പാലക്കാട്
ഹോട്ടലുകൾ, ഭക്ഷണ വിതരണം–-ഉൽപ്പാദനം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ബുധനാഴ്‌ച മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. കാർഡ് ഇല്ലാത്ത ജീവനക്കാരെയും സ്ഥാപനങ്ങളെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജനങ്ങളുമായി നിരന്തരം സമ്പർക്കമുള്ളതിനാൽ പകർച്ചവ്യാധി അടക്കമുള്ള പ്രശ്‌നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
പാചകക്കാർ, ഭക്ഷണം വിതരണം ചെയ്യുന്നവർ, വിൽപ്പനക്കാർ തുടങ്ങി എല്ലാ ജീവനക്കാരും കാർഡ് എടുക്കണം. ഭക്ഷ്യവിഷബാധയുടെ സാഹചര്യം കണക്കിലെടുത്താണ് കാർഡ് നിർബന്ധമാക്കിയത്. അതിഥി തൊഴിലാളികൾ ഉൾപ്പെടെ ജോലിക്കാർ കാർഡ് എടുക്കണം. ഹോട്ടൽ ജീവനക്കാരുടെ താമസസ്ഥലങ്ങൾ തൊഴിൽ വകുപ്പ് പരിശോധിച്ച് ശുചിത്വം ഉറപ്പാക്കും.
വൃത്തിഹീനമായതിനെതുടർന്ന് അടപ്പിക്കുകയും നോട്ടീസ് നൽകുകയും ചെയ്‌ത റസ്‌റ്റോറന്റുകളും ബേക്കറികളുമൊക്കെ ഒരു മാസത്തിനകം ഹൈജീൻ റേറ്റിങ് എടുക്കണം. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും ഇത് നിർബന്ധമാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടോ എന്നും നോക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും പരിശോധന നടത്തും. കേരളത്തെ ‘സേഫ്ഫുഡ് ഡെസ്റ്റിനേഷനാ 'ക്കുകയാണ് സർക്കാർ ലക്ഷ്യം.
വ്യാജ സർട്ടിഫിക്കറ്റ് നൽകിയാൽ ഡോക്ടറും കുടുങ്ങും
ഡോക്‌ടർ നൽകുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റാണ് ഹോട്ടൽ ജീവനക്കാർക്ക് വേണ്ടത്. കൃത്യമായ പരിശോധയ്‌ക്ക് ശേഷമേ ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകാവു.
വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയാൽ ഡോക്ടറുടെ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ഹെൽത്ത് കാർഡ് എടുക്കാം
രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് വേണ്ടത്. എഫ്എസ്എസ്എഐയുടെ വെബ് സൈറ്റിൽ നിന്നും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഫോം (http://fda.uk.gov.in/document/performa-for-medical-fitness-certificate-for-food-handlers-19221.pdf) ഡൗൺലോഡ് ചെയ്യാം.
ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെ നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും വേണം.
പദ്ധതിയുമായി സഹകരിക്കും;
സമയം നീട്ടണം
ഹെല്‍ത്ത് കാർഡ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയുമായി ഹോട്ടലുകൾ സഹകരിക്കും. ഇതിനായി സംസ്ഥാന വ്യാപകമായി സംഘടന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ അംഗീകൃത ലാബുകളുമായി ചേര്‍ന്നാണ് ക്യാമ്പുകള്‍. ജില്ലയില്‍ ചൊവ്വാഴ്ച ക്യാമ്പുണ്ട്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ ഹോട്ടലുകള്‍ക്ക് കൂടുതൽ സമയം നല്‍കണം.
എന്‍എംആര്‍ റസാഖ്
(സംസ്ഥാന ട്രഷറര്‍, കേരള ഹോട്ടല്‍
ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍)
എല്ലാവർക്കും ഗുണകരം
ഹെൽത്ത് കാർഡ് നല്ലതാണ്. ഇത് നേരത്തേയുള്ളതാണെങ്കിലും നിർബന്ധമാക്കിയതിൽ സന്തോഷം. ഉപഭോക്താവിനും ഹോട്ടലിനും ഗുണമാണ്. ഞങ്ങളുടെ സ്ഥാപനത്തിൽ അതിഥിത്തൊഴിലാളി ഉൾപ്പെടെയുളള എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡുണ്ട്. ഇത് എല്ലാവരും പാലിച്ച് മേഖലയെ സംരക്ഷിക്കണം.
പി എസ് ഷൗക്കത്തലി
ഇഫ്താർ റസ്റ്റോറന്റ് ഉടമ, പത്തിരിപ്പാല
ലാബുകളുടെ അമിത ചാർജ് തടയണം
ഹെൽത്ത് കാർഡ് നിർബന്ധമാക്കാനുള്ള നടപടി പിന്തുണയ്ക്കുന്നു. കാർഡ് എടുക്കാനുള്ള സമയം മാർച്ച് 31 വരെ നീട്ടി നൽകണം. ഹെൽത്ത് കാർഡ് എടുക്കാൻ സ്വകാര്യ ലാബുകൾ അമിത ചാർജ് ഈടാക്കുന്നുണ്ട്. ഇത് തടയാൻ നടപടി വേണം. ഫെബ്രുവരി ഒന്നുമുതൽ പരിശോധന നടക്കുമെങ്കിൽ പിഴ ഒഴിവാക്കണം. സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്യരുത്.
രാജു അപ്സര
(കേരള വ്യാപാരി വ്യവസായി
ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..