27 April Saturday

സന്ദർശകരുടെ മനസ്സിൽ ചേക്കേറി 
നിഷാദിന്റെ പക്ഷികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

കണ്ണൂര്‍ പുഷ്പോത്സവ ന​ഗരിയില്‍ ഒരുക്കിയ നിഷാദ് ഇശാലിന്റെ പക്ഷികളുടെ ഫോട്ടോപ്രദര്‍ശനത്തില്‍ നിന്ന്

 കണ്ണൂർ

കണ്ണൂർ പുഷ്‌പോത്സവ നഗരിയിൽ വേറിട്ട കാഴ്‌ചയൊരുക്കി നിഷാദ്‌ ഇശാൽ.  വ്യത്യസ്‌ത പക്ഷികളുടെ നിഷാദ്‌ പകർത്തിയ 48 ഫോട്ടോകളാണ്‌ സന്ദർശകരുടെ മനസ്സിൽ ചേക്കേറുന്നത്‌. പൂക്കളെയും ചെടികളെയും തേടിയെത്തുന്നവർ വിവിധ ഇനം പക്ഷികളെയും അറിഞ്ഞാണ്‌ മടങ്ങുന്നത്‌. എംഎആർസിയാണ്‌ പ്രദർശനം സംഘടിപ്പിക്കുന്നത്‌.  
മലബാർ അവയർനെസ്‌ ആൻഡ്‌ റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ്‌ ലൈഫ്‌ (എംഎആർസി) എന്ന വന്യജീവി സംഘടനയിലെ പക്ഷിനിരീക്ഷണ വിഭാഗം കോഡിനേറ്ററാണ്‌ നിഷാദ്‌.  മൂന്ന്‌ വർഷത്തെ പക്ഷി നിരീക്ഷത്തിനിടയിയിൽ  430 ഇനത്തിൽപ്പെട്ട 30,000 പക്ഷികളെ നിഷാദ്‌ ഫോട്ടോയിൽ പകർത്തിയിട്ടുണ്ട്‌. ആഫ്രിക്കയിൽനിന്ന്‌ കേരളത്തിൽ ദേശാടനത്തിനെത്തുന്ന അമൂർ ഫാൽക്കൺ, കടലിന്റെ നടുവിൽ കണ്ടുവരുന്ന റെഡ്‌ റെക്ക്‌ഡ്‌ ഫാലമോസ്‌ (പമ്പര കാട), 14,000 കിലോമീറ്റർ തുടർച്ചയായി സഞ്ചരിച്ച്‌ കേരളത്തിലെത്തുന്ന ബാർടെയ്‌ൽഡ്‌  ഗോഡ്‌വിറ്റ്‌, സാൻഡ്‌ ഫ്‌ളോവർ വിഭാഗത്തിൽപ്പെട്ട കെന്റിഷ്‌ ഫ്‌ളോവർ,ക്രാബ്‌ ഫ്‌ളോവർ എന്നിവ  പ്രദർശനത്തിലുണ്ട്‌.  
പരുന്ത്‌ വിഭാഗത്തിൽപ്പെട്ട യുറേഷ്യൻ കെസ്‌ട്രൽ, സൈബീരിയയിൽനിന്നുള്ള  സൈബീരിയൻ സ്‌റ്റോൺ ചാറ്റ്‌, വംശനാശ ഭീഷണി നേരിടുന്ന  വേഴാമ്പൽ ഇനങ്ങളായ ഗ്രേറ്റ്‌ തിക്കിനി, ഗ്രേ ഹോൺബിൽ തുടങ്ങിയവയുടെ ചിത്രങ്ങളുമുണ്ട്‌. 
സ്‌റ്റാൾ സന്ദർശിക്കുന്നവർക്ക്‌ പക്ഷിനിരീക്ഷണ വിവരങ്ങളും  കൈമാറുന്നു. കണ്ണൂർ പള്ളിക്കുന്ന്‌ സ്വദേശിയായ നിഷാദ്‌ ഇശാൽ ആർക്കിടെക്ടാണ്‌.  കണ്ണൂർ, മൂന്നാർ, തൃശൂർ,  വയനാട്‌ എന്നിവിടങ്ങളിലെ പക്ഷിനിരീക്ഷണത്തിനിടയിലാണ്‌ ഫോട്ടോകൾ പകർത്തിയത്‌.  കഴിഞ്ഞ  തവണത്തെ പുഷ്‌പോത്സവത്തിൽ എംഎആർസി ചിത്രശലഭങ്ങളുടെ ഫോട്ടോയാണ്‌ പ്രദർശിപ്പിച്ചത്‌.
 
ഇവിടെ കാണാം
കണ്ണൂരിന്റെ 
വികസനക്കുതിപ്പ്‌
കണ്ണൂർ 
പുഷ്പോത്സവത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ  ‘കുതിച്ചുയർന്ന് കണ്ണൂർ ' ഫോട്ടോ പ്രദർശനം  ശ്രദ്ധേയമാകുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതാണ് പ്രദർശനം. ജില്ലയിലെ പൂർത്തീകരിച്ച വികസന പദ്ധതികൾ, പുരോഗമിക്കുന്ന പ്രവൃത്തികൾ എന്നിവയുടെ ഫോട്ടോകളും കുറിപ്പും ഇവിടെ കാണാം. സഞ്ചാരികളുടെ മനംകവരാൻ നടപ്പാക്കുന്ന റിവർ ക്രൂസ്‌ പദ്ധതിയുടെ പ്രവൃത്തികൾ,  ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകൾ തുടിക്കുന്ന തലശേരി നിട്ടൂർ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിൽ ഒരുക്കിയ ‘ഗുണ്ടർട്ട് ബംഗ്ലാവ് ഡെവലപ്മെന്റ് ഓഫ് കംപോണന്റ്സ് 'എന്ന സ്വപ്നപദ്ധതി, കാട്ടാമ്പള്ളി കയാക്കിങ് സെന്റർ,  പാലയാട് അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്ക്, കോഴി അറവ് മാലിന്യ സംസ്‌കരണത്തിനായി പൊറോറ കരുത്തൂർപ്പറമ്പിൽ ആരംഭിച്ച മട്ടന്നൂർ ചിക്കൻ റെന്ററിങ്ങ് പ്ലാന്റ്, തലശേരി- –-മാഹി ബൈപാസിന്റെ നിർമാണം, ചിറക്കൽ ചിറ നവീകരണം എന്നിവയ്ക്കുപുറമെ ജില്ലയിലെ പൊതുവായ വികസനങ്ങൾ പ്രദർശനത്തിലുണ്ട്‌. 138 വികസന ചിത്രങ്ങളടങ്ങിയ പ്രദർശനം കാണാൻ നിരവധി പേരാണെത്തുന്നത്. കാഴ്‌ചകൾക്കപ്പുറം വികസന പദ്ധതികളുടെ ലഘുക്കുറിപ്പുള്ളത് കൂടുതൽ വ്യക്തത നൽകുന്നു. കണ്ണൂർ പൊലീസ് മൈതാനിയിൽ ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്‌പോത്സവം ഫെബ്രുവരി ആറുവരെയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top