29 March Friday

നാടിന്‌ കാവലാണിവർ: ശേഖരിച്ചത്‌ 252.56 ടൺ മാലിന്യം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

പുതുപ്പളളിയിൽ മാലിന്യം നീക്കുന്ന ഹരിത കർമസേനാംഗങ്ങൾ (ഫയൽ ചിത്രം)

 കോട്ടയം

ജില്ലയിൽ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്, കുപ്പിച്ചില്ല് അടക്കം ഒമ്പതു മാസത്തിനിടെ നീക്കം ചെയ്തത് 252.56 ടൺ മാലിന്യം. ഹരിതചട്ടം ജില്ലയിൽ കർശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  കലക്ടർ ഡോ. പി കെ ജയശ്രീയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ കൂടിയ യോഗത്തിലാണ് വിലയിരുത്തൽ. 

പുനരുപയോഗിക്കാവുന്ന 52,241 കിലോ പ്ലാസ്റ്റിക്, 1,76,975 കിലോ മറ്റു മാലിന്യം, 23,345 കിലോ ഗ്ലാസ് എന്നിവ ജനുവരി മുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ നീക്കം ചെയ്തതായി ഹരിതകേരളം ജില്ലാ കോ- ഓർഡിനേറ്റർ പി  രമേശ് പറഞ്ഞു.ഹരിതകർമസേന വഴിയാണ് മാലിന്യം ശേഖരിക്കുന്നത്. പഞ്ചായത്തുകളിലും നഗരസഭകളിലുമായി 1935 ഹരിത കർമസേനാംഗങ്ങൾ പ്രവർത്തിക്കുന്നു. അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമ സേനക്ക് യൂസർ ചാർജ് വാങ്ങാൻ അനുമതിയുണ്ട്. മാടപ്പള്ളി, വാകത്താനം, പുതുപ്പള്ളി, കുറിച്ചി എന്നി  പഞ്ചായത്തുകളിൽ രണ്ടു ലക്ഷം രൂപയ്ക്കു മുകളിലാണ് ഇവരുടെ വരുമാനം.

പനച്ചിക്കാട്, അയ്മനം, തൃക്കൊടിത്താനം, വാഴപ്പള്ളി, നെടുംകുന്നം, എരുമേലി, അകലക്കുന്നം, കടുത്തുരുത്തി, പാമ്പാടി, ഭരണങ്ങാനം, കറുകച്ചാൽ, വാഴൂർ, പായിപ്പാട് പഞ്ചായത്തുകളിൽ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വരുമാനമുണ്ട്. സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളിലായി ഹരിതകർമസേന 88.81 ലക്ഷം രൂപ വരുമാനം നേടി. പഞ്ചായത്തുകളിൽനിന്ന് 77.93 ലക്ഷവും നഗരസഭകളിൽനിന്ന് 10.87 ലക്ഷവുമാണ് വരുമാനം. 

നീക്കം ചെയ്യുന്ന വസ്തുക്കൾ ബന്ധപ്പെട്ട ഏജൻസികൾക്ക് സംസ്‌കരണത്തിനായി കൈമാറുന്നതു വരെ സൂക്ഷിക്കാൻ ജില്ലയിൽ 75 മാലിന്യശേഖര കേന്ദ്രങ്ങളും 1320 ചെറുകിട മാലിന്യശേഖര കേന്ദ്രങ്ങളും 16 റിസോഴ്‌സ് റിക്കവറി സംവിധാനവുമുണ്ട്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top