28 March Thursday

ചങ്കാണ്‌ അതിഥി തൊഴിലാളികൾ

സ്വന്തം ലേഖകൻUpdated: Wednesday Apr 1, 2020
അമ്പലപ്പുഴ
അതിഥി തൊഴിലാളികൾക്ക് ലോക്ക് ഡൗൺകാലത്ത് സുരക്ഷിതതാവളവും ഭക്ഷണം ഉൾപ്പെടെയുള്ള സകല സൗകര്യങ്ങളും ഒരുക്കി തൊഴിലുടമ. അമ്പലപ്പുഴ കരുമാടി പാലയ്‌ക്കാട് വീട്ടിൽ അനിൽ കുമാറാണ് അതിഥി തൊഴിലാളികളെ കരുതലോടെ കൂടെനിർത്തുന്നത്‌. 
ഉർവശി ഏജൻസീസ് എന്ന പേരിൽ അനിൽ നടത്തുന്ന പപ്പട കമ്പനിയിൽ 40 അതിഥി തൊഴിലാളികളാണുള്ളത്. ശീതീകരിച്ച വിശ്രമ മുറികളും വിനോദത്തിന് ടിവിയും വിഭവ സമൃദ്ധമായ ഭക്ഷണവുമൊരുക്കിയാണ് അനിൽ ഒറീസക്കാരായ തൊഴിലാളികളെ പരിപാലിക്കുന്നത്‌. 1996ൽ ഭാര്യയും കുടുംബാംഗങ്ങളുമായി സ്വന്തം വീട്ടിൽ ആരംഭിച്ചതാണ്‌ പപ്പട നിർമാണം.  ഉർവശി പപ്പടം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമാണ്. 
 അതിഥി തൊഴിലാളികൾക്കൊപ്പം നാട്ടുകാരായ 50- സ്‌ത്രീകളും ജീവനക്കാരായുണ്ട്‌. ലോക്ക് ഡൗൺ കാലത്ത് ജോലിയില്ലാതെ വീട്ടിലായ ഇവർക്ക് ആഴ്‌ചയിൽ 500 മുതൽ 1000 രൂപ വരെ അനിൽ വീട്ടിലെത്തിക്കുന്നു. അതിഥി തൊഴിലാളികൾക്ക് വേണ്ട ടൂത്ത്‌പേസ്‌റ്റ്‌ മുതൽ ഭക്ഷണം വരെ അനിൽ നൽകും. ഇവരുടെ വീടുകളിലേക്ക് 2000 രൂപ വീതവും അയച്ചുകൊടുക്കുന്നുമുണ്ട്. 
 വ്യാപാരവിജയത്തിന്റെ നേരവകാശികളായ അതിഥി തൊഴിലാളികളെ ലോക്ക് ഡൗൺ കാലത്തുൾപ്പെടെ എങ്ങനെ സംരക്ഷിച്ചാലും അധികമാകില്ലെന്ന്‌ അനിൽ പറയുന്നു. യന്ത്രോപകരണങ്ങളുടെ സഹായമില്ലാതെയാണ്‌ പപ്പടനിർമാണം. സിവിൽ സപ്ലൈസിനായി അവിൽ, പൊടിയരി, റവ, പുട്ടുപൊടി, ഇടിയപ്പം പൊടി, ഇഡലിപ്പൊടി, സോയബോൾ എന്നിവയുടെ വിതരണവുമുണ്ട്‌ അനിലിന്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top