29 March Friday
മലപ്പുറം നഗരസഭയിലെ ക്രമക്കേട്‌

വിജിലൻസ് അന്വേഷണം വേണം: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023
സ്വന്തം ലേഖകൻ
മലപ്പുറം
മലപ്പുറം ന​ഗരസഭയുടെ 2021–-2022 വർഷത്തെ ഓഡിറ്റ്‌ റിപ്പോർട്ടിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയത് അത്യന്തം ​ഗുരുതരമാണെന്നും വിജിലൻസ്‌ അന്വേഷണം വേണമെന്നും എൽഡിഎഫ്. അഴിമതി പുറത്തുകൊണ്ടുവരണം. ന​ഗരസഭാ ചരിത്രത്തിൽ കാണാത്ത പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും എൽഡിഎഫ് അംഗങ്ങൾ ചൊവ്വാഴ്ച കൗൺസിലിൽ ആവശ്യപ്പെട്ടു. 
റിപ്പോർട്ടിലെ പരാമർശം സ്വാഭാവിക നടപടിയുടെ ഭാ​ഗമാണെന്നും ഒരുമാസത്തിനുള്ളിൽ മറുപടി നൽകുമെന്നുമായിരുന്നു ചെയർമാൻ മുജീബ് കാടേരിയുടെ പ്രതികരണം. ഇത് ബഹളത്തിനിടയാക്കി. പദ്ധതി നിർമാണം, നിർവഹണം എന്നിവയിൽ വൻ സാമ്പത്തിക ക്രമക്കേടാണ്‌ ഓഡിറ്റ്‌ റിപ്പോർട്ടിലുള്ളത്‌. ഏത് വിഭാ​ഗത്തിലാണ്‌ വീഴ്ചയെന്നും ആരാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തിയതെന്നും തെളിയേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന്‌ എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് ഒ സഹദേവൻ പറഞ്ഞു. 
എല്ലാം നേരിട്ട്‌, 
തട്ടിപ്പ്‌ പലവിധം
സർക്കാർ ഉത്തരവിന് വിരുദ്ധമായി നേരിട്ട് പ്രവൃത്തി നടപ്പാക്കിയെന്ന് ഓഡിറ്റ് റിപ്പോർട്ട്‌. സർക്കാർ നിർദേശമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാതെ 5.70 കോടി രൂപയുടെ പ്രവൃത്തി തടസ്സപ്പെടുത്തി. ന​ഗരസഭാ ബാങ്ക് അക്കൗണ്ടുകളിൽ കോടികളുടെ വ്യത്യാസമുണ്ട്‌. ദേശസാൽകൃത ബാങ്കുകളിൽ തുടങ്ങേണ്ട അക്കൗണ്ടുകൾ സ്വകാര്യ ബാങ്കുകളിലാണ്‌. ഇത്‌ സാമ്പത്തിക തിരിമറിയെപ്പറ്റിയുള്ള സംശയം കൂട്ടുന്നു. അർഹതയില്ലാത്ത ജിഎസ്ടി വിഹിതം ഉൾപ്പെടുത്തി 1,50,637 രൂപ അധികം നൽകി. ലേഡീസ് ജിം ഇന്റീരിയർ, ഷെൽട്ടർ ഹോം ഇന്റീരിയർ, ഷെൽട്ടർ ഹോമിൽ കുട്ടികൾക്ക് ഇടം ഒരുക്കൽ തുടങ്ങി അക്രഡിറ്റഡ് ഏജൻസികളിലൂടെ നടപ്പാക്കിയ  നിർമാണങ്ങളിൽ വലിയ അപാകമുണ്ടായി. തെരുവുവിളക്ക് സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണിയിലും ടെന്‍ഡർ നടപടി അട്ടിമറിച്ചെന്നും റിപ്പോർട്ടിലുണ്ട്‌.  
 
ശരിയുടെ 
കൂടെ നിന്നാൽ 
ജോലിയില്ലെന്നോ
മലപ്പുറം
ന​ഗരസഭയിൽ നാലുവർഷം ജനന–-മരണ രജിസ്ട്രാറായി ജോലിചെയ്ത കെ മധുസൂദനൻ ആരോ​ഗ്യ വിഭാ​ഗം സൂപ്രണ്ടായി എത്തുന്നത് എതിർത്ത് ഭരണസമിതി. ഉദ്യോ​ഗസ്ഥനെ നഗരസഭയിൽ ജോലിചെയ്യാൻ സമ്മതിക്കില്ലെന്ന്‌ കൗൺസിലിൽ സ്ഥിരംസമിതി അധ്യക്ഷൻ പി കെ സക്കീർ ഹുസൈൻ പ്രമേയം അവതരിപ്പിച്ചു. ഇത്‌ കീഴ്‌വഴക്കമല്ലെന്നും ചട്ടവിരുദ്ധമാണെന്നും എൽഡിഎഫ് അം​ഗങ്ങൾ പറഞ്ഞു. ഇഷ്ടമില്ലാത്ത ഉദ്യോ​ഗസ്ഥരെ ജോലിചെയ്യാൻ അനുവദിക്കില്ലെന്ന രീതി പിന്തുടരാനാവില്ല. അനാവശ്യ ആരോപണങ്ങളിലൂടെ ഉദ്യോഗസ്ഥരെ തേജോവധം ചെയ്യാൻ അനുവദിക്കില്ല. ന​ഗരസഭയിലെ ജനന – -മരണ രജിസ്റ്റർ മുമ്പ് യുഡിഎഫ് കൗൺസിലർമാരുടെ വീടുകളിൽ കണ്ടെത്തിയതും എൽഡിഎഫ് അംഗങ്ങൾ ഓർമിപ്പിച്ചു. കെ മധുസൂദനൻ രജിസ്ട്രാറായശേഷമാണ്‌ പ്രശ്നങ്ങൾ ഇല്ലാതായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top