29 March Friday
കോവിഡ് 19

കരുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

 ആലപ്പുുഴ

കോവിഡ് 19 പശ്ചാത്തലത്തിൽ നിലവിലുള്ള നിരോധനാജ്ഞ ജില്ലയിൽ ഏപ്രിൽ 14ന്‌ രാത്രി 12 വരെ നീട്ടി. കോവിഡ് രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാലും ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരവുമാണ് നിരോധനാജ്ഞ നീട്ടിയത്. നേരത്തെ 31 വരെയാണ് പ്രഖ്യാപിച്ചിരുന്നത്.

6956 പേർ നിരീക്ഷണത്തിൽ

കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6956 പേർ. തിങ്കളാഴ്‌ച പുതുതായി 329 പേരെ നിരീക്ഷണത്തിലാക്കി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി,  ഹരിപ്പാട്‌ താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങളിൽ 11 പേർ നിരീക്ഷണത്തിലുണ്ട്‌. വീടുകളിൽ 6945 പേരാണ്‌ നിരീക്ഷണത്തിൽ. ചൊവ്വാഴ്‌ച ഒരാളെ ആശുപത്രി നിരീക്ഷണത്തിലാക്കി. 
കോവിഡ്‌ 19 സ്ഥിരീകരിച്ചയാൾ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിശോധനയ്‌ക്ക്‌ അയച്ച 273 സാമ്പിളുകളിൽ ഫലംവന്ന 243 എണ്ണവും നെഗറ്റീവാണ്‌. ചൊവ്വാഴ്‌ച 20 സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു.

144 കേസ്‌ 

171 അറസ്‌റ്റ്‌

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന്‌ ജില്ലയിൽ ചൊവ്വാഴ്‌ച 143 കേസെടുത്തു. 171 പേരെ അറസ്‌റ്റു ചെയ്‌തു. 71 വാഹനങ്ങൾ പിടിച്ചെടുത്തു. റോഡരികിൽ കൂട്ടംകൂടിനിന്ന 48 പേരെയും വ്യാജ സത്യവാങ്മൂലവുമായി യാത്രചെയ്‌ത 25 പേരെയും സത്യവാങ്മൂലമില്ലാതെ യാത്രചെയ്‌ത 27 പേരെയുമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
അവശ്യസാധന ലഭ്യത ഉറപ്പാക്കാന്‍ സമിതി
ജില്ലയിൽ ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറി എന്നിവ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ 22 അംഗ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ സപ്ലൈ ഓഫീസർ കൺവീനറായാണ്‌ സമിതി. അവശ്യ സാധനങ്ങളുടെ സ്‌റ്റോക്ക്, വിലവിവര പട്ടിക എന്നിവ സംബന്ധിച്ച റിപ്പോർട്ട് ദിവസവും പകൽ രണ്ടിനകം  കലക്‌ടർക്ക് നൽകാനും നിർദ്ദേശമുണ്ട്‌.
കൊയ്‌ത്ത്‌ യന്ത്രങ്ങള്‍ തുടരണം
കൊയ്‌ത്ത്‌ യന്ത്രങ്ങൾ പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസറുടെ സാക്ഷ്യപത്രമില്ലാതെ ജില്ല വിട്ടുപോകരുതെന്ന് കലക്‌ടർ അറിയിച്ചു. നെല്ല് കൊയ്‌ത്തും സംഭരണവും അവശ്യസർവീസായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി കലക്‌ടറേറ്റിൽ കൺട്രോൾ റൂം തുറന്നു. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൺട്രോൾ റൂമിൽ അറിയിക്കാം. അതിഥി തൊഴിലാളികൾക്ക് നേരിട്ടും വിളിക്കാം. ഹിന്ദിയും തമിഴും ഉൾപ്പെടെ വിവിധ ഭാഷയിൽ മറുപടി നൽകാൻ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ മൂന്നുപേരെ കൺട്രോൾ റൂമിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഫോൺ: 0477 2239040.
അതിഥി തൊഴിലാളികൾക്ക് ഭക്ഷണം, മരുന്ന്, താമസ സൗകര്യം എന്നിവ ഉറപ്പാക്കാനുള്ള എല്ലാ സജ്ജീകരണവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കലക്‌ടർ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top