27 September Wednesday
എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനം

കേന്ദ്ര നയങ്ങൾക്കെതിരെ അണിചേരുക

സ്വന്തം ലേഖകൻUpdated: Wednesday May 31, 2023

എൻജിഒ യൂണിയന്റെ വജ്രജൂബിലി സമ്മേളനത്തിന് സമാപനം കുറിച്ച് തിരുവനന്തപുരത്ത് നടത്തിയ ജീവനക്കാരുടെ പ്രകടനം

തിരുവനന്തപുരം
കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്രസർക്കാർ നടപടികളെ ചെറുക്കാനും ജനദ്രോഹ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടത്തിനും ആഹ്വാനം ചെയ്‌ത്‌ എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനം. കേരള സർക്കാർ നടപ്പാക്കുന്ന ജനപക്ഷ ബദൽ, നവ ഉദാരവൽക്കരണ നയങ്ങൾ നടപ്പിലാക്കുന്ന മോദിഭരണത്തെ അലോസരപ്പെടുത്തുകയാണ്. ധനകമീഷൻ വിഹിതം വെട്ടിക്കുറച്ചും റവന്യു ഡെഫിസിറ്റ് ഗ്രാൻഡ്‌ നാമമാത്രമാക്കിയും ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തലാക്കിയും കടമെടുപ്പ് പരിധി മൂന്ന് ശതമാനമാക്കിയും സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനെ തടയാനാണ്‌ ശ്രമം. കേന്ദ്രം അനുവദിച്ച കടമെടുപ്പ്  തുകയായ 32,442 കോടി രൂപ ഒറ്റയടിക്ക് 15,350 കോടിയായി വെട്ടിക്കുറച്ചു.  കേരളത്തോടുള്ള പ്രതികാര നടപടിയുടെ ഒടുവിലത്തെ ഉദാഹരണമാണിത്‌.
 
ഒമ്പത് വർഷം പൂർത്തിയാക്കിയ മോദി സർക്കാർ നടപ്പിലാക്കിയ വിനാശകരമായ നയങ്ങൾ, രാജ്യത്തിന്റെ സർവ മേഖലകളിലും വർഗീയ ശക്തികളുടെ ആധിപത്യമുറപ്പിച്ചു.  പാർലമെന്റിനെയും ഭരണഘടനയെയും നോക്കുകുത്തിയാക്കി. രാജ്യത്തിന്റെ സമ്പദ്ഘടന തകർച്ചയിലാണ്. എല്ലാ മേഖലകളിലും ഇന്ത്യ പിന്നോട്ടുപോകുന്നതായാണ് യുഎൻ അടക്കമുള്ള ഏജൻസികളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്‌. 
 
കരാർ, കാഷ്വൽ നിയമനങ്ങൾ നടത്തിയും  പൊതുമേഖലാ സ്ഥാപനങ്ങളിൽ 60 ലക്ഷം തസ്തികകളിൽ നിയമനം നടത്താതെയും കേന്ദ്രം സിവിൽ സർവീസിനെ തളർത്തുകയാണ്‌. പിഎഫ്‌ആർഡിഎ നിയമം പിൻവലിക്കുകയാണ് ശാശ്വതപരിഹാരമെന്നും സമ്മേളനത്തിലവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
 
സെക്രട്ടറി ആർ സാജൻ പ്രമേയം അവതരിപ്പിച്ചു. എ വി റീന, ടി വി പ്രജീഷ്‌, കെ എം നവാസ്‌, വി വിനിജ, വി പി സിനി, കെ പി ബിന്ദു, വി വിമോദ്‌, എസ്‌ വി സജയൻ, ജി ഷിബു, വി സി അജിത്‌കുമാർ, കെ സതീഷ്‌, വി പി തനൂജ, എം എം നിസാമുദീൻ, എം രാജേഷ്‌, വി കെ ജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
 

ആവേശക്കൊടുമുടിയേറി കൊടിയിറക്കം

 
സർക്കാർ ജീവനക്കാരുടെ അവകാശപ്പോരാട്ടങ്ങൾക്ക്‌ ചൂടും ചൂരും പകർന്ന എൻജിഒ യൂണിയന്റെ വജ്രജൂബിലി സമ്മേളനത്തിന്‌ വർണപ്രഭയിൽ കൊടിയിറക്കം. അജയ്യമായ സംഘടനാശേഷി വിളിച്ചോതി പതിനായിരങ്ങൾ അണിനിരന്ന പ്രകടനത്തോടെയാണ്‌ നാലുനാൾ നീണ്ട സമ്മേളനത്തിന്‌ സമാപനമായത്‌. കോർപറേഷൻ, മുനിസിപ്പൽ ജീവനക്കാരും ദീപശിഖാലംകൃത ചെങ്കൊടിക്കീഴിൽ അണിനിരന്നതോടെ വരുംകാല സമരഭൂമികളിലേക്ക്‌ വർധിത കരുത്താർജിച്ചാണ്‌ സമ്മേളനത്തിന്‌ പരിസമാപ്‌തിയായത്‌.
 
വൈകിട്ട്‌ നാലോടെ യൂണിവേഴ്‌സിറ്റി കോളേജ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ യൂണിയൻ നേതാക്കളും സമ്മേളന പ്രതിനിധികളും പ്രവർത്തകരും അണിചേർന്നു. തെയ്യവും പടയണിയും ബാൻഡ്‌ വാദ്യവും ചെണ്ടമേളവും വിദ്യാർഥികളുടെ റോളർ സ്കേറ്റിങ്ങും വർണക്കുടകളും പ്രകടനത്തിന്‌ ഉത്സവാന്തരീക്ഷമേകി.
 
പുത്തരിക്കണ്ടം മൈതാനത്ത്‌ പ്രത്യേകം തയ്യാറാക്കിയ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. എൻജിഒ യൂണിയന്റെ ചരിത്രവും സംഘടനാ പ്രവർത്തനത്തിന്റെ ആവശ്യകതയും കേന്ദ്രത്തിന്റെ വർഗീയ നിലപാടുകളും കേരളത്തെ ഞെക്കിക്കൊല്ലാനുള്ള ശ്രമങ്ങളും വിശദീകരിച്ച മുഖ്യമന്ത്രിയുടെ പ്രസംഗത്തെ സദസ്സ്‌ ആവേശപൂർവം ഏറ്റെടുത്തു.
 
യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി ശശിധരൻ അധ്യക്ഷനായി. മന്ത്രിമാരായ കെ രാജൻ, കെ കൃഷ്‌ണൻകുട്ടി, ആന്റണി രാജു,  എംഎൽഎമാരായ വി കെ പ്രശാന്ത്‌, രാമചന്ദ്രൻ കടന്നപ്പള്ളി, എൻജിഒ യൂണിയൻ സംസ്ഥാന ജന. സെക്രട്ടറി എം എ അജിത്‌കുമാർ, വൈസ്‌ പ്രസിഡന്റ്‌ ബി അനിൽകുമാർ എന്നിവർ സംസാരിച്ചു.
 

ലോകരാഷ്ട്രങ്ങൾക്ക്‌ മുന്നിൽ ഇന്ത്യയെ നാണംകെടുത്തി: പി കെ ശ്രീമതി

 
എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സെമിനാറിൽ 
പങ്കെടുക്കാനെത്തിയ ജെഎൻയു വിദ്യാർഥി നേതാവ് ഐഷി ഘോഷ്,  ജനാധിപത്യ 
മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി, ത്രിപുര എംപ്ലോയീസ് 
കോ–ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് മഹായു റോയ് എന്നിവർ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സെമിനാറിൽ 
പങ്കെടുക്കാനെത്തിയ ജെഎൻയു വിദ്യാർഥി നേതാവ് ഐഷി ഘോഷ്, ജനാധിപത്യ 
മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി, ത്രിപുര എംപ്ലോയീസ് 
കോ–ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് മഹായു റോയ് എന്നിവർ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിതയായ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനത്തിൽനിന്ന്‌ മാറ്റി നിർത്തിയതിലൂടെ രാജ്യം ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ നാണംകെട്ടെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി. എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളന ഭാഗമായി നടത്തിയ വനിതാ സെമിനാറിൽ സംസാരിക്കുകയായിരുന്നു ശ്രീമതി.
 
സ്ത്രീ, ആദിവാസി വിഭാഗത്തിൽ നിന്നുള്ളയാൾ, വിധവ എന്നീ കാരണങ്ങളാണ്‌ രാഷ്ട്രപതിയെ മാറ്റിനിർത്താൻ പ്രേരിപ്പിച്ചത്‌. മനുസ്‌മൃതി അടിസ്ഥാനപ്പെടുത്തിയാണ്‌ കേന്ദ്രം ഇത്തരം തീരുമാനങ്ങളെടുക്കുന്നത്‌. സ്വാതന്ത്ര്യത്തിന്റെ എഴുപത്താറാം വാർഷികത്തിൽ വനിതകളെമാത്രം അണിനിരത്തി പരേഡ്‌ നടത്തുമെന്നാണ്‌ പറയുന്നത്‌. ഇതുകൊണ്ട്‌ സ്ത്രീകൾക്ക്‌ മാന്യമായ പദവി നൽകുന്നുവെന്ന്‌ പറയാനാകില്ല. സ്ത്രീപദവി കേവലം സ്ഥാനങ്ങളല്ല, അവരെ അംഗീകരിക്കുമ്പോഴാണ്‌ അത്‌ പ്രാവർത്തികമാകുന്നത്‌. രാഷ്ട്രപതി സ്ഥാനംപോലും റബർ സ്റ്റാമ്പാക്കുകയാണ്‌.
ഭരണഘടന, മൗലിക അവകാശങ്ങൾ ഇന്ത്യയിൽ നിഷേധിക്കപ്പെടുകയാണ്‌. ഒരു തരത്തിലും കേന്ദ്രസർക്കാരിനെ വിമർശിക്കാനാകാത്ത സാഹചര്യമാണ്‌. 
 
ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ കേസെടുക്കാൻ സുപ്രീംകോടതി ഇടപെടേണ്ടിവന്നു. രാജ്യത്തിന്റെ അഭിമാനമായി മാറിയ, ഒരിക്കൽ രാഷ്ട്രപതി ഭവനിൽ ആദരിക്കപ്പെട്ട സാക്ഷി മലിക്‌ അടക്കമുള്ളവരാണ്‌ റോഡിൽ വലിച്ചിഴയ്‌ക്കപ്പെട്ടത്‌. ഇന്ത്യൻ സ്ത്രീകൾ ഒത്തൊരുമിച്ച്‌ ഇറങ്ങിയാൽ തകരാവുന്ന ശക്തിയേ ബിജെപിക്കുള്ളൂവെന്നും പി കെ ശ്രീമതി പറഞ്ഞു.
 
എൻജിഒ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ ടി പി ഉഷ അധ്യക്ഷയായി. സംസ്ഥാന ട്രഷറർ വി കെ ഷീജ, ഐഷി ഘോഷ്‌,  മഹയു റോയ്‌,  സി എസ്‌ സുജാത, എ എം സുഷമ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top