രവർത്തകർ ചേർത്തല നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തുന്നു

ചേർത്തല
നഗരസഭ 11–-ാം വാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ചരിത്രവിജയം. മുന്നണി സ്വതന്ത്ര സ്ഥാനാർഥി എ അജി 310 വോട്ടിന്റെ റെക്കോഡ്‌ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്‌. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തായിരുന്ന യുഡിഎഫ്‌ ഇക്കുറി മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. 
യുഡിഎഫ്‌, ബിജെപി സ്ഥാനാർഥികൾക്ക്‌ ലഭിച്ച വോട്ടിനേക്കാൾ അധികമാണ്‌ ഭൂരിപക്ഷം. കഴിഞ്ഞതവണ എൽഡിഎഫ്‌ സ്വതന്ത്രൻ എം ജയശങ്കർ 48 വോട്ടിന്റെ  ഭൂരിപക്ഷത്തിലാണ്‌ ജയിച്ചത്‌.പോൾചെയ്‌ത 1039 വോട്ടിൽ എ അജിക്ക്‌ 588 വോട്ട്‌ ലഭിച്ചപ്പോൾ ബിജെപിയിലെ അഡ്വ. പ്രേംകുമാർ കാർത്തികേയന്‌ 278, കോൺഗ്രസിലെ കെ ആർ രൂപേഷിന്‌ 173 എന്നിങ്ങനെയാണ്‌ നേടാനായത്‌. 2015ലെ തെരഞ്ഞെടുപ്പിൽ 301 വോട്ടും 2020ൽ 320 വോട്ടും നേടിയ യുഡിഎഫിന്‌ ഇത്തവണ ലഭിച്ചത്‌ കേവലം 173 മാത്രം. യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിയായ കെ ആർ രൂപേഷാണ്‌ ദയനീയ തോൽവി ഏറ്റുവാങ്ങിയത്‌. 
 നഗരസഭാ ഓഫീസ്‌ സ്ഥിതിചെയ്യുന്ന വാർഡിൽ വാശിയോടെയായിരുന്നു തെരഞ്ഞെടുപ്പ്‌. ചരിത്രവിജയം നേടിയ അജിയെ സ്വീകരിച്ച്‌ എൽഡിഎഫ്‌ പ്രവർത്തകർ നഗരത്തിൽ വിജയാഹ്ലാദപ്രകടനം നടത്തി. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിന്‌ സമീപം ചേർന്ന യോഗത്തിൽ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഡി ഷാജി അധ്യക്ഷനായി. സെക്രട്ടറി പി ഷാജിമോഹൻ, കെ പ്രസാദ്‌, എം സി സിദ്ധാർഥൻ, എൻ ആർ ബാബുരാജ്‌, ബി വിനോദ്‌, കെ സൂര്യദാസ്‌, ഷേർളി ഭാർഗവൻ, ടോമി എബ്രഹാം, എം അപ്പച്ചൻ എന്നിവർ സംസാരിച്ചു.  
എൽഡിഎഫ്‌ നേടിയ ഉജ്വലവിജയം മുന്നണിയുടെ ഭരണനടപടികൾക്ക്‌ ലഭിച്ച അംഗീകാരമായി. ബിജെപിയും യുഡിഎഫും നടത്തിയ കള്ളപ്രചാരണം വോട്ടർമാർ തള്ളി. നഗരസഭ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളും ശുചിത്വപരിപാലന പദ്ധതിയുമാണ്‌ എൽഡിഎഫ്‌ ഉയർത്തിക്കാട്ടിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top