20 April Saturday

ഗുരുവിന്റെ സ്‌നേഹത്തണലിൽ വിരിഞ്ഞു 
ദേവികയുടെ ഹൃദയാഭിലാഷം

വി ജി ഹരിശങ്കർUpdated: Saturday Apr 1, 2023

ദേവികയുടെ അമ്മ സിന്ധുവിന് അധ്യാപിക സന്ധ്യാ ദിനേശ് ഉപഹാരംനൽകുന്നു

തുറവൂർ
കണ്ണുനിറഞ്ഞു പോയി സന്ധ്യ ടീച്ചർക്ക്‌. എങ്ങനെ കഴിയുന്നു  സ്വന്തം ക്ലാസിലെ കുട്ടി ഈ വീട്ടിൽ. പ്ലാസ്റ്റിക് ഷീറ്റ് ചുറ്റിയ ഉറപ്പില്ലാത്ത കുടിൽ. രാത്രി ഉറക്കം അയൽ  വീട്ടിലും. അമ്മയും മകളും നിസഹായാവസ്ഥയുടെ ആഴക്കടലിൽ. 
പിന്നെ ഒന്നും ആലോചിച്ചില്ല. പത്താം ക്ലാസ് വിദ്യാർഥിനിയായ ദേവികയ്ക്ക്   സ്വന്തം പണം മുടക്കി വീട് നിർമിച്ച് നൽകി  തുറവൂർ ടിഡി സ്കൂളിലെ അധ്യാപിക സന്ധ്യാ ദിനേശ്‌. കുത്തിയതോട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ നാലുകുളങ്ങര നികർത്തിൽ വീട്ടിൽ സിന്ധുവിനും മകൾ ദേവികയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. . പത്താം ക്ലാസുകാരുടെ വീട് സന്ദർശനത്തിന്റെ ഭാഗമായി സന്ധ്യ എത്തിയപ്പോഴാണ് ദേവികയുടെ വീടിന്റെ ദുരവസ്ഥ കണ്ടത്. അത് ആ അധ്യാപികയുടെ ഉള്ളുലച്ചു. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അത് വൈകിയേക്കുമെന്ന് അറിയാനായി. കൂടുതൽ ആലോചിച്ചില്ല. ഭർത്താവും പട്ടണക്കാട് ഗവ.സ്കൂൾ അധ്യാപകനും കെഎസ്ടിഎ ജില്ലാ എക്സി. അംഗവുമായ എൻ ജി ദിനേഷ് കുമാറുമായി ആലോചിച്ച് രണ്ട് മുറിയുള്ള വീട് നിർമിച്ച് നൽകാൻ
തീരുമാനിച്ചു. വൈകാതെ നിർമാണം പൂർത്തിയാക്കി. ടി ഡി സ്കൂൾ കെഎസ്ടിഎ കൺവീനറാണ് സന്ധ്യ. ടിഡി സ്കൂളിലെ മറ്റൊരു അധ്യാപിക ജ്യോതി രണ്ട് ഫാൻ നൽകി. സ്റ്റഡി ടേബിളുമായി സ്കൂൾ മാനേജർ പ്രേംകുമാറുമെത്തി. വൈകാരിക നിമിഷങ്ങളിലായിരുന്നു ഗൃഹപ്രവേശം. സംസ്ഥാന മാരിടൈം ബോർഡംഗം എൻ പി ഷിബു താക്കോൽ കൈമാറി. ആശംസ നേരാൻ എ എം ആരിഫ് എംപിയുമെത്തി. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് എം ജി രാജേശ്വരി, കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി ജി ജയകുമാർ, സ്ഥിരംസമിതി അധ്യക്ഷൻ സി ടി വിനോദ്, കുത്തിയതോട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സിന്ധു ബിജു, ബ്ലോക്ക് പഞ്ചായത്തംഗം എൻ സജി, പി ഡി രമേശൻ, ടി ഡി സ്കൂൾ മാനേജർ പ്രേംകുമാർ, പഞ്ചായത്തംഗം ആശാലത, സിഡിഎസ് ചെയർപേഴ്സൺ രാജലക്ഷ്മി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top