20 April Saturday

വഞ്ചിവീടിനു തീപിടിച്ചു; വിദേശ 
വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻUpdated: Tuesday Jan 31, 2023

വഞ്ചിവീട്ടിൽ നിന്ന്‌ രക്ഷപ്പെടുത്തിയ വിദേശികൾ

ചവറ
പന്മന കന്നിട്ടക്കടവിൽ വിദേശ വിനോദസഞ്ചാരികളുമായി വന്ന  വഞ്ചിവീടിനു (ഹൗസ് ബോട്ട്) തീപിടിച്ചു. കൊല്ലം – ആലപ്പുഴ ദേശീയ ജലപാതയിൽ കന്നിട്ടക്കടവിൽ തിങ്കൾ വൈകിട്ട്‌ അഞ്ചിനാണ്‌ സംഭവം.  ബ്ലൂഫെതേഴ്‌സ്‌ എന്ന ഹൗസ്‌ ബോട്ടിനാണ്‌ തീപിടിച്ചത്‌.  ജർമൻ സ്വദേശികളായ മൂന്നുപേരെയും മൂന്നു ജീവനക്കാരെയും രക്ഷപ്പെടുത്തി. കടവിലുണ്ടായിരുന്ന കടത്തുവള്ളക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.   റിച്ചാർഡ്, ആൻഡ്രിയാസ്, വാലന്റെയിൻ എന്നിവരാണ് വഞ്ചിവീട്ടിൽ ഉണ്ടായിരുന്ന ജർമൻ സ്വദേശികൾ. ആലപ്പുഴ പള്ളാത്തുരുത്ത്‌ സ്വദേശികളായ ജോജിമോൻ തോമസ്, ജോമോൻ ജോസഫ്, താജുദീൻ എന്നിവരാണ് രക്ഷപ്പെട്ട ജീവനക്കാർ.   ആഫ്രിക്കൻ പോള (പായൽ ) മൂടിയ പാതയിൽ മുന്നോട്ടുപോകാനാകാതെ എൻജിൻ ചൂടായി ബോട്ടുകത്തിയതാകാമെന്നാണ്‌ പ്രാഥമിക നിഗമനം. സിലണ്ടർ വൻ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. 40 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. 
ആലപ്പുഴയിൽനിന്ന് വർക്കലയ്ക്കുള്ള യാത്രയിൽ കൊല്ലത്തിറങ്ങാനായിരുന്നു ജർമൻ സ്വദേശികൾ. വള്ളത്തിൽ ഇവരെ കരയ്ക്കെത്തിച്ചതിനു പിന്നാലെ വഞ്ചിവീട് ആളിക്കത്തുകയായിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, ചവറ, കെഎംഎംഎൽ എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേന എത്തി നാട്ടുകാരുടെ സഹായത്തോടെ ഏറെ പരിശ്രമിച്ചാണു തീയണച്ചത്. വഞ്ചിവീട് പൂർണമായും കത്തി. കടത്തുകടവായതിനാൽ വള്ളം ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. കൊല്ലത്തിറങ്ങിയശേഷം കാർ മാർഗം വർക്കലയ്ക്കു പോകുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യം. ജോജിമോൻ തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച വഞ്ചിവീട്.
 
 
വില്ലനായത് 
ആഫ്രിക്കൻ പോള?
സ്വന്തം ലേഖകൻ
കൊല്ലം
ദേശീയ ജലപാതയിൽ പന്മന കന്നിട്ടക്കടവിൽ വിനോദസഞ്ചാരികളുമായി എത്തിയ ഹൗസ് ബോട്ട് കത്തിയതിൽ വില്ലനായത് ആഫ്രിക്കൻ പോള (പായൽ)യെന്ന് നി​ഗമനം. ഇവിടെ കെട്ടിക്കിടന്ന പോളയിൽ കുടങ്ങിയ ബോട്ട് മുന്നോട്ടുപോകാന്‍ ആക്സിലേറ്റർ കൂട്ടിയപ്പോൾ എൻജിൻ ചൂടായതാണ് തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. ബോട്ടിലെ ഇന്ധനത്തിൽകൂടി തീപടർന്നതോടെ കത്തിപ്പടർന്നതാകാം.
ആക്സിലേറ്റർ കൂട്ടുന്നതോടെ എൻജിൻ ചൂടാകും. അപകടത്തിൽപ്പെട്ട ബോട്ടിന്റെ എൻജിൻ ഇങ്ങനെ അരമണിക്കൂറിലേറെ ചൂടായെന്നാണ് കരുതുന്നത്. 
ദേശീയ ജലപാതയിൽ  കാട്ടിൽമേക്കതിൽ ക്ഷേത്രം മുതൽ ഐആർഇയുടെ ഭാ​ഗംവരെയാണ് കൂടുതലായി ആഫ്രിക്കൻ പോള കെട്ടിക്കിടക്കുന്നത്. കഴിഞ്ഞദിവസം അമൃതപുരിയിൽ സ‍ഞ്ചാരികളെ എടുക്കാൻ വന്ന ബോട്ട് ഈ പോളയിൽ കുടുങ്ങി. ആളുകളെ കൊണ്ടുവന്ന് വാരിമാറ്റിച്ചശേഷമാണ് ബോട്ടിനു പോകാനായത്. പോള കെട്ടിക്കിടക്കുന്നതിനാൽ കൊല്ലത്തുനിന്ന് ആലപ്പുഴ റൂട്ടിലേക്ക് വിനോദസഞ്ചാരികളുമായി പോകാറില്ലെന്ന് ഹൗസ്ബോട്ടുടമകൾ പറയുന്നു. അപകടത്തിൽപ്പെട്ട ബോട്ട് വിനോദസഞ്ചാരികളുമായി ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്ക് വന്നതാണ്. 
നേരത്തെ കൊല്ലം –-ആലപ്പുഴ റൂട്ടിൽ ജല​ഗതാ​ഗത വകുപ്പിന്റെ പ്രതിദിന ​ബോട്ട് സർവീസ് ഉണ്ടായിരുന്നപ്പോൾ പോളകൾ കായലിലേക്ക് ഒഴുകിപ്പോകുമായിരുന്നു. കായലിലെ ഉപ്പുവെള്ളത്തില്‍ എത്തുന്നതോടെ ഇവ നശിച്ചുപോകും. കോവിഡിനു ശേഷം പ്രതിദിന സർവീസുകളില്ല. ആലപ്പുഴയിൽനിന്നുള്ള ഹൗസ് ബോട്ടുകൾ മാത്രമാണ് ഈ റൂട്ടിലുള്ളത്. 
എല്ലാത്തരം ജലയാനങ്ങൾക്കും ആഫ്രിക്കൻപോള ഭീഷണിയാണ്. കായലിലേക്കു പോള സു​ഗമമായി  ഒഴുകിപോകാനുള്ള അവസരമുണ്ടാക്കണമെന്ന് ഡിടിപിസി അധികൃതരോട് രണ്ടാഴ്ച മുമ്പ് ആവശ്യപ്പെട്ടിരുന്നതായും ഉടമകൾ പറഞ്ഞു.
 
 
6 ജീവൻ കരയ്‌ക്കെത്തിച്ച്‌ മുരളീധരൻ
അനൂപ് ഷാഹുല്‍
ചവറ 
‘കടവിൽ വിശ്രമിക്കുകയായിരുന്നു ഞാൻ. ഏകദേശം അഞ്ച് മണിയോട് അടുക്കുന്നു. ഹൗസ്ബോട്ട് വരുന്നത് കണ്ട് അമ്പരന്നു. പുകകൊണ്ട് ഒന്നും കാണാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. വള്ളം ഊന്നി അടുത്തേക്ക് ചെന്നപ്പോൾ തൊഴുകൈകളുമായി ജീവന് കേഴുന്ന വിദേശികളടക്കമുള്ള ആറുപേരെയാണ് കണ്ടത്‌. തീ ആളിയതും ആറുപേരെയും വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്തി’–- വർഷങ്ങളായി കന്നിട്ടക്കടവിൽ കടത്തുകാരനായ അറുപത്തൊമ്പതുകാരൻ ഓലംതുരുത്ത് വിനോദ് ഭവനിൽ കെ മുരളീധരന്റെ വാക്കുകൾ. 
കാറ്റില്ലാതിരുന്നത് രക്ഷാപ്രവർത്തനത്തിനു സഹായകമായെന്ന്‌ മുരളീധരൻ പറഞ്ഞു. അയൽവാസിയായ തുളസിയും സഹായിയായി വന്നതിനാൽ പായൽ കയറിയ ജലപാതയിൽനിന്ന് വേഗത്തിൽ വള്ളമൂന്നി രക്ഷപ്പെടാനായി. ഇതിനിടയിൽ വഞ്ചിവീട്ടിൽനിന്ന് സിലണ്ടർ പൊട്ടി വലിയ ശബ്ദമുണ്ടായി. തീ ആളിക്കത്താൻ തുടങ്ങിയതോടെ സർവശക്തിയും ഉപയോഗിച്ചു ഭയപ്പെടാതെ വേഗത്തിൽ ബോട്ടിനടുത്തേക്ക് വള്ളമടുപ്പിച്ചു. രക്ഷപ്പെടുത്തിയവരെ നാട്ടുകാരുടെ സഹായത്തോടെ കരയ്ക്ക് എത്തിച്ചു. നാല് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിലാണ് തീയണച്ചത്. മുരളീധരൻ സിപിഐ എം ഓലംതുരുത്ത് ബ്രാഞ്ച് സെക്രട്ടറിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top