20 April Saturday
ജില്ലാ നിക്ഷേപകസംഗമം

74 പദ്ധതി, 470 കോടി നിക്ഷേപം

സ്വന്തം ലേഖകൻUpdated: Wednesday Feb 1, 2023

ആലപ്പുഴ ജില്ലാ നിക്ഷേപക സംഗമം 2023 പരിപാടിയിൽ പങ്കെടുക്കുന്നവർ

ആലപ്പുഴ 
ജില്ലയിൽ 74 പദ്ധതിയിൽ 470 കോടിയുടെ നിക്ഷേപം. 2600 പേർക്ക്‌ തൊഴിലും. വ്യവസായവകുപ്പും ജില്ലാ വ്യവസായകേന്ദ്രവും ചേർന്ന്‌ ഒരുവർഷം ഒരുലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി നടത്തിയ ആലപ്പുഴ ഇൻവെസ്‌റ്റേഴ്‌സ്‌ മീറ്റിൽ (എഐഎം) ആണ്‌ വലിയതോതിൽ നിക്ഷേപകർ രംഗത്തുവന്നത്‌. ആരോഗ്യം–-ഔഷധ നിർമാണം, ഭക്ഷ്യസംസ്‌കരണം, സമുദ്രോൽപ്പന്നങ്ങൾ, കയർ, ഫർണിച്ചർ, കെട്ടിടനിർമാണ സാമഗ്രികൾ, ടൂറിസം, മാലിന്യപരിപാലനം തുടങ്ങിയ മേഖലകളിലെ പദ്ധതികളിലാണ്‌ നിക്ഷേപം. ഭയാശങ്കയില്ലാതെ കേരളത്തിലെവിടെയും വ്യവസായം തുടങ്ങാമെന്നതിന്റെ വിളംബരമായി സംഗമം. 
സംരംഭകർ പദ്ധതിയുടെ വിജയവഴിയും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ പുതിയ ആശയങ്ങളും അവതരിപ്പിച്ചു. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച്‌ എത്തിയവർ സംശയങ്ങൾക്ക്‌ മറുപടി നൽകി. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ തുടങ്ങിയവയുടെ മേധാവികൾ പങ്കെടുത്തു. വായ്‌പകളും ലൈസൻസുകളും യഥാസമയം ലഭ്യമാക്കി സംരംഭങ്ങൾ യാഥാർഥ്യമാക്കാനുള്ള ചർച്ചകളും സമ്പന്നമാക്കി.    
 ഒരുവർഷം ഒരുലക്ഷം സംരംഭം പദ്ധതിയിൽ 9787 സംരംഭങ്ങളിലൂടെ 516 കോടിയുടെ നിക്ഷേപവും 20,777 പേർക്ക്‌ തൊഴിലും ലഭിച്ചു. 4223 സംരംഭകർ സ്‌ത്രീകളാണ്‌. എട്ടുമാസംകൊണ്ട്‌ ജില്ല 101 ശതമാനം പദ്ധതി പുരോഗതി കൈവരിച്ചു. സംസ്ഥാനത്ത്‌ 100 ശതമാനം പദ്ധതി ലക്ഷ്യം കൈവരിച്ച ആദ്യമൂന്ന്‌ താലൂക്കും ജില്ലയിലാണ്‌. മാവേലിക്കര, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളാണ്‌ ലക്ഷ്യം കൈവരിച്ചത്‌. 
മാവേലിക്കര, കായംകുളം നിയസഭാമണ്ഡലങ്ങളാണ്‌ പദ്ധതി ലക്ഷത്തിലെത്തിയ ആദ്യ നിയോജകമണ്ഡലങ്ങൾ. 86 ഇന്റേൺസിൽ 66 പേരും 100 ശതമാനം പദ്ധതി പൂർത്തിയാക്കി. പദ്ധിയുടെ 43 ശതമാനത്തിൽ വ്യാപാരം, കാർഷിക, ഭക്ഷ്യ ഉൽപ്പാദനം, ബ്യൂട്ടി പാർലറുകൾ, വസ്‌ത്രനിർമാണം മേഖലയിലാണ്‌ സ്‌ത്രീകളുടെ സംരംഭങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top