26 April Friday

വഞ്ചിവീടിന് തീപിടിച്ചു; വിദേശ വിനോദസഞ്ചാരികളെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

വഞ്ചിവീടിന് തീ പിടിച്ചപ്പോൾ

ചവറ
പന്മന കന്നിട്ടക്കടവിൽ വിദേശ വിനോദസഞ്ചാരികളുമായി വന്ന  വഞ്ചിവീടിനു (ഹൗസ് ബോട്ട്) തീപിടിച്ചു. കൊല്ലം – ആലപ്പുഴ ദേശീയ ജലപാതയിൽ കന്നിട്ടക്കടവിൽ തിങ്കൾ വൈകിട്ട്‌ അഞ്ചിനാണ്‌ സംഭവം.  ബ്ലൂഫെതേഴ്‌സ്‌ എന്ന ഹൗസ്‌ ബോട്ടിനാണ്‌ തീപിടിച്ചത്‌.  
ജർമൻ സ്വദേശികളായ മൂന്നുപേരെയും മൂന്നു ജീവനക്കാരെയും രക്ഷപ്പെടുത്തി. കടവിലുണ്ടായിരുന്ന കടത്തുവള്ളക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. റിച്ചാർഡ്, ആൻഡ്രിയാസ്, വാലന്റെയിൻ എന്നിവരാണ് വഞ്ചിവീട്ടിൽ ഉണ്ടായിരുന്ന ജർമൻ സ്വദേശികൾ. ആലപ്പുഴ പള്ളാത്തുരുത്ത്‌ സ്വദേശികളായ ജോജിമോൻ തോമസ്, ജോമോൻ ജോസഫ്, താജുദീൻ എന്നിവരാണ് രക്ഷപ്പെട്ട ജീവനക്കാർ. 
ആഫ്രിക്കൻ പോള (പായൽ) മൂടിയ പാതയിൽ മുന്നോട്ടുപോകാനാകാതെ എൻജിൻ ചൂടായി ബോട്ടുകത്തിയതാകാമെന്നാണ്‌ പ്രാഥമിക നിഗമനം. സിലണ്ടർ വൻ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. 40 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. 
ആലപ്പുഴയിൽനിന്ന് വർക്കലയ്ക്കുള്ള യാത്രയിൽ കൊല്ലത്തിറങ്ങാനായിരുന്നു ജർമൻ സ്വദേശികൾ. 
വള്ളത്തിൽ ഇവരെ കരയ്ക്കെത്തിച്ചതിനു പിന്നാലെ വഞ്ചിവീട് ആളിക്കത്തുകയായിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, ചവറ, കെഎംഎംഎൽ എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേന എത്തി നാട്ടുകാരുടെ സഹായത്തോടെ ഏറെ പരിശ്രമിച്ചാണു തീയണച്ചത്. 
വഞ്ചിവീട് പൂർണമായും കത്തി. കടത്തുകടവായതിനാൽ വള്ളം ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. കൊല്ലത്തിറങ്ങിയശേഷം കാർ മാർഗം വർക്കലയ്ക്കു പോകുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യം. ജോജിമോൻ തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച വഞ്ചിവീട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top