29 March Friday
വെഞ്ഞാറമൂട്ടിൽ കുരുക്ക്

ഇനി പഴയകഥ

സ്വന്തം ലേഖകൻUpdated: Friday Mar 31, 2023
വെഞ്ഞാറമൂട്
കടന്നുപോകാൻ മണിക്കൂറുകൾ എടുത്തിരുന്ന വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന്‌ അവസാനമാകുന്നു. സംസ്ഥാന പാതയിൽ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക്‌ ഉണ്ടായിരുന്ന വെഞ്ഞാറമൂട്ടിലെ മേൽപ്പാലത്തിന്‌ സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. ഡി കെ മുരളി എംഎൽഎയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ്‌ മേൽപ്പാലമെന്ന സ്വപ്‌നം യാഥാർഥ്യമാകുന്നത്‌. 
     മേൽപ്പാലത്തിന്‌ തിരുവനന്തപുരം ഭാഗത്ത് 56.7 മീറ്ററും കൊട്ടാരക്കര ഭാഗത്ത് 52 മീറ്റർ അപ്രോച്ച്‌ റോഡുണ്ടാകും. ഇരുവശത്തും സർവീസ് റോഡുണ്ടാകും. 
കെഎസ്ഇബി, ബിഎസ്എൻഎൽ, വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ സേവനങ്ങൾക്ക്‌ ആവശ്യമായ അണ്ടർ ഗ്രൗണ്ട് സംവിധാനങ്ങളുമുണ്ടാകും.  മേൽപ്പാലം നിർമാണത്തിന് ഭൂമി ഏറ്റെടുക്കേണ്ടതില്ല. 
     ഡി കെ മുരളി എംഎൽഎയുടെ ശുപാർശ പരിഗണിച്ചാണ് മേൽപ്പാലത്തിന്റെ സാധ്യതാപഠനം നടത്താൻ 2018 ജൂൺ 18ന് മന്ത്രി ജി സുധാകരൻ അധ്യക്ഷനായ യോഗം തീരുമാനിച്ചത്‌. തുടർന്ന്, പദ്ധതി പ്രായോഗികമാണെന്ന് കണ്ടെത്തി. കിഫ്ബി പദ്ധതി അംഗീകരിച്ച്‌ 25.03 കോടി രൂപ അനുവദിച്ചു. എന്നാൽ, ടെൻഡറിൽ എസ്റ്റിമേറ്റ് പിഎസി നിരക്കിനേക്കാൾ 
21 ശതമാനം കൂടുതലായിരുന്നു. ആ തുകയ്‌ക്ക്‌ ടെൻഡർ നൽകാൻ നടപടിയെടുത്തെങ്കിലും കരാറുകാരൻ പിന്മാറിയതാണ്‌ പദ്ധതി വൈകാനിടയാക്കിയത്‌. തുടർന്ന്‌, ഫെബ്രുവരി എട്ടിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നിയമസഭയിൽ ഡി കെ മുരളി അവതരിപ്പിച്ച സബ്മിഷന് മറുപടിയായി വിഷയം മന്ത്രിസഭയുടെ അംഗീകാരത്തിന് വിടുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.  23ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നാലാമത്തെ ടെൻഡറിൽ ആവശ്യപ്പെട്ട തുകയ്‌ക്ക്‌ മേൽപ്പാലം നിർമാണത്തിന്‌ കരാർ നൽകാൻ അനുമതി നൽകിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top