20 April Saturday

ആവേശം, ആകാംക്ഷ, അഭിമാനം

രാഹുൽ രാജ്‌Updated: Saturday Jul 31, 2021

'സങ്കട ദൂരം' ജാബിറിന്റെ പന്തല്ലൂരിലെ വീട്ടിൽ കുടുംബാംഗങ്ങളും നാട്ടുകാരും മത്സരം കാണുന്നു

 

 
മലപ്പുറം
ജാബിറിന്റെ ഉപ്പ ഹംസയും ഉമ്മ ഷെറീനയും രാവിലെതന്നെ ടിവിക്കുമുന്നിൽ സ്ഥാനംപിടിച്ചു. മകൻ രാജ്യത്തിനായി ഒളിമ്പിക്‌സിൽ മത്സരിക്കുന്നതിന്റെ സമ്മർദം ഇരുവരുടെയും മുഖത്ത്‌ വ്യക്തം. കായികതാരങ്ങളായിരുന്ന സഹോദരി ജസ്‌നയും ഭർത്താവ്‌ മുഹമ്മദ് നവാസും കുഞ്ഞനിയത്തി ജെബിനും ഒപ്പംകൂടി. ഒടുവിൽ ട്രാക്കിൽ പിന്തള്ളപ്പെട്ടപ്പോൾ എല്ലാവരുടെ മുഖത്തും നിരാശ. പക്ഷെ, ജാബിർ ഒളിമ്പിക്‌സിൽ പങ്കെടുത്തതിന്റെ അഭിമാനം അവരിൽ സന്തോഷംനിറച്ചു. 
ജാബിർ ലോകവേദിയിൽ മാറ്റുരയ്ക്കുന്നത്‌ കാണാൻ  പന്തല്ലൂർ മുടിക്കോട് മദാരിപള്ളിയാലിയിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം നാട്ടുകാരും  എത്തിയിരുന്നു. രാവിലെ  8.20ഓടെ ഇന്ത്യൻ കുപ്പായത്തിൽ ജാബിർ 400 മീറ്റർ ഹർഡിൽസിന്‌ ഇറങ്ങിയപ്പോൾ ആവേശംനിറഞ്ഞ കൈയടി. മത്സരം തുടങ്ങിയതോടെ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും മുഖത്ത്‌ ആവേശവും ആകാംക്ഷയും. ഒടുവിൽ  അത്‌ നിരാശയ്‌ക്ക്‌ വഴിമാറി. 
സെമി ഫൈനലിലേക്ക്‌ യോഗ്യത നേടാനായില്ലെങ്കിലും നാടിന്റെ യശസ്സുയർത്തിയ ഇരുപത്തിയഞ്ചുകാരന്‌ അഭിമാനിക്കാൻ ഏറെയാണ്‌. പി ടി ഉഷക്കുശേഷം 400 മീറ്റർ ഹർഡിൽസിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരവും ജില്ലയിൽനിന്ന്‌ ഒളിമ്പിക്‌സ്‌ യോഗ്യത നേടുന്ന രണ്ടാമത്തെ താരവുമാണ്‌ ജാബിർ. പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെങ്കിലും മകൻ ഒളിമ്പിക്‌സിൽ മത്സരിച്ചത്‌ സന്തോഷമേകുന്നതായി  ഉപ്പ ഹംസ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top